ഏകീകൃത ജിസിസി ടൂറിസ്​റ്റ് വിസക്ക്​ അംഗീകാരം

ഏകീകൃത ജിസിസി ടൂറിസ്​റ്റ് വിസക്ക്​ അംഗീകാരം

പാസ്റ്റർ ബിജു ഹെബ്രോൻ , ഗുഡ്ന്യൂസ്

മസ്കത്ത്​: ജിസിസി രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലക്ക്​ കരുത്തുപകർന്ന്​ ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം മസ്കത്തിൽചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത്​ യോഗത്തിലാണ്​ ഇതുസംബന്ധിച്ച്​ തീരുമാനം ഉണ്ടായത്. ജി.സി.സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും തുടക്കംകുറിച്ചു.

യോഗത്തിൽ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷതവഹിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ, യു.എ.ഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ശൈഖ്​ സായിഫ്​ സായിദ് അൽ നഹ്​യാൻ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് സൗദ് അൽസൗദ്, ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ്​ ഖലീഫ ബിൻ ഹമദ് ആൽഥാനി, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് എന്നിവർ പ​​ങ്കെടുത്തു.

ഷെൻഗൻ വിസ മോഡലിൽ ഒരു വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ്​ ഏകീകൃത ടൂറിസ്​റ്റ്​ വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്. ഏകീകൃത ടൂറിസ്റ്റ്​ വിസക്ക് അംഗീകാരമാവുന്നതോടെ ഒരു വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയും.

ഏകീകൃത ടൂറിസ്റ്റ്​ വിസ സംബന്ധമായ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ കാര്യം ഒമാൻ പൈതൃക, വിനോദ സഞ്ചാര വകുപ്പ്​ മന്ത്രി സാലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിസ നടപ്പാക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് സംബന്ധമായ കാര്യങ്ങളിൽ വരും ദിവസങ്ങളിലെ വ്യക്​തത വരുകയുള്ളൂ. ജി.സി.സി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം മൊത്തം വിനോദ സഞ്ചാരികളുടെ 29.7 ശതമാനമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2021നെക്കാൾ 98.8 ശതമാനം വർധന​ കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയിലെ വളർച്ചയിൽ മധ്യ പൗരസ്ഥ്യദേശങ്ങൾ അതിവേഗം മുന്നേറുകയാണ്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച 17 സൈറ്റുകളാണ് ജി.സി.സി രാജ്യങ്ങളിലുള്ളത്. കഴിഞ്ഞ വർഷം ജി.സി.സി രാജ്യങ്ങളിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 39.8 ദശലക്ഷമാണ്. മുൻ വർഷത്തെക്കാൾ 136.6 ശതമാനം കൂടുതലാണിത്. ഇവർ ജി.സി.സി രാജ്യങ്ങളിൽ ചെലവഴിച്ചത് 85.9 ശതകോടി ഡോളറാണ്. 2021 ൽ ചെലവഴിച്ചതിനെക്കാൾ 101.2 ശതമാനം കൂടുതലാണിത്.

ബഹറിൻലെ സഭകളുടെ വാർത്തകളും പരസ്യങ്ങളും ഗുഡ്ന്യൂസിലും വായിക്കാം. ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ (ഗുഡ്ന്യൂസ്) -+91 80898 17471

Advertisement