ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന രചനകൾ നിർവഹിക്കുന്നവരാണ് ക്രൈസ്തവ എഴുത്തുകാർ: റവ.സി.സി തോമസ്

ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന രചനകൾ നിർവഹിക്കുന്നവരാണ് ക്രൈസ്തവ എഴുത്തുകാർ: റവ.സി.സി തോമസ്
മാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള ജോര്‍ജ്ജ് മത്തായി പുരസ്കാരം ഗുഡ്ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ്ജ് ടി.എം മാത്യുവിന് രാജു മാത്യു നല്കുന്നു

വാർത്ത: ടോണി ഡി. ചെവ്വൂക്കാരൻ

പ്രതീക്ഷയുടെ തിരിനാളം മനുഷ്യന് നല്‍കുന്നത് ബൈബിള്‍ മാത്രം: രാജു മാത്യു

കോട്ടയം: തിന്മയില്‍ വീണുപോയ മനുഷ്യന് രക്ഷയുടെ മാര്‍ഗ്ഗം ബൈബിള്‍ മാത്രമാണെന്നും, ക്രൂശില്‍ പിടയുമ്പോഴും രക്ഷയുടെ വാതില്‍ തുറന്ന് കൊടുത്തവനാണ് യേശു നാഥനെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ കോട്ടയം ബ്യൂറോ ചീഫുമായ രാജു മാത്യു പ്രസ്താവിച്ചു.

രാജു മാത്യു (മലയാള മനോരമ കോട്ടയം ബ്യൂറോ ചീഫ്)

ലോകമെമ്പാടുമുള്ള പെന്തക്കോസ്ത് മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും പൊതു വേദിയായ ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്‍റെ സാഹിത്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജു മാത്യു.

ഒക്ടോബര്‍ 12 ന് അക്ഷരനഗരിയില്‍ നടന്ന സാഹിത്യസംഗമവും അവാര്‍ഡ് സമര്‍പ്പണവും ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ.സി.സി തോമസ് ഉദ്‌ഘാടനം ചെയ്തു. സമൂഹത്തില്‍ അറിവിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ രചനകളിലൂടെ മനുഷ്യന്‍റെ തലച്ചോറിന് അറിവ് കൊടുക്കുമ്പോള്‍, ക്രൈസ്തവ എഴുത്തുകാര്‍ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന രചനകള്‍ നിര്‍വ്വഹിക്കുന്നവരാണെന്ന് റവ.സി.സി തോമസ് പറഞ്ഞു.

പാസ്റ്റർ സി.സി. തോമസ്

മീഡിയ അസ്സോസിയേഷന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യന്‍റെ ഉള്ളില്‍ ഭീതിയും സംഘര്‍ഷവും നിറയ്ക്കുന്ന വാര്‍ത്തകള്‍ ചുറ്റുപാടുകളില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സുവിശേഷ സന്ദേശമാകുന്ന സദ്‌വാര്‍ത്ത ലോകമെങ്ങും എഴുത്തിലൂടെയും സന്ദേശത്തിലൂടെയും പ്രചരിപ്പിക്കാന്‍ പെന്തക്കോസ്ത് എഴുത്തുകാര്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് പാസ്റ്റര്‍ മാത്യൂസ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷിബു മുള്ളംകാട്ടില്‍ ആമുഖപ്രസംഗം നടത്തി. ഫിന്നി പി.മാത്യു, ചാക്കോ കെ. തോമസ്, പി.സി ഗ്ലെന്നി എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. 

ജോൺസൻ മേലേടം

പ്രമുഖ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ജോര്‍ജ്ജ് മത്തായി സിപിഎ യുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ഗുഡ്ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ്ജ് ടി.എം മാത്യുവിന് രാജു മാത്യു സമ്മാനിച്ചു. ജോണ്‍സണ്‍ മേലേടം ജോര്‍ജ്ജ് മത്തായിയെ അനുസ്മരിച്ചു. ജോര്‍ജ്ജ് മത്തായി സി.പി.എ ഫൗണ്ടേഷന്‍ നടപ്പിലാക്കി വരുന്ന ജീവകാരുണ്യ പദ്ധതികള്‍ അനേകര്‍ക്ക് ആശ്വാസവും കൈത്താങ്ങലും നല്‍കുവാന്‍ കഴിഞ്ഞുവെന്നും, നടത്തി വരുന്ന പദ്ധതികള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ന്യൂസ് സ്റ്റോറിയ്ക്കുള്ള അവാർഡ് പാസ്റ്റർ സി.സി.തോമസിൽ നിന്നും പാസ്റ്റർ കെ.ജെ. ജോബ് ഏറ്റുവാങ്ങുന്നു. 

മികച്ച ന്യൂസ് സ്റ്റോറിക്കുള്ള അവാര്‍ഡ് പാസ്റ്റര്‍ കെ.ജെ ജോബും, മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് സാം ടി. സാമുവേലും റവ.സി.സി. തോമസ് നിന്നും ഏറ്റുവാങ്ങി. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.

മികച്ച ലേഖനത്തിനുള്ള അവാർഡ് പാസ്റ്റർ പി.ജി. മാത്യൂസിൽ നിന്നും സാം ടി. സാമുവേലിന് വേണ്ടി പാസ്റ്റർ സി.സി. തോമസ് ഏറ്റുവാങ്ങുന്നു

പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അവതരണം നിർവഹിച്ചു. പാസ്റ്റര്‍മാരായ ഫിലിപ്പ് കുര്യാക്കോസ് , സി.പി.മോനായി, മാത്യു ബേബി , സുനിൽ വേട്ടമല, ഡോ.ജോർജ് മാത്യു , ടോണി ഡി.ചെവ്വൂക്കാരന്‍, കുര്യന്‍ ജോസഫ് , സിസ്റ്റർ സൂസൻ ചെറിയാൻ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 

മീഡിയ കണ്‍വീനര്‍ സജി മത്തായി കാതേട്ട് നന്ദി പറഞ്ഞു. പാസ്റ്റർമാരായ കെ.വി. തോമസ്, മാത്യു തോമസ്, കുര്യന്‍ ഫിലിപ്പ്‌ എന്നിവർ പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകി. സിസ്റ്റര്‍ തനൂജ സാംസൺ, സിസ്റ്റര്‍ മെര്‍ളിന്‍ ഷിബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം , സണ്ണി ഇടയത്ര എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisement