സഭാ നേതൃത്വം മൗനം വെടിയണം: പെന്തെക്കോസ്തു മാധ്യമ പ്രവർത്തകർ

സഭാ നേതൃത്വം മൗനം വെടിയണം: പെന്തെക്കോസ്തു  മാധ്യമ പ്രവർത്തകർ

തിരുവല്ല : ജനത്തെ നേർവഴി കാണിക്കേണ്ട സഭാ നേതൃത്വം ദുരുപദേശങ്ങൾ തുറുന്നു കാട്ടാതെ നിസംഗത പാലിക്കുന്നതു ആപൽക്കരമാണെന്ന് മലയാളി പെന്തക്കോസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയാ അസോസിയേഷൻ.

പെന്തെക്കോസ്തു സഭകൾ നൂറ്റാണ്ടിൻ്റെ പാരമ്പര്യവും വളർച്ചയും പറഞ്ഞ് വലിയ മുന്നേറ്റമുണ്ടാക്കിയെന്നു അവകാശപ്പെടുമ്പോൾ, സഭകൾ അതിൻ്റെ നൈതികത നിലനിർത്തുന്നതിനും ആത്മീക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും എത്ര മാത്രം ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് പ്രാദേശികതലം മുതൽ അന്താരാഷ്ട്ര തലം വരെയുള്ള ഘടകങ്ങൾ ചർച്ച ചെയ്യേണ്ടതാണ്.

കഴിഞ്ഞ ദിവസങ്ങളായി പ്രത്യേകിച്ച് സമൂഹമാധ്യമങ്ങൾ വഴി നാം കണ്ടുവരുന്ന ആത്മീയതയുടെ പേരിലുള്ള പേക്കൂത്തുകളെ ദൈവജനം ഒരുമിച്ചു നിന്ന് ചെറുക്കേണ്ട സമയമാണിത്. ദൈവവചനത്തെ വളച്ചൊടിച്ചു വികലമായ പഠിപ്പിക്കലുകൾ നടത്തുന്ന ഭോഷ്ക്കിന്റെ ആത്മാക്കളെ ഒറ്റപ്പെടുത്തണം. കേവലം വിശ്വാസികൾ മാത്രമല്ല, സഭാ നേതൃത്വത്തിലുള്ളവരും അവരോടൊപ്പം വേദികൾ പങ്കിടാതിരിക്കേണമെന്നും ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പ് യോഗങ്ങളിൽ സഭാ നേതാക്കളുടെ പേരുകൾ ഉപയോഗിച്ചാണ് ഇവർ പേരെടുക്കുന്നത് എന്നത് ഗൗരവമായി കാണണം. ഈ പ്രവണതയ്ക്ക് മൂക്കുകയറിടാൻ സഭാ നേതൃത്വം അടിയന്തരമായി ഇടപ്പെടണം. മെട്രോസിറ്റികളിലെ സഭകളിൽ പ്രോഗ്രാം ലഭിച്ചില്ലെങ്കിലും വേണ്ടില്ല, ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞു സഭാജനങ്ങളെ നേർവഴിയിൽ നയിക്കുവാൻ നേതൃത്വങ്ങൾ ഉണരണം.

ഒന്നാം തലമുറയുടെ ആത്മാർപ്പണവും രണ്ടാം തലമുറയുടെ ശുഷ്കാന്തിയും പുതുതലമുറകൾ സ്വീകരിച്ച് സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുവാനും ജീവിതപ്രാരാബ്ധങ്ങളിലും സാമൂഹ്യ സാഹചര്യങ്ങളിലും പെട്ട് കൂനിപ്പോയവരെ നിവർത്തി നിർത്തുവാനും പെന്തെക്കോസ്തു  സഭകൾ ഒരു മനസോടെ പ്രവർത്തിക്കണം. സഭകളിൽ ക്രമീകൃതമായ വേദപഠന ക്ലാസുകൾ നടത്തണം. അല്ലാത്ത പക്ഷം പുതുതലമുറ ചതിക്കുഴിയിൽ വീണുപോകും.

തിരുവചന ഉപദേശ വിഷയങ്ങളിൽ വ്യക്തമായ ദിശാബോധം നൽകുവാൻ സഭാ നേതൃത്വം അടിയന്തിരമായി ഇടപ്പെടണമെന്ന് ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയാ അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി.ജി മാത്യൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജൻ ജോൺ ഇടക്കാട് പ്രമേയം അവതരിപ്പിച്ചു. സി.വി മാത്യു, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ടോണി ഡി.ചെവൂക്കാരൻ, സജി മത്തായി കാതേട്ട്, ഫിന്നി പി മാത്യു, റോജിൻ പൈനുംമൂട്, ഷാജി മാറാനാഥാ, പാസ്റ്റർ അനീഷ്‌ കൊല്ലംകോട്, ചാക്കോ കെ തോമസ്, കെ ബി ഐസക്, സാം കൊണ്ടാഴി, പാസ്റ്റർ പോൾ മാള എന്നിവർ പ്രസംഗിച്ചു.