'തലചായ്ക്കാൻ ഒരു ഭവനം ': അടൂരിൽ ഗുഡ്ന്യൂസ്  ഭവനപദ്ധതിയ്ക്ക് തുടക്കമായി; ഭവനരഹിതരായ 21 കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകും

'തലചായ്ക്കാൻ ഒരു ഭവനം ': അടൂരിൽ ഗുഡ്ന്യൂസ്  ഭവനപദ്ധതിയ്ക്ക് തുടക്കമായി; ഭവനരഹിതരായ 21 കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകും
പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ്, ഫിന്നി മാത്യു, സന്ദീപ് വിളമ്പുകണ്ടം, വിൽ‌സൺ മാത്യു, പ്രെസ്റ്റിൻ ഫിലിപ്പ് തുടങ്ങിയ ഗുഡ്‌ന്യൂസ് പ്രവർത്തകർ പദ്ധതി ഭൂമിയിൽ

പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാർത്ഥിച്ച്  ആരംഭിക്കുന്നു. 

അനേകരുടെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളാണ് ഗുഡ്‌ന്യൂസ് കാഴ്ച്ചവെയ്ക്കുന്നത്:  പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ്  

അടൂർ: നാലു പതിറ്റാണ്ടുകളിലേറെയായി ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ ചുവടുകൾ വെയ്ക്കുന്ന ഗുഡ്‌ന്യൂസ് സമൂഹത്തിലെ അനേകരുടെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നതെന്നു ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മാവേലിക്കര - ചെങ്ങന്നൂർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് പറഞ്ഞു. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി അടൂർ ആനന്ദപ്പള്ളിയിൽ വിഭാവന ചെയ്യുന്ന ഭവന നിർമ്മാണ പദ്ധതിയുടെ പ്രാരംഭ പണികൾ പ്രാർത്ഥിച്ച് ആരംഭിക്കുകയായിരുന്നുആ അദ്ദേഹം.

ഗുഡ്‌ന്യൂസ് ഡയറക്ടർ ബോർഡ് അംഗം ഫിന്നി മാത്യു അധ്യക്ഷത വഹിച്ചു. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം പദ്ധതി വിശദീകരിച്ചു.

മാത്യു ഉമ്മൻ തോട്ടക്കാട്, പ്രെസ്റ്റിൻ ഫിലിപ്പ്, പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ എന്നിവരും സംസാരിച്ചു. വിൽ‌സൺ തോമസ് വാകത്താനം നന്ദി പറഞ്ഞു.

അടൂർ ആനന്ദപള്ളിയ്ക്ക് സമീപം ചരുവിളയിൽ ജോർജ് വർഗീസ് ഗുഡ്‌ന്യൂസിനു ദാനമായി നൽകിയ 90 സെന്റ്‌ സ്ഥലത്താണ് അർഹരായ 21 കുടുംബങ്ങൾക്ക് ഭവനങ്ങൾ പണിതു നൽകുന്നത്. ഭവന രഹിതരായ ഒട്ടനവധിപേരുടെ  അപേക്ഷകളാണ് ഗുഡ്‌ന്യൂസ് ചാരിറ്റബിൾ ഓഫീസിലേയ്ക്ക് വരുന്നത്. ഇവരുടെയെല്ലാം സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിയിക്കുവാൻ സന്മനസ്സുള്ളവരുടെ സഹായ സഹകരണങ്ങൾ ആവശ്യമാണ്. താങ്കൾ നൽകുന്ന സഹായം എത്രയായാലും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. പദ്ധതിയുടെ ഭാഗമാകാൻ ഓരോരുത്തരുടെയും സഹകരണം ഗുഡന്യൂസ് അപേക്ഷിച്ചിട്ടുണ്ട്. 

നാലു പതിറ്റാണ്ടോളമായി ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി  നിലവിൽ പ്രതിമാസ വിധവാ സഹായങ്ങൾ, വൈദ്യസഹായങ്ങൾ, പ്രൊഫഷണൽ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, വിവാഹസഹായങ്ങൾ ഉൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഇവ കൂടാതെ ഇതുവരെ 2500 ഓളം വീടുകൾ ഭാവനരഹിതർക്ക് ലഭ്യമാക്കിയിട്ടുമുണ്ട് . ദൈവമക്കളുടെ സഹായസഹകരണം കൊണ്ടാണ് ഈ ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നത്.

പെന്തെക്കോസ്ത് സമൂഹം ചാരിറ്റി പ്രവർത്തങ്ങളോട് അകലം പാലിച്ചിരുന്ന കാലത്തു തുടങ്ങിയ ഗുഡ്‌ന്യൂസ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആരംഭ പ്രവർത്തകർ നൽകിയ അടിത്തറയും, കാത്തുസൂക്ഷിച്ച വിശ്വസ്തയുമാണ് ഇന്നും സമൂഹത്തിൽ ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണമാകുന്നത്.  

ബ്ര. കുര്യൻ മാത്യു പ്രസിഡന്റ് ആയ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് .

Advertisement