ജീവൻ രക്ഷിക്കാൻ യുവാക്കൾ മരുന്നുമായി ബെംഗളുരുവിൽ നിന്ന് ആലപ്പുഴയിലേക്ക് ; കൊറൊണക്കാലത്തെ നല്ലമാതൃക

0
2702

ചാക്കോ കെ തോമസ് ,ബെംഗളുരു

ബെംഗളുരു: ലോക്ഡൗണിൻ്റെ കർശന നിയന്ത്രണങ്ങൾക്കിടയിലും ദൈവദൂതനെ പോലെ അപരിചിതനായൊരാൾക്ക് മരുന്നെത്തിക്കാൻ സ്വന്തം കാറിൽ ബെംഗളുരുവിൽ നിന്ന് ആലപ്പുഴയിലേക്ക് അവർ എത്തി .
അടൂർ ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം തേജസ് ഭവനിൽ ഷൈൻ ഡാനിയേലും കൂട്ടുകാരൻ മാവേലിക്കര സ്വദേശി രാജൻ പി വർഗീസുമാണ് 20 മണിക്കൂർ വാഹനമോടിച്ച് മരുന്നെത്തിച്ച് ഒരു ജീവന് താങ്ങായത്.
കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിൽ രോഗിയുടെ ബന്ധുക്കൾ വിവരമറിയിച്ചതനുസരിച്ച് അധികൃതർ പോലീസ് അധികാരികളെ വിവരമറിയിക്കുകയായിരുന്നു. ഡിവൈഎസ്പി എൻ സജിയുടെയും എസ്ഐ ലാൽജിയുടെയും നിർദേശപ്രകാരം ആലപ്പുഴ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ യുനൈഫ് ബെംഗളുരുവിലുള്ള സുഹൃത്ത് രാജനെ വിളിച്ച് മരുന്ന് എത്തിക്കാമോ എന്ന് അന്വേഷിക്കുകയും ഉടനെ തന്നെ സുഹൃത്ത് ഷൈനിനെ വിവരമറിയിക്കുകയുമായിരുന്നു. ബെംഗളുരുവിൽ വർഷങ്ങളായ് ആതുരസേവനം ചെയ്യുന്ന ഷൈനും മുത്തൂറ്റ് ഇൻഷുറൻസിൽ ജോലി ചെയ്യുന്ന രാജനും സന്തോഷത്തോടെ മരുന്ന് എത്തിക്കുവാനുള്ള സന്നദ്ധത അറിയിച്ചു.


ബെംഗളുരുവിലെ ഫാർമസിയിൽ നിന്നും ഏപ്രിൽ 4 ശനിയാഴ്ച മരുന്നുമായ് മൈസുരു – മുത്തങ്ങ റൂട്ടിൽ യാത്ര തിരിച്ച അവരെ പലയിടത്തും പോലിസ് തടഞ്ഞു. ബന്ധിപൂർ ചെക്പോസ്റ്റിൽ കുറച്ച് തടസ്സമുണ്ടായെങ്കിലും അവിടെ നിന്നും രാത്രി 8.15ന് മുത്തങ്ങയിൽ എത്തിയപ്പോളാണ് ശരിക്കും പെട്ടത്. അവിടുത്തെ ഉദ്യോഗസ്ഥർ കടത്തി വിടാതെ തിരികെ പോകണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും മുഴക്കി. മൊബെൽ ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ ആരെയും വിളിക്കുവാനും സാധിക്കാതെയായ്. തിരിച്ച് പോയാൽ വനത്തിനകത്ത് പെട്ടു പോകും. ആനകൾ കൂട്ടത്തോടെ ഇറങ്ങുന്ന സമയമമാണ്. അറിയാത്തൊരാളുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങി തിരിച്ച ഞങ്ങളെ കൈവിടല്ലേ എന്ന് ഷൈൻ കരഞ്ഞ് പ്രാർഥിക്കാൻ തുടങ്ങി. ജീവിതത്തിൽ ഇന്നു വരെ ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് ഷൈൻ പറഞ്ഞു. തിരിച്ച് 18 കി.മീ വണ്ടിയോടിച്ച് പോകുബോൾ വഴിയിൽ ആനകൾ നിൽക്കുന്നു. ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആര്? പ്രാർഥനയോടെ കുറച്ചു ദൂരം പോയപ്പോൾ മൊബൈൽ റേഞ്ചിലെത്തി. ഉടനെ ആലപ്പുഴ എസ് ഐ ലാൽജിയെ വിളിച്ചു വിവരം പറഞ്ഞു. ഒന്നും കൊണ്ടും വിഷമിക്കേണ്ട നിങ്ങൾ മുത്തങ്ങയിലേയ്ക്ക് പോന്നോളു എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും കളക്ടറും മറ്റും സംസാരിച്ച് രണ്ട് മിനിറ്റ് കൊണ്ട് മുത്തങ്ങയിലെ തടസ്സമായ് കേരളത്തിലെത്തി.
കൈയ്യിലുണ്ടായിരുന്ന ബിസ്ക്കറ്റുകൾ മാത്രം ഭക്ഷിച്ച് യാത്ര ചെയ്തിരുന്ന അവർ ക്ഷീണിതരായിരുന്നു. അർധരാത്രി കോഴിക്കോടെത്തി ഒരു പെട്രോൾ പമ്പിൽ വണ്ടി നിർത്തി കുറച്ച് ഉറങ്ങി. പുലർച്ചെ 4 ന് വീണ്ടും യാത്ര തുടങ്ങി രാവിലെ 9 ന് ആലപ്പുഴയിലെത്തി മരുന്ന് സപെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറി. ഒരു ജീവൻ കാക്കാൻ പല പ്രതിസന്ധികളും തരണം ചെയ്ത് 20 മണിക്കൂർ വണ്ടിയോടിച്ച് ആലപ്പുഴയിലെത്തിയ ഷൈനെയും രാജനെയും രോഗിയുടെ ബന്ധുക്കൾ വിളിച്ച് നന്ദി അറിയിച്ചു.
അടൂർ ആനന്ദപ്പളളി തേജസ് ഭവനിൽ വി എസ് ദാനിയേലിൻ്റെയും ഗ്രേയ്സി ദാനിയേലിൻ്റെയും മൂത്ത മകനാണ് ഷൈൻ. ബെംഗളുരുവിൽ ജാലഹള്ളി ചൊക്കസാന്ദ്ര ഗ്രേയ്സ് എജി സഭാംഗമായ ഷൈൻ ബെംഗളുരുവിൽ നഴ്സിങ് കോളേജും ആതുര സേവനവും നടത്തുന്നു.
ഭാര്യ സിലിമോൾ ജോൺ
മകൻ ആദം ഷൈൻ ദാനിയേൽ.

LEAVE A REPLY

Please enter your comment!
Please enter your name here