ആഴമായ മുറിപ്പാടുകൾ സമ്മാനിച്ച വിയോഗം

കെ.സി. ജോസഫ്, ഹൈദരാബാദ് അനുസ്മരിക്കുന്നു

ആഴമായ മുറിപ്പാടുകൾ സമ്മാനിച്ച വിയോഗം

George and wife Drena, on ship Doulos’s Bridge

ജോർജ് വെർവറിന് ആദരാഞ്ജലികൾ

ആഴമായ മുറിപ്പാടുകൾ സമ്മാനിച്ച വിയോഗം 

കെ.സി. ജോസഫ്, ഹൈദരാബാദ് അനുസ്മരിക്കുന്നു

പ്പറേഷൻ മൊബിലൈസേഷന്റെ (OM) സ്ഥാപകനും മുൻ അന്താരാഷ്ട്ര ഡയറക്ടറുമായ ജോർജ് വെർവറിന്റെ മരണം എന്നെയും ഒരു പരിധിക്കപ്പുറം ആഘാതത്തിലാക്കിയിരിക്കുന്നു. രണ്ട് മാസങ്ങൾക്കു മുമ്പുവരെ അദ്ദേഹത്തിൽ നിന്ന് പ്രതിദിനം ശരാശരി ഒരു ഡസൻ ഈമെയിലുകൾ എനിക്കു കിട്ടുമായിരുന്നു, ഇടയ്ക്കിടെ ഫോൺ വിളികളും. തന്റെ രോഗകാരണത്താൽ അതിനുശേഷം ഇമെയിലുകളുടെ എണ്ണവും സ്ഥിരതയും കുറഞ്ഞുകൊണ്ടിരുന്നു. തനിക്കു കിട്ടിയിരുന്ന അപേക്ഷകൾക്കനുസരിച്ച് ബൈബിളും മറ്റ് പുസ്തകങ്ങളും പ്രഥമമായി ഭാരതത്തിന്റെ നാനാ സ്ഥലങ്ങളിലേക്കും മറ്റ് ചില രാജ്യങ്ങളിലേക്കും അയച്ചു കൊടുക്കുവാനുള്ള നിർദേശങ്ങളായിരുന്നു ഇമെയിലുകളുടെ പ്രധാന ഉള്ളടക്കം. ചിലത് വ്യക്തിപരമായ വിഷയങ്ങളും ഉള്ളടങ്ങിയവയായിരുന്നു. അദ്ദേഹം തനിയെ ടൈപ്പുചെയ്ത് അവസാനത്തെ ഇമെയിൽ മാർച്ച് 28-നും ഭാവി വിനിമയത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഒരു ഇമെയിൽ വേറൊരു വ്യക്തിയെക്കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ച് അയച്ചത് ഏപ്രിൽ 4-നുമാണ് കിട്ടിയത്. കഴിഞ്ഞ 25 വർഷങ്ങലായി ഞങ്ങളുടെ മധ്യത്തിൽ ഉടലെടുത്ത ഒരു വ്യക്തിപരമായ ബന്ധവും ആഴമായി അടുപ്പമുള്ള പ്രവർത്തനബന്ധവുമാണ് ഇപ്പോൾ ഇല്ലാതെയായിരിക്കുന്നത്. ഇനി അദ്ദേഹത്തിന്റെ ഇമെയിലുകളോ ഫോൺ വിളികളോ ഇല്ലതന്നെ!

At a leaders’ meeting in Nepal, 1988 with George Verwer

അച്ചടിച്ചതും മറ്റ് മാധ്യമങ്ങളിലുമുള്ള ദൈവവചനത്തിന്റെയും മറ്റ് പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും വിതരണത്തിലൂടെ ക്രൈസ്തവ സഭയെ കൂടുതൽ ക്രിസ്തുകേന്ദ്രീകൃതമായി രൂപപ്പെടുത്താനും, മറ്റുള്ളവരെ സുവിശേഷീകരിക്കുന്നതിനും ആസക്തനായിരുന്ന ജോർജ് വെർവറുമായി അതിതീക്ഷ്ണമായ ഈ ബന്ധം എനിക്ക് ഒരു വലിയ മാന്യതയും ഭാഗ്യവു മായിരുന്നു. 1980 കളിൽ ഞാൻ ഫീൽഡ് ടീമുകൾ നയിക്കുമ്പോഴാണ് ഈ ബ ന്ധത്തിന്റെ തുടക്കം. ടീം ലീഡറെന്ന നിലയിൽ ഞാൻ അദ്ദേഹത്തിനയച്ചിരുന്ന പ്രതിവാര റിപ്പോർട്ടുകൾ, ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ലായിരുന്നെങ്കിലും, എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചിരുന്നു. 1985-ൽ നേപ്പാളിലെ ഒരു അതിർത്തി നഗരത്തിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. ഫീൽഡ് ടീം നേ താക്കളെ കണ്ട് ഓരോ വ്യക്തിയുമായി സംവേദനം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയുടെ ലക്ഷ്യം. എന്റെ ഊഴം വന്നപ്പോൾ അദ്ദേഹ ത്തിന്റെ താമസസ്ഥലത്ത് ഒരു മിനിറ്റ് ഒന്നിച്ചിരുന്നശേഷം എന്നെയും കൂട്ടി റോഡിലൂടെ നടക്കാൻ പോയി. നാലു മൈലുകളോളം ദൈർഘ്യമുള്ള ആ നട പ്പിൽ അദ്ദേഹത്തോട് ഒപ്പം നിൽക്കാൻ എനിക്ക് ഓടേണ്ടതായി വന്നു. വളരെ പൊക്കവും വണ്ണക്കുറവും ഊർജസ്വലതയുമുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതിദിന ശാരീരിക വ്യായാമം മൈലുകളോളമുള്ള നടപ്പും
ഓട്ടവുമായിരുന്നു. എല്ലാ ഒ.എം. ടീമുകളും, പ്രത്യേകിച്ച് ഈന്ത്യയിലെ ടീമുകൾ, തങ്ങളുടെ പ്രവർത്തനത്തിൽ ഉദാസീനരാകാതിരിക്കാൻ ഇങ്ങനെ ദിനന്തോറും ശാരീരിക വ്യായാമം ചെയ്യണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു.

At Love Europe campaign 1993, with his bus in which he lived

പിന്നെയും ചില വർഷങ്ങൾ പിന്നിട്ടപ്പോൾ നേപ്പാളിൽ വച്ച് ഇന്ത്യയിലെ ഒ.എം. നേതാക്കൾക്കായുള്ള മീറ്റിങ്ങുകളിൽ അദ്ദേഹവുമായി വ്യക്തിപരമായ കൂട്ടായ്മ അനുഭവിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. 1993-ൽ യൂറോപ്പിലുടനീ ളം ഒ.എം. നടത്തിയ സുവിശേഷീകരണ യത്നത്തിൽ ഇന്ത്യയിൽനിന്ന് പങ്കെ ടുത്ത മൂവരിൽ ഞാനും ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്കായി മാത്രം ഒരു മണിക്കൂറോളം വേറിട്ട് സമയം ചെലവഴിച്ചതും, ആ ക്യാമ്പയ് തീരുന്നതിനു മുമ്പ് പിന്നെയും ഒരു പ്രാവശ്യം തന്റെ ഓഫീസിൽ വച്ച് എന്നോട് ദീർഘമായി സംസാരിച്ചതും ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു. 1998-ൽ യു.കെ.യിലെ ക്രൈസ്തവ പ്രസാധകരെ സന്ദർശിക്കുവാൻ ഞാൻ പോയപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് ഞാനുമായി ജോർജ് വെർവർ ദീർഘനേരം ആശയവിനിമയം നടത്തിയിരുന്നു. ആ മീറ്റിങ്ങിൽ അദ്ദേഹം, സുവിശേഷ സാഹിത്യ വിതരണത്തിൽ ആഗോള സഭയുടെ, പ്രത്യേകിച്ച് ഇന്ത്യയിലെ സഭയുടെ, ഉദാസീനതയെപ്പറ്റി പറ ഞ്ഞ് വികാരഭരിതനായി വിതുമ്പുന്നത് എന്റെ ശ്രദ്ധയിൽ വന്നിരുന്നു. (അദ്ദേഹം എന്നിലേക്ക് വ്യാപരിപ്പിച്ച ആ ദർശനം ഞാൻ ഏറ്റെടുത്ത് ഇന്നും അത് നിർവഹിച്ചുകൊണ്ടിരിക്കുന്നു. ദൈവം സഹായിക്കുന്നതനുസരിച്ച് മുന്നോട്ടും അതു ചെയ്യാമെന്ന് ആഗ്രഹിക്കുന്നു. സുവിശേഷ സാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനവും ആസക്തിയും ഇനിയും വളരെ പേർ ഏറ്റെടുത്ത് കെ കാര്യം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.) തുടർന്നുള്ള പല സന്ദർഭങ്ങളിലും അവിടെ നടത്തപ്പെടുന്ന പ്രാർഥനയോഗങ്ങളിലും ടീം മീറ്റിങ്ങുകളിലും പങ്കെടുക്കുന്നതി നും സംസാരിക്കുന്നതിനും അദ്ദേഹം എനിക്ക് അവസരം തന്നിട്ടുണ്ട്.

2012-ൽ കാനഡയിലെ ഹാമിൽട്ടൺ പട്ടണത്തിൽ നടന്ന നോർത്ത് അമേരിക്കൻ മലയാളി കോൺഫെറൻസിൽ (PCNAK) ജോർജ് വെർവറിനെ പ്രധാന പ്രസംഗകനായി ക്രമീകരിക്കാൻ ദൈവം എനിക്ക് അവസരം തന്നു. അതിന്റെ മുൻവർഷം നടന്ന കോൺഫെറൻസിൽ വച്ച് ഈ ആശയം റവ. ഈശോ ഫിലിപ്പിനോട് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ആവേശഭരിതനായി, എന്നാൽ ജോർജ് വെർവറെ പോലെ ലോകപ്രശസ്തനായ ഒരു വ്യക്തിയെ ക്ഷണിക്കുമ്പോൾ അതിനു വേണ്ടിവരുന്ന അസാധ്യ ചെലവുകളെയോർത്ത് ഇത് സംഭവിക്കുമോ എന്ന ആശങ്ക അദ്ദേഹത്തെ ഭരിച്ചു. തുടർന്ന് ഞാൻ ജോർജിനെ ഈ വിഷയവുമായി സമീപിച്ചു, ജോർജ് അതിന് സമ്മതിക്കുകയും ചെയ്തു; ഇരു പക്ഷത്തെയും തമ്മിൽ പരിചയപ്പെടുത്തിയ ശേഷം ഞാൻ പിൻവാങ്ങി. എന്നാൽ തുടർന്നുള്ള അവരുടെ ഇമെയിൽ സംഭാഷണം എനിക്കും കോപ്പി ചെയ്ത് തിരുന്നു. റവ. ഈശോ ഫിലിപ്പ് ചോദിച്ച ചില ചോദ്യങ്ങൾ ഇങ്ങെയാണ്: “ഈ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനു ഞങ്ങൾ എത്ര ഫീസ് തരണം?” “വേറെ എത്ര പേർ കൂടെ വരും?” “ഏതു തരം സ്റ്റാർ ഹോട്ടലാണ് താമസിക്കുവാൻ വേണ്ടത്?” “വിമാന യാത്രയ്ക്ക് ഏതു ക്ലാസ് ടിക്കറ്റാണ് വേണ്ടത്?'' ഇവയ്ക്കുള്ള മറുപടി ജോർജിന്റെ ഇമെയിലിൽ ഉണ്ടായിരുന്നു. “എനിക്കൊരു ഫീസും വേണ്ട. ഞാൻ മാത്രമേ കോൺഫെറൻസിൽ വരുന്നുള്ളൂ. എനിക്ക് താമസിക്കാൻ ഒരു ഹോട്ടലും ക്രമീകരിക്കേണ്ട ഞാൻ എന്റെ മുൻകാല സഹപ്രവർത്തകരുടെ വീട്ടിൽ താമസിച്ചുകൊള്ളാം. 

സമ്മേളനത്തിൽ സംബന്ധിക്കുന്ന എല്ലാവർക്കും സൗജന്യമായി കൊടുക്കാൻ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ധാരാളം പുസ്തകങ്ങളും ഞാൻ ക്രമീകരിക്കുന്നുണ്ട്.'' ഈ മറുപടി സമ്മേളനത്തിന്റെ കൺവീനറായിരുന്ന റവ. ഫിലിപ്പിനെ സ്തബ്ദനാക്കി. അദ്ദേഹത്തിന് അറി യാമായിരുന്ന ലോകപ്രശസ്ത പ്രസംഗകർ സമ്മേളനക്കാർക്ക് താങ്ങാനാ വാത്ത ഫീസ് ചുമത്തുന്നവരും വൻ പരിവാരങ്ങളെ കൂടെ കൊണ്ടുപോകുന്നവരും ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റ് ആവശ്യപ്പെടുന്നവരും പഞ്ചനക്ഷത ഹോട്ടലുകളിൽ താമസസൗകര്യം ആവശ്യപ്പെടുന്നവരും ആയിരുന്നു. സമ്മേളനം തീരുമ്പോഴേക്കും ഒരു ചെറിയ ഉപഹാരമെങ്കിലും ജോർജിന് കൊടുക്കണമെന്ന് റവ. ഫിലിപ്പും കമ്മറ്റിയും തീരുമാനിച്ചിരുന്നുവെങ്കിലും അവസാന ദിവസത്തെ അവസാന പ്രസംഗം കഴിഞ്ഞ് ജോർജ് ശാന്തനായി പുറത്തേക്കു പോയി. അതേ നഗരത്തിൽ മറ്റൊരു സഭയിലെ ആരാധനയിൽ പ്രസംഗിക്കണമായിരുന്നതിനാൽ ഔപചാരികമായി യാത്ര പറഞ്ഞ് ഇറങ്ങുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

At a weekly prayer meeting in London, 2000

ആ ചെറിയ ഗിഫ്റ്റ് എങ്ങനെ ജോർജിന് കൊടുക്കാൻ സാധിക്കുമെന്ന് റവ. ഫിലിപ്പ് പിന്നീട് എന്നോട് ചോദിച്ചു. അവസാനം അത് കാനഡയിലെ ഒ.എം. ഓഫീസിന് കൊടുക്കുകയും ചെയ്തു. ജോർജിന്റെ താഴ്മയും ലാളിത്യവും ഉദാരതയും വിശാലമനസ്കതയും ദ്രവ്യാഗ്രഹരഹിത ജീവിത ദർശനവും അദ്ദേഹം ആരംഭിച്ച ശുശ്രൂഷയിലെ എന്റെ 42 വർഷത്തെ പരിചയത്തിലുടനീളം ഞാൻ കണ്ടിട്ടുണ്ട്. 16-ാം വയസ്സിൽ ക്രിസ്തുവിനുവേണ്ടി ജീവിതം സമർപ്പിച്ചപ്പോൾ മുതൽ ക്രിസതുവിനുവേണ്ടി ക്രൂശിക്കപ്പെട്ട്' എപ്പോഴും കാൽവ റിയുടെ പാതയിൽ സഞ്ചരിക്കുന്ന ഒരു വ്യക്തിയായിട്ടാണ് ഞാൻ ജോർജിനെ കണ്ടിരിക്കുന്നത്. തന്നെ രക്ഷിക്കുകയും ലോകസുവിശേഷീകരണത്തിനുവേണ്ടി വിളിക്കുകകയും ചെയ്ത തന്റെ ദൈവത്തിലുള്ള ആശയവും വിശ്വാസവും, തീക്ഷ്ണമായ ക്രിസ്തീയ ശിഷ്യത്വത്തിലുള്ള തന്റെ സമർപ്പണവും, ആത്മിക വിപ്ലവഭരിതമായ നേതൃത്വത്തെക്കുറിച്ചുള്ള അദമ്യമായ അഭിനിവേശവും ജോർജ് വെർവറിന് ഹഡ്സൺ ടെയ്ലറിന്റെ പ്രവർത്തനതത്വം ഏറ്റെടുക്കുവാൻ സഹായിച്ചു. “ദൈവിക മാർഗത്തിൽ നടത്തപ്പെടുന്ന ദൈവിക പ്രവർത്തനത്തിന് ദൈവത്തിന്റെ സ്രോതസ്സ് ഒരിക്കലും ഇല്ലാതെ പോകയില്ല. പണത്തിന്റെ കുറവു കൊണ്ട് ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ബുദ്ധിഹിനനല്ല ദൈവം. ആവശ്യമുള്ള പണം നേരത്തേതന്നെയോ അൽപ്പം വൈകിയോ നൽകുവാൻ അവിടന്ന് എപ്പോഴും ഒരുക്കമുള്ളവനാണ്. ജോർജ് വെർവർ, ലോക വ്യാപകമായ തന്റെ ശുശ്രൂഷാ ജീവിതത്തിലുടനീളം അടിക്കടി ഇതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ കിട്ടുന്ന വിഭവങ്ങളിൽനിന്ന് ആവശ്യത്തിലിരിക്കുന്ന മറ്റ് പ്രവർത്തനങ്ങളെയും വ്യക്തികളെയും കൈതുറന്ന് സഹായിക്കുമായിരുന്നു.

ജോർജ് വെർവർ തീക്ഷ്ണമായ ക്രൈസ്തവ ശിഷ്യത്വത്തിൽ മാത്രമല്ല, ക്രൈസ്തവ നേതൃത്വ പരിശീലനത്തിലും, അടുത്ത തലമുറയിലേക്ക് നേതൃത്വം കൈമാറ്റം ചെയ്യുന്നതിലും ശക്തമായി വിശ്വസിച്ചിരുന്നു. “എനിക്കുശേഷം പ്രളയം' എന്ന വികലമായ നേതൃത്വ തത്വത്തിൽ താൻ വിശ്വസിച്ചിരുന്നില്ല. “എനിക്കുശേഷം മകൻ മകൾ' എന്ന നേതൃത്വ കൈമാറ്റ രീതിയിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. നേതൃത്വം എന്നത് മരണംവരെ അലങ്കരിക്കേണ്ട ഒരു സ്ഥാനമായി താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. തന്റെ പ്രവർത്തനങ്ങളുടെ ആരംഭം മുതൽ തന്നെ ടീമംഗങ്ങൾക്ക് ത്യാഗപൂർണമായ നേതൃത്വ പരി ശീലനം കൊടുക്കുന്നത് ഒരു പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുത്തിരുന്നു. ചീട്ടിടലിലൂടെയോ ഇക്കാലത്തുള്ളതുപോലെയുള്ള തിരഞ്ഞെടുപ്പുകളിലൂടെയോ അല്ല താൻ അവതരിപ്പിച്ച നേതൃത്വക്കൈമാറ്റം എന്നതാണ് ഇതിലുള്ള വ്യത്യാസം. നേതൃത്വ പ്രവർത്തനത്തിന് അൽപ്പം കഴിവുള്ളവരെ കണ്ടെത്തി അവരെക്കൊണ്ട് ധാരാളം പുസ്തകങ്ങൾ വായിപ്പിച്ചും നേതാക്കളുടെ സന്ദേശങ്ങൾ കാറ്റ് ടേപ്പിലൂടെ കേൾപ്പിച്ചും വീഡിയോകളിലൂടെ കാണിച്ചും അവ ദൈനംദിന പ്രവർ ത്തനത്തിൽ പ്രായോഗികമാക്കിച്ചും ആണ് ഈ പരിശീലനം നിർവഹിച്ചിരുന്നത്. ഇതു ചെയ്തു പഠിച്ച് ഇതിന്റെ ഗുണം ലഭിച്ച ആയിരക്കണക്കിന് വ്യക്തികളിൽ ഒരുവനാണ് ഞാൻ. താൻ പ്രവർത്തനം ആരംഭിച്ച് ഏകദേശം നാൽപ്പതു വർഷം തികയാറായപ്പോൾ തന്റെ 64-ാമത്തെ വയസ്സിൽ ഒ.എം. ന്റെ അന്താരാഷ്ട്ര നേതൃ സ്ഥാനത്തുനിന്ന് മാറാൻ താൽപ്പര്യപ്പെടുന്നതായി അറിയിച്ചു. അടുത്ത അന്താരാഷ്ട്ര നേതാവിനെ കണ്ടുപിടിക്കുന്നതിനുള്ള നടപടികൾക്ക് ആരംഭമിട്ടു.

തുടർന്ന് 2003-ൽ യു.കെ. യിൽ നടന്ന ഒരു കോൺഫെറൻസിൽ വച്ച് ജോർജ് വെർവർ തന്റെ നേതൃസ്ഥാനം ദീർഘകാല സഹനേതാവായിരുന്ന വ്യക്തിക്ക് കൈമാറ്റം ചെയ്തു. ആ നേതൃത്വകൈമാറ്റ ശുശ്രൂഷ നേരിട്ടു കാണാൻ കഴിഞ്ഞത് എനിക്കൊരു വൈകാരിക അനുഭവമായിരുന്നു. അന്നുമുതൽ ഈ പ്രവർത്തനത്തിലെ ഒരു ചെറിയ ഡിപ്പാർട്ടുമെന്റിന്റെ ചെറിയ ലീഡറായി താൻ പ്രധാന നേതൃത്വത്തിൻ കീഴിൽ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ അനിതരസാധാരണ താഴ്മയുടെയും പക്വതയുടെയും ഉദാഹരണമാണ്. എല്ലാ നേതാക്കൾക്കും എല്ലായ്പ്പോഴും അനുകരിക്കാൻ പറ്റുന്ന ഒരു ശ്രേഷ്ട മാതൃക! ചിലർ അത് അനുകരിക്കാൻ നോക്കിയ ശേഷം പിൽക്കാലത്ത് പിന്തുടർച്ചക്കാരിൽനിന്ന് നേതൃത്വം തിരിച്ചെടുത്ത കഥയും വിരളമല്ല. നേതാക്കൾ തങ്ങളുടെ വ്യക്തിത്വത്തിലും നേതൃപാടവത്തിലും വ്യത്യസ്തരാണെന്നുള്ള പച്ചയായ യാഥാർഥ്യം അവർ മറക്കുന്നതാണ് അതിനു കാരണം.

When George handed over his jacket to me in 2012

ജോർജ് വെർവറിന്റെ സമീപ കാലത്തെ (2005-നും 2015-നുമിടയിൽ) നാല് ഇന്ത്യാ സന്ദർശന വേളകളിലൊന്നിൽ അദ്ദേഹത്തെ ഒരു ദിവസം പ്രഭാത ഭക്ഷണത്തിനായി ഭവനത്തിലേക്ക് ആനയിക്കാനുള്ള അവസരം എന്റെ കുടുംബത്തിനു ലഭിച്ചു. ഹൈദ്രാബാദിലുള്ള വേറൊരു ഭവനത്തിലും ഭക്ഷണം കഴിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. അദ്ദേഹം നഗരത്തിലുണ്ടായിരുന്ന മറ്റൊരു ദിവസം എനിക്ക് ഫോൺ ചെയ്തു പറഞ്ഞു, “സാധിക്കുമെങ്കിൽ നീയും ഭാര്യയുമായി എന്നെയും കൊണ്ട് അധിക ചെലവു വരാത്ത ഒരു ഭക്ഷണശാലയിൽ ആഹാരം കഴിക്കാൻ വരിക; ഞാൻ തന്നെ ബില്ലടയ്ക്കാൻ അനുവദിക്കുമെങ്കിൽ മാത്രം! അതും ഒരു അനുഭവമായി. (അദ്ദേഹത്തിന്റെ മകനും കൂടെയുണ്ടായിരുന്നു.)

കേരളത്തിലെ മികച്ച സംഘാടകരിലൊരാളായ പാസ്റ്റർ കെ.ജെ.ജോബ് വയനാട് എന്ന സുവി ശേഷൻ സൂം പ്ലാറ്റ്ഫോമിൽ 2022 ജൂൺ 16 ന് സംഘടിപ്പിച്ച വലിയ കോൺഫറൻസിൽ ജോർജ് വെർവർ ആയിരുന്നു മുഖ്യ പ്രഭാഷകൻ. 924 സൂം ഡിവൈസുകളിലായി ഏതാണ്ട് 1500 പേർ ആ പ്രഭാഷണം ശ്രദ്ധിച്ചു. ആ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷാ പ്പെടുത്തുവാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു.

ആ മീറ്റിംഗിൽ പ്രാരംഭമായി ഇന്ത്യയിലെ മുതിർന്ന സഭാ നേതാക്കന്മാർ അദ്ദേഹത്തിന് എൺപത്തിനാലാം പിറന്നാൾ ആശംസകൾ നേരുന്ന സെഷനും ജോബ് ഉൾപ്പെടുത്തിയിരുന്നു. അതൊക്കെ കേട്ട ശേഷം നിറകണ്ണുകളോടെയാണ് പ്രസംഗം അദ്ദേഹം ആരംഭിച്ചത്. പ്രഭാഷണ മധ്യത്തിൽ അദ്ദേഹം തൻ്റെ ഇ-മെയിൽ ഐ.ഡി. പ്രദർശിപ്പിച്ചിരുന്നു. പങ്കെടുത്തവരിൽ 200-ൽ അധികം പേർ ജോർജിന് ഇമെയിൽ അയച്ചപ്പോൾ അവർക്ക് ഒരു പായ്ക്കറ്റ് ഈടുറ്റ പുസ്തകങ്ങൾ സമ്മാനമായി സെക്കന്തരബാദ് ഓഫീസ് വഴി അയപ്പിക്കാനും അദ്ദേഹം മറന്നില്ല.

ജോർജ് വെർവറിന്റെ ശാരീരിക സാന്നിധ്യമില്ലാത്ത അനിശ്ചിതത്വമുള്ള ഒരു ലോകത്തിലേക്ക് ഞാൻ പ്രവേശിച്ചിരിക്കുമ്പോൾ, ഞാൻ താരതമ്യപ്പെടുത്തുന്നത് യെശയ്യാവ് 6-ാമധ്യായത്തിൽ യെശയ്യാവിനുണ്ടായ ദർശനവുമായിട്ടാണ്. നാം നോക്കേണ്ടതും ആശ്രയിക്കേണ്ടതും സർവസ്വതന്ത്രാധിപനും സർവ ലോകത്തിന്റെയും നിയന്ത്രണവുമുള്ള ദൈവത്തിൽ തന്നെയാണ്; മനുഷ്യർ എത്ര നല്ലവരാണെങ്കിലും എത്ര സ്വാധീനശക്തി ഉള്ളവരാണെങ്കിലും അവരെയല്ല ആശ്രയിക്കേണ്ടത്. ദൈവത്തിന്റെ സഭയിലും സഭയിലൂടെയുമുള്ള ദൈവത്തിന്റെ വേല ദൈവത്തിന്റെതു തന്നെയാണ്, തന്റെ വിശ്വസ്ത ദാസർ അപ്പോഴപ്പോൾ നിത്യതയിലേക്കു പോയിക്കഴിഞ്ഞാലും അവിടന്ന് അത് തുടർന്നുകൊണ്ടേയിരിക്കും. അവരുടെ വിശ്വാസവും ജീവിതാനുഭവങ്ങളും മാതൃകയും പാഠവുമാക്കാനെ നമുക്കു വിളിയുള്ളൂ. വിശ്വാസത്തിന്റെ ധീര പോരാളിയായി ഓട്ടം തികച്ച ജോർജ് വെർവറെ അക്കരെ നാട്ടിൽ കാണാമെന്ന പ്രത്യാശയോടെ കർത്തൃപാദത്തിൽ കുമ്പിടുന്നു.

Advertisement