ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ: വിടവാങ്ങിയത് സൗമ്യതയുടെ ആൾ രൂപം

0
2509

ഈപ്പൻ തോമസ് അനുസ്മരണം: ഷിബു മുള്ളംകാട്ടിൽ

വിടവാങ്ങിയത് സൗമ്യതയുടെ ആൾ രൂപം

ഭാ നേതൃത്വനിരയിൽ സൗമ്യതയുടെ പ്രതീകമായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ജോയിച്ചായൻ (ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ).  അദ്ദേഹം ആരോടെങ്കിലും കയർത്തു സംസാരിക്കുകയോ കുപിതനാകുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.  ബ്രിട്ടീഷ്  ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന അഹംഭാവമോ,  ഐ പി സി ജനറൽ ട്രെഷറർ എന്നാ തലക്കനമോ ഇല്ലാതെ ദീർഘ വർഷങ്ങൾ കർമ നിരതനായിരുന്ന ഈപ്പച്ചായൻ മാതൃകാജീവിതത്തിനു ഉടമയായിരുന്നു.  തന്നെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായും കൃത്യമായും നിറവേറ്റി.

ഈപ്പച്ചായന്റെ പിതാവ് പാസ്റ്റർ കെ ഇ തോമസ് (കപ്പമാംമൂട്ടിൽ കുഞ്ഞോമച്ചായൻ) എന്റെ വല്യമ്മച്ചിയുടെ  കസിൻ കൂടിയാണ്.  ഐ പി സി യിലെ ആദ്യകാല ശുശ്രൂഷകൻ ആയിരുന്നു.  കഷ്ടതയും ഞെരുക്കവും അനുഭവിച്ചു കർത്തൃവേല ചെയ്ത ഈ പിതാവ് സുവിശേഷത്തിനായി കടുത്ത മർദ്ദനങ്ങളും ഏറ്റിട്ടുണ്ട്.  ഒരിക്കൽ തൃശ്ശിനാപ്പള്ളിയിൽവെച്ച് സുവിശേഷവിരോധികൾ അദ്ദേഹത്തെ കല്ലെറിഞ്ഞു.  തല പൊട്ടി ചോര പ്രവഹിക്കുമ്പോൾ പാസ്റ്റർ കെ ഇ തോമസ്  ഇപ്രകാരം പ്രതികരിച്ചു,  “സ്വർഗത്തിൽ എനിക്ക് ലഭിക്കാവുന്ന കിരീടത്തിൽ ഒരു  രത്നം കൂടി പതിച്ചിരിക്കുന്നു”.  ആ പിതാവിന്റെ മക്കളും ഏറെ സുവിശേഷാത്മാവ് ഉള്ളവരായിരുന്നു.  ഭൗതികമായി ഉന്നതി പ്രാപിച്ചപ്പോഴും അവർ വന്ന വഴി മറന്നില്ലായെന്നതും ആ നന്മകൾ സുവിശേഷ വ്യാപനത്തിനായി വിനിയോഗിച്ചതും പ്രത്യേകം പ്രസ്താവ്യമാണ്.

നീണ്ട പതിറ്റാണ്ടുകൾ ദോഹയിൽ ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന ഈപ്പച്ചായൻ  1993ൽ ആണ് വിശ്രമജീവിതത്തിനായി നാട്ടിലെത്തിയത്. പക്ഷെ വിശ്രമമില്ലാത്ത ദിവസങ്ങൾ ആയിരുന്നു ശിഷ്ടകാലം.  ദോഹയിൽ ആയിരുന്നപ്പോഴും സഭാ പ്രവർത്തങ്ങളിൽ സജീവമായിരുന്നു.  ദോഹ ഐ പി സി യുടെ രൂപീകരണത്തിലും നിർണായക പങ്കു വഹിച്ചു.  ഞങ്ങളുടെ മാതൃസഭയായ റാന്നി  നെല്ലിക്കമൺ ഐ പി സി ക്കു വിസ്മരിക്കുവാൻ കഴിയാത്ത വ്യക്തിത്വമാണ് ഈപ്പച്ചായൻ.  സഭയുടെ ട്രെഷറർ , സെക്രട്ടറി,  വൈസ് പ്രസിഡന്റ്‌ എന്നീ ചുമതലകൾ നിർവഹിച്ചു. കഴിഞ്ഞ മാസം നടന്ന സഭയുടെ  പൊതുയോഗത്തിലും ട്രെഷററായി ഈപ്പച്ചായനല്ലാതെ മറ്റൊരു പേരുണ്ടായിരുന്നില്ല.  ഐ പി സി റാന്നി വെസ്റ്റ് സെന്റർ ട്രെഷറർ, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.  ഐ പി സി  കേരള സ്റ്റേറ്റ് ട്രെഷറർ,  ഐ പി സി ജനറൽ ട്രെഷറർ എന്നീ ചുമതലകൾ തുടർച്ചയായി പന്ത്രണ്ടു  വർഷങ്ങൾ കാര്യക്ഷമമായി നിറവേറ്റി.  ഐ പി സി യുടെ സാമ്പത്തിക ഇടപാടുകൾ ക്രമീകൃതമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.  സഭാ ആസ്ഥാനമായ ഹെബ്രോൻപുരത്തെ ഓഫീസിൽ പരമാവധി സമയം ചെലവഴിച്ചു. ഈപ്പച്ചായന്റെ മരണ വാർത്ത ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തപ്പോൾ പലരും ഇങ്ങനെ പ്രതികരിച്ചു “ഐ പി സി യിലെ എക്കാലത്തെയും മികച്ച ട്രെഷറർ!” അതുതന്നെയാണ് ഈപ്പച്ചായന്‌ ലഭിച്ച അംഗീകാരം.

സഭാ തെരഞ്ഞെടുപ്പുകളിൽ എതിരാളികൾക്ക് നേരെ കുപ്രചരണം നടക്കുന്ന കാലമാണിത്. എന്നാൽ മറ്റുള്ളവർക്കെതിരെ ഒന്നും ശബ്‌ദിക്കാതെ മാന്യമായും കളങ്കമില്ലാതെയുമാണ് ഈപ്പച്ചായൻ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. മാതൃസഭയിലെ ചെറുപ്പക്കാരായിരുന്ന ഞങ്ങളോട് ഒരിക്കൽപോലും തന്റെ ഇലെക്ഷന് പ്രചാരണത്തിനായി വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നതും അഭിമാനത്തോടെ സ്മരിക്കുന്നു.

സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഈപ്പച്ചായൻ.  ഞങ്ങൾ പി വൈ പി എ നടത്തിയ സുവിശേഷയാത്രകളിലും ആദിവാസി കുടിലുകളിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈപ്പച്ചായൻ ഒപ്പമുണ്ടായിരുന്നു.  യുവജനങ്ങളെ വളർത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വിശാലമനസ്സുണ്ടായിരുന്നു. ഗൗരവഭാവമുള്ള അച്ചായൻ സ്റ്റൈൽ ഇല്ലാതെ ഞങ്ങളുടെ കൊച്ചു കൊച്ചു ഫലിതങ്ങൾ നിറചിരിയോടെ ആസ്വദിക്കുന്ന ഈപ്പച്ചായന്റെ മുഖം ഞാൻ കാണുന്നു.

ഗുഡ്‌ന്യൂസ് വാരികയുടെ പത്തനംതിട്ട ജില്ലാ കോഡിനേറ്ററായി ഈപ്പച്ചായൻ പ്രവർത്തിച്ചു. ഗുഡ്‌ന്യൂസിന്റെ  എല്ലാ പ്രവർത്തനങ്ങളിലും സജീവസാനിധ്യമായിരുന്നു. വെണ്ണിക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിലീവേഴ്‌സ് ആക്റ്റീവ്  മിഷന്റെ (ബാം) പ്രസിഡന്റായി പ്രവർത്തിച്ച ഈപ്പച്ചായൻ ടീമിനൊപ്പം ദീർഘമായി യാത്രചെയ്തു സുവിശേഷം അറിയിച്ചു. മാത്രമല്ല,  ദൈവം തനിക്കു നൽകിയ ഭൗതിക നന്മകൾ പാവങ്ങളുടെ കണ്ണീരൊപ്പുവാനും വിനിയോഗിച്ചു. ഹൂസ്റ്റൺ ഹെബ്രോൻ ഐ പി സി യുടെ ചാരിറ്റി കൺവീനർ ആയിരുന്നു.

കോട്ടയത്ത്‌ എന്റെ പഠനകാലയളവിൽ  ഈപ്പച്ചായന്റെ ഇളയമകൻ ജെറിയോടൊപ്പമായിരുന്നു താമസം. പ്രിയ സ്നേഹിതൻ ഷാജി വിളയിലും കൂടെയുണ്ടായിരുന്നു.  പിതാവിന്റെ ഗുണവിശേഷങ്ങൾ മകനിലും ഞങ്ങൾ നേരിട്ടു മനസിലാക്കി.

കഴിഞ്ഞ ഒക്ടോബറിലാണ് ഈപ്പച്ചായനെ ഞാൻ അവസാനമായി കാണുന്നത്.  ഗതകാല സ്മരണകൾ പങ്കുവെച്ചു ചുംബനം നൽകി പിരിയുമ്പോൾ അവസാനത്തെ കൂടിക്കാഴ്ചയെന്നു കരുതിയില്ല. ഒരിക്കൽ പോലും താനൊരു രോഗിയാണെന്ന് പരിഭവിക്കുവാൻ ഈപ്പച്ചായൻ ഇഷ്ടപെട്ടിരുന്നില്ല. തന്റെ മാനസികമായ കരുത്തും ദൈവാശ്രയവുമാണ് അതിനു പിന്നിൽ.  പ്രിയ മോളിമാമ്മയെയും ജിംച്ചായനെയും ജെറിയെയും സ്വർഗീയ സമാധാനത്താൽ ദൈവം നിറക്കട്ടെ.  അകാലത്തിൽ പൊലിഞ്ഞ ഏകമകൾ ബീനയുടെ അടുക്കലേക്കാണ് ഈപ്പച്ചായൻ പോയിരിക്കുന്നത്.  താമസം വിനാ നാമും ആ യാത്രയുടെ ഭാഗമാകും എന്ന പ്രത്യാശയിൽ പ്രിയപ്പെട്ട ഈപ്പച്ചായന്‌ വിട ചൊല്ലുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here