കൊണ്ടാഴിയിൽ ഉഷസായി ബിജോയിയും ഉഷസും; രാധയ്ക്ക് ഭവനമൊരുക്കി ഗുഡ്ന്യൂസ്

കൊണ്ടാഴിയിൽ ഉഷസായി ബിജോയിയും ഉഷസും; രാധയ്ക്ക് ഭവനമൊരുക്കി ഗുഡ്ന്യൂസ്

ചേലക്കര : നീണ്ട വർഷത്തെ സ്വപ്നങ്ങൾ പൂവണിഞ്ഞ സന്തോഷത്തിൽ  കൊണ്ടാഴിയിലെ  രാധയും മകൾ അനുവും ആനന്ദകണ്ണീർ തൂകി. സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാൻ ഒരു കുടിലെങ്കിലും ലഭിക്കണമെന്നുള്ള  രാധയുടെ പ്രാർഥനയ്ക്ക് ദൈവം നല്കിയതു എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സുന്ദരഭവനം. 

 ബിജോയിയും ഉഷസും ചേർന്ന് വാതിൽ തുറന്നു നൽകുന്നു  

പകലന്തിയോളം കൂലിവേല ചെയ്തും വീട്ടുപണിയെടുത്തും   സ്വരൂകൂട്ടിയ തുകകൾ ചേർത്തെടുത്ത് ഒരു തുണ്ടുഭൂമി  വാങ്ങി രാധയും മകളും കൊണ്ടാഴിക്കാരായി. നാല് സെൻ്റിൻ്റെ ഉടമയായപ്പോൾ കയറിക്കിടക്കാനൊരു കൂരയെങ്കിലും വേണമെന്ന സ്വപ്ന സാഫല്യത്തിനായി കഠിനാധ്വാനത്താലും ദൈവത്തിലുള്ള ആഴമായ വിശ്വാസത്താലും പ്രാർഥനയിൽ  ദൈവത്തോട് മല്ലിട്ട രാധയുടെ ഹൃദയാഭിലാഷം സഫലമായി.

സ്വന്തമായി നല്ലൊരു ഭവനം പണിതുകഴിഞ്ഞാൽ ഭവനരഹിതരായ ഒരു കുടുംബത്തിനു ഭവനം നല്കാമെന്ന് ദൈവത്തോട് പറഞ്ഞ വാക്കിന്റെ നിവർത്തീകരണത്തിനായി തൃശൂരിലെ മുളങ്കുഴിയിൽ ബിജോയിയുടെയും സഹധർമ്മിണി കണ്ണാറ ചീരകത്ത് വീട്ടിൽ ഉഷസിന്റെയും (ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യുവിൻ്റെ മകൾ) അന്വേഷണം രാധയിലേക്കെത്തി.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാധയ്ക്കും മകൾക്കും ആ കുടുംബം ജീവിതത്തിലെ 'ഉഷസായി '. കേവലം ഏട്ട് മാസത്തിനുള്ളിൽ
ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയിലൂടെ രാധയുടെ സ്വപ്നഭവനം പൂർത്തികരിക്കാനുള്ള മുഴുവൻ തുകയും ചെലവഴിച്ച്  ജീവിതാഭിലാഷം നിറവേറ്റി.   കൊണ്ടാഴി ഐപിസി സഭാ സെക്രട്ടറിയും കെട്ടിടനിർമ്മാണ മേഖലയിൽ വിദഗ്ധനുമായ മാനസ് വർഗീസ് പണികൾ ഏറ്റെടുക്കുകയും ലാഭ നഷ്ടങ്ങൾ നോക്കാതെ തക്കസമയത്ത് താക്കോൽ കൈമാറി. ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂകാരനും പാസ്റ്റർ സാബു മത്തായി കാതേട്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. 

ഭവന സമർപ്പണ ശുശ്രൂഷ കൊണ്ടാഴി ഗ്രാമത്തിനു നല്ലൊരു 'ഗുഡ്ന്യൂസാ'യി. ഐപിസി കൊണ്ടാഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം. ആർ ബാബു സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം മാത്യു , കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശശിധരൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി. നാലുപതിറ്റാണ്ടായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള ഗുഡ്‌ന്യൂസ് ചാരിറ്റബിള് സൊസൈറ്റിയ്ക്ക് സമൂഹത്തിലെ അർഹരായ ഒട്ടേറെ പേരുടെ കണ്ണീരൊപ്പാൻ കഴിഞ്ഞെന്നും, നിലവിൽ പ്രതിമാസ വിധവ സഹായം, സ്കോളർഷിപ്പുകൾ, ചികിത്സ സഹായം, വിദ്യാഭ്യാസ സഹായങ്ങൾ, ഭാവന നിർമ്മാണ സഹായങ്ങൾ, വിവാഹ സഹായങ്ങൾ തുടങ്ങിയ ചെയ്തു വരുന്നെന്നും ടി.എം മാത്യു പറഞ്ഞു. 

ഗുഡ്ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് , ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, മാധ്യമ പ്രവർത്തകരായ സാം കൊണ്ടാഴി, എബ്രഹാം വടക്കേത്ത്, സ്റ്റാൻലി ചേലക്കര , കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു തടത്തിവിള തുടങ്ങിയവർ പങ്കെടുത്തു.

സമർപ്പണ ശുശ്രൂഷ ദൃശ്യങ്ങൾ

ബിജോയും ഉഷസും ഗുഡ്‌ന്യൂസ് പ്രവർത്തകർക്കൊപ്പം 

Advertisement