ഫാദേഴ്സ് ഡേയിലെ ആൺചിന്തകൾ

0
872

ഫാദേഴ്സ് ഡേയിലെ ആൺചിന്തകൾ

ഡോ. മാത്യു ജോയ്സ്, ലാസ് വേഗാസ്

മാതൃദിനത്തോളം പ്രാധാന്യവും ആഘോഷവും പിതൃദിനത്തിന് ഇതുവരെ നേടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. ഒരു കുടുംബം എന്ന് പറയുമ്പോൾ രക്തബന്ധത്തിൽ അഥവാ പൊക്കിൾക്കൊടി ബന്ധത്തിൽ തുടങ്ങി വയ്ക്കുന്നത് മാത്രമല്ലല്ലോ. വീട്ടിലെ എല്ലാവരെയും സന്തോഷത്തിലും സ്നേഹത്തിലും ബന്ധിച്ച് പരിപാലിക്കുന്ന കാര്യത്തിൽ പിതാവിൻ്റെ സ്ഥാനം ഉന്നതം ആയിരിക്കണമെന്ന് നമ്മുടെ സംസ്കാരവും ക്രിസ്തീയ സാരോപദേശങ്ങളും പഠിപ്പിക്കുന്നു. ഓരോ ആൺകുട്ടിയും തൻ്റെ പിതാവ് ശരിയായിരുന്നു എന്ന് മനസ്സിലാക്കുന്നത്, താൻ തെറ്റാണെന്ന് ചിന്തിക്കുന്ന ഒരു മകൻ അവന് ഉണ്ടാവുമ്പോൾ ആയിരിക്കുമെന്ന ഒരു ഇംഗ്ലീഷ് ചൊല്ലു തന്നെയുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ജോർജ് ഡബ്ല്യു ബുഷ് ഒരിക്കൽ പറഞ്ഞു “ഞാൻ യുദ്ധത്തിൽ പങ്കു ചേർന്നിട്ടുണ്ട്.. ഇരട്ടക്കുട്ടികളെയും വളർത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ ഏതു തിരഞ്ഞെടുക്കും എന്ന് ചോദിച്ചാൽ കണിശമായും യുദ്ധത്തിനു പോകാം എന്നേ ഞാൻ പറയുകയുള്ളൂ”, ഇതാണോ ഒരു പിതാവിൻ്റെ രോദനം!

മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിക്കുമ്പോൾ ബൈബിൾ അക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത് വസ്തുനിഷ്ഠമായിട്ടാണ്. ഉല്പത്തി 1: 27 നാം വായിക്കുന്നു “ദൈവത്തിൻ്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു”. മുപ്പത്തിയൊന്നാം വാക്യം നാം ഇപ്രകാരം വായിക്കുന്നു “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി അതു എത്രയും നല്ലതു എന്നു കണ്ടു”. എന്നാൽ ഇന്നത്തെ തീവ്ര പുരോഗമന ചിന്താഗതിക്കാർ ഇതൊക്കെ നഖശിഖാന്തം എതിർക്കുന്നതിനും ലോക സൃഷ്ടാവിനെ തള്ളിപ്പറയുന്നതിനും ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ.. പുരോഗമനപരമായി ചിന്തിക്കുന്നു എന്ന് നാം വിചാരിക്കുന്ന പല രാജ്യങ്ങളും ഈ ആത്മീയ സത്യങ്ങളിൽ നിന്നും ഓടി അകന്നു കൊണ്ടിരിക്കുകയാണ്. ആൺപെൺ ലിംഗ വ്യത്യാസത്തെ അട്ടിമറിച്ച്, സമത്വ സിദ്ധാന്തങ്ങളെ ഊട്ടി വളർത്തുന്ന നൂറുകണക്കിന് സംഘടനകൾ (LGBT) യുവതലമുറയെ വഴിതെറ്റിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല.

അമിതമായ ലൈംഗിക ആസ്വാദനത്തിനു പുറമേ അകാരണമായ പുരുഷവിദ്വേഷം പ്രദർശിപ്പിക്കുന്നതിനും ഈ സംഘടനകൾ ഒരു പരിധിവരെ കാരണം ആയിട്ടുണ്ട്. ഇങ്ങനെ പുരുഷ പ്രാധാന്യം എന്ന സങ്കൽപ്പത്തിന് പൊതുവേ സാരമായ കോട്ടം സംഭവിച്ചിട്ടുണ്ടെങ്കിലും പിതാവെന്ന പുരുഷമേധാവിത്വത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുവാൻ ആഗ്രഹിക്കുന്നു, പിറന്നു വീഴുമ്പോൾ തന്നെ ആൺകുട്ടി എന്നും പെൺകുട്ടി എന്നും വേർതിരിവ് കാണിക്കുകയും അതോടൊപ്പം ആൺകുട്ടിയെങ്കിൽ അമിത ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമൂഹത്തിൽ തന്നെയാണ് നാമിന്നും ജീവിക്കുന്നത്. ചരിത്രം ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആണും പെണ്ണും ചേർന്നാലേ കുടുംബം സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന ദൈവിക പദ്ധതി നിലനിൽക്കുമ്പോൾ ആൺതനിമയും പെൺതനിമയും ഇല്ലാതെയാകുന്നത് വികല ചിന്താഗതിയുള്ള ബുദ്ധിജീവികളെ കോൾമയിർ കൊള്ളിക്കും എന്നല്ലാതെ മാനവ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കില്ല. പുരോഗമനപരമായ ചിന്തകൾക്ക് കുടുംബഭദ്രതയിൽ വിള്ളലുകൾ വീഴ്ത്താമെന്നല്ലാതെ ലിംഗവ്യത്യാസം ഇല്ലാത്ത ഒരു നവലോകം സൃഷ്ടിക്കാനാവില്ല.

പാശ്ചാത്യ രാജ്യങ്ങളിലെ സ്കൂൾ മാതൃകകൾ പിന്തുടർന്നുകൊണ്ട് ഇവിടെയും കിൻഡർഗാർട്ടൻ മുതലേ ആൺ-പെൺ വേർതിരിവില്ലാത്ത ഒരു നിഷ്പക്ഷതയുടെ സംസ്കാരം കുട്ടികളിൽ വളർത്തിയെടുത്തു കൊണ്ടിരിക്കുകയാണ്. അത് ഒരു പരിധിവരെ നല്ലതുമാണ്. എങ്കിലും പറയട്ടേ, പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെ ക്രൈസ്തവ വിദ്യാലയത്തിൽ പഠിച്ചുയർന്ന ഈ ലേഖകന് അന്നുണ്ടായിരുന്ന വ്യവസ്ഥകളെ പറ്റി മതിപ്പേ തോന്നിയിട്ടുള്ളൂ. രാവിലെയുള്ള പാട്ടും പ്രാർത്ഥനയും അധ്യാപകരോടുള്ള ബഹുമാനവും പെൺകുട്ടികളോടുള്ള സഹോദരസ്നേഹവും ചിട്ടകളും അന്നത്തെ ശരികൾ ആയിരുന്നു. പിന്നീട് അമേരിക്കയിലേക്ക് ചേക്കേറിയപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിച്ചു വളരുന്നത് കണ്ട് ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു. ഇന്ന് പക്ഷേ ആൺ-പെൺ വ്യത്യാസങ്ങളില്ലാതെ വേണമെങ്കിൽ ലിംഗ പരിണാമത്തിലൂടെ പെണ്ണ് ആകാനോ ആണ് ആകാനോ ഒരാൾക്ക് സാധിക്കും. എന്നാൽ നമ്മുടെ ശരീരത്തിനുള്ളിൽ ഉള്ള കോടിക്കണക്കിന് സെല്ലുകളിൽ, ആണിനേയും പെണ്ണിനേയും നിർവചിക്കുന്ന ഓരോ ക്രോമസോമുകൾ ദൈവം ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നത് വളരെ അത്ഭുതകരമായ ഒരു കാര്യമല്ലേ. അടിസ്ഥാനപരമായ സ്വഭാവം പരിവർത്തനവിധേയമല്ലാത്തതിനാൽ ഒരു നപുംസക സ്വഭാവത്തിൽ ജീവിക്കേണ്ടിവരും എന്നത് എത്രയോ നിർഭാഗ്യകരമാണ് ആയതുകൊണ്ട് ലിംഗമാറ്റത്തിനുള്ള ആശയങ്ങളും പ്രേരണകളും നൈതീകം അല്ല. ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥയിൽ ലൈംഗിക നിഷ്പക്ഷത, ലൈംഗിക വിമോചനം, സ്വവർഗപ്രേമം തുടങ്ങിയ ബൈബിൾ വിരുദ്ധ ആശയങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നു. പുതുമയാർന്ന സങ്കല്പങ്ങൾ ഇളംതലമുറയെ വിഷലിപ്തം ആക്കി കൊണ്ടിരിക്കുന്നു എന്നത് ഭയം ഉളവാക്കുന്ന കാര്യമാണ്. ദൈവീക പദ്ധതിക്ക് തുരങ്കം വച്ചുകൊണ്ട് ബാലമനസ്സുകളെ ബ്രെയിൻ വാഷ് ചെയ്ത് പിതാവിൻ്റെ കുടുംബത്തിലെ സ്ഥാനം പോലും നിഷ്പ്രഭമാക്കി കൊണ്ടിരിക്കുന്നു.

ഈ പിതൃ ദിനത്തിൽ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഒരു നല്ല പിതാവിന് സൃഷ്ടിക്കാനേ സാധിക്കൂ, നശിപ്പിക്കുന്നത് ഒന്നും പൈതൃക സ്വഭാവമല്ല. ഒരു പിതാവിന് തൻ്റെ മക്കളിൽ പ്രത്യേകിച്ചും ആൺകുട്ടികളിൽ പുരുഷ നേതൃ സ്വഭാവഗുണങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും. എല്ലാ കാര്യങ്ങളിലും ഒരു പിതാവ് മാതൃകയായിരിക്കണം. കുട്ടിയായിരിക്കുമ്പോൾ നല്ല രീതിയിൽ വളർത്തിയെടുക്കുന്നതിനൊപ്പം, നല്ല ഒരു അധ്യാപകനായി പഠിപ്പിക്കുകയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവൻ ആയിരിക്കണം. സ്നേഹത്തിലും വാത്സലുത്തിലും വീർപ്പുമുട്ടിക്കുന്നവൻ ആയിരിക്കണം. കുട്ടികൾ വളർന്നുവരുമ്പോൾ തങ്ങളുടെ പിതാവിനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കും. എന്തും സാധിച്ചു കൊടുക്കുന്ന സൂപ്പർമാൻ ആണ് അവരുടെ പിതാവ്. മക്കളുടെ മുൻപിൽ ഭാര്യയോട് കലഹിക്കുകയും അവളെ തല്ലുകയും ചെയ്യുന്ന പിതാവിൻ്റെ ആൺമക്കൾ മറ്റു സ്ത്രീകളെയും അമ്മമാരെയും വേണ്ടരീതിയിൽ ബഹുമാനിക്കാറില്ല.

പിതാവിനെ വേണ്ടവിധം ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് സമൂഹത്തിന് ആവശ്യം. അങ്ങനെ കുട്ടികളെ പഠിപ്പിക്കുന്ന പിതാവിൻ്റെ ചിന്തകളും നടപ്പുമായിരിക്കട്ടെ അവൻ്റെ ജീവിതസന്ദേശം. സദൃശ. 23: 24 പറയുന്നു ” നീതിമാൻ്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ പിതാവ് അവനിൽ സന്തോഷിക്കും”. അങ്ങനെ പിതാവ് പുത്രനിലും, പുത്രൻ പിതാവിലും സന്തോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

താൻ ഒരു ആണാണെന്നും ദൈവവിശ്വാസത്തോടെ ധൈര്യമായി കുടുംബം നടത്താനുള്ള കഴിവും സ്നേഹവും തനിക്കുണ്ടെന്ന പ്രതിബദ്ധത തെളിയിച്ചുകൊണ്ടിരിക്കുന്ന പിതാവിനെ മക്കൾ എന്നും നന്ദിയോടെ സ്മരിക്കും. അമ്മമാർ അവരെ സ്നേഹ പുരസരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

റീത്താ റൂഡ്നർ പറഞ്ഞ ഒരു ഫലിതം ഓർത്തു പോവുകയാണ്. “ഞാൻ ഒരു 100 ഡോളറിൻ്റെ നോട്ട് എൻ്റെ അപ്പനു കൊടുത്തിട്ട്, അപ്പൻ്റെ ജീവിതം ലഘൂകരിക്കാൻ പറ്റിയ എന്തെങ്കിലും വാങ്ങിച്ചു കൊള്ളാൻ പറഞ്ഞു. അപ്പൻ നേരേ പോയി അമ്മയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുത്തു ” ഇതിൻ്റെ സ്വാരസ്യം മനസ്സിലാക്കുന്ന ഫാദേഴ്സ് ഭാഗ്യവാന്മാർ!

ഹാപ്പി ഫാദേഴ്സ് ഡേ !

LEAVE A REPLY

Please enter your comment!
Please enter your name here