EIA 2020: ഭേദഗതി പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു

0
2474

EIA 2020: ഭേദഗതി പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കേന്ദ്ര സർക്കാരിന്റെ പുതിയ പാരിസ്ഥിക നയത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധം

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂഡൽഹി: പുതിയ പരിസ്ഥിതി വിജ്ഞാപന നിയമത്തെ ചൊല്ലി രാജ്യത്തെമ്പാടും പ്രതിഷേധം ഉയരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായി കൊണ്ടിരിക്കുന്ന കാര്യമാണിത്. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട ക്യാംപെയിന് ലഭിക്കുന്നത്.

എന്താണ് പരിസ്ഥിതി വിജ്ഞാപനം 2020 (EIA 2020.) എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കാന്‍ ഒരുങ്ങുന്നു എന്ന് ചുരുക്കി പറയാം. ഇനി അനുമതികളൊന്നും ആവശ്യമില്ലാതെ തന്നെ പ്രകൃതിയെ ചൂഷണം ചെയ്യുവാൻ ഈ നിയമം പാസാകുന്നതിലൂടെ സാധിക്കും. അഞ്ചേക്കറില്‍ താഴെയുള്ള ക്വാറികളില്‍ പാറകള്‍ പൊട്ടിക്കാനും സാധിക്കും. കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, രണ്ട് പ്രളയത്തെ അതിജീവിച്ച ഒരു സ്ഥലത്ത് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയാൽ ഉണ്ടാകാൻ പോകുന്ന പാരിസ്ഥിതികമായ പ്രശ്നങ്ങൾ അതിഭയാനകമായിരിക്കും. ഇഐഎ ഭേദഗതിയിൽ നിർദേശം സമർപ്പിക്കാനുള്ള അവസാന ദിവസം നാളെയാണ്.

കേരളത്തിൽ ഈ ഭേദഗതിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻതോതിലുള്ള പ്രതിഷേധ ക്യാമ്പയിനുകൾ ശക്തമാകുകയാണ്. ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം അവസാനിക്കാനിരിക്കെ വലിയ നീക്കങ്ങൾക്കാണ് കേരളം സാക്ഷിയാകുന്നത്. പൊതുജനവും രാഷ്ട്രീയ നേതൃത്വവും ഇതിനെതിരെ ഒരുമിച്ച് രംഗത്ത് വരേണ്ട സമയം അതിക്രമിച്ചു എന്ന് വ്യക്തമാക്കുന്നതാണ് സൈബർ ഇടങ്ങളിലെ യുവജനങ്ങളുടെ പ്രതിഷേധം സൂചിപ്പിക്കുന്നത്.
ലോകരാജ്യങ്ങൾ പരിസ്ഥിതിയെ പരിഗണിച്ച് മുന്നോട്ടുപോകാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇവിടെ ഉള്ളതു കൂടി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നത്. ഇപ്പോഴത്തെ വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായതിനാലും മലയാളം പോലുള്ള പ്രാദേശികഭാഷകളിൽ ലഭ്യമല്ലാത്തതും ഇതിനെക്കുറിച്ചു സാധാരണ ജനങ്ങൾ കൂടുതൽ ബോധവാൻമാരല്ല.

1984 ലെ ഭോപ്പാൽ ദുരന്തത്തിന് പിന്നാലെ, 1986 ൽ നിലവിൽ വന്ന, പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച്, ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി,ഖനി,ക്വാറി തുടങ്ങി പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതികൾ ആരംഭിക്കണമെങ്കിൽ, ഒരു വിദഗ്ധ സമിതിയുടെ പഠനവും അംഗീകാരവും വേണം. എന്നാൽ, ഇഐഎ 2020 അനുസരിച്ച്, പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള ഈ വിലയിരുത്തൽ പഠനം ആവശ്യമില്ല.
കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിർമാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയെല്ലാം വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കി. പുതിയ വിജ്ഞാപനം അനുസരിച്ച് അഞ്ചേക്കർ വരെയുള്ള ഖനനത്തിന് പാരിസ്ഥിതികാനുമതി വേണ്ട. പഠനമോ തെളിവെടുപ്പോ ഇല്ലാതെ, 1,50,000 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണം വരെയുള്ള കെട്ടിടങ്ങൾക്കു പാരിസ്ഥിതികാനുമതി ലഭിക്കും.

സാധാരണ ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. ഇവ കൊണ്ട് ഉണ്ടാകുന്ന ആഘാതങ്ങള്‍, ജനവാസ പ്രദേശത്തെ സാഹചര്യങ്ങള്‍ എന്നിവ പഠിച്ച ശേഷമേ ക്ലിയറന്‍സ് പദ്ധതിക്ക് നല്‍കുമായിരുന്നുള്ളൂ. ഇപ്പോഴത്തെ ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച ശേഷം മാത്രം ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതി. ഇതുകാരണം പരാതിപ്പെടാനുള്ള സാധ്യതകളാണ് ഇല്ലാതാവുന്നത്. നിലവില്‍ 20000 സ്‌ക്വയര്‍ഫീറ്റോ അതില്‍ കൂടുതലോ ഉള്ള കെട്ടിടങ്ങള്‍ക്കെല്ലാം പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. പുതിയ നിയമപ്രകാരം 1,50000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി മതി. ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്.

ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. പ്രകൃതി ദുരന്തങ്ങൾക്കും വ്യാവസായിക അപകടങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നിലവിലെ പരിസ്ഥിതി നിയമങ്ങളിൽ കൂടുതൽ അയവ് വരുത്തുന്നതാണ് പുതിയ വിജ്ഞാപനം. ഇതിനെതിരെയാണ് യുവാക്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ക്യാമ്പെയിൻ നടക്കുന്നത്. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ അറിയിക്കാൻ സാധിക്കും.

ഇതിനായി താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ക്ലിക്ക് ചെയ്യുക

https://environmentnetworkindia.github.io/

LEAVE A REPLY

Please enter your comment!
Please enter your name here