ഗുഡ്ന്യൂസിന്‍റെ എളിയ ശുശ്രൂഷ 45 വര്‍ഷം പിന്നിടുന്നു

ഗുഡ്ന്യൂസിന്‍റെ എളിയ ശുശ്രൂഷ 45 വര്‍ഷം പിന്നിടുന്നു

ഗുഡ്ന്യൂസിന്‍റെ എളിയ ശുശ്രൂഷ 45 വര്‍ഷം പിന്നിടുന്നു

“യഹോവ ഇത്രത്തോളം സഹായിച്ചു”

2022 ലേക്ക് ചുവടുകള്‍ വയ്ക്കുമ്പോള്‍ യാതൊരുവിധത്തിലും ഇത് പിന്നിട്ട രണ്ടുവർഷങ്ങളെപ്പോലെ ആകരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു പലരും. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടു എന്നു നമുക്ക് വിശ്വസിക്കാവുന്ന വിധമായിരുന്നു കഴിഞ്ഞ വർഷത്തെ കാര്യങ്ങൾ. പകർച്ചവ്യാധിയുടെ മുന്നറിയിപ്പോ അടച്ചിടൽ ഭീതിയോ ഇല്ലാതിരുന്ന ഒരുവർഷം. ഒരുവിധത്തിൽ, ആവേശമുണർത്തിയ ഒരു ഉയിർത്തെഴുനെൽപ്പുപോലെയായിരുന്നു കഴിഞ്ഞവർഷം കടന്നുപോയത്.

ഗുഡ്ന്യൂസിനെ സംബന്ധിച്ചും പുതുവര്‍ഷം എപ്പോഴും പ്രതീക്ഷാ നിര്‍ഭരമാണ്. ഈ വര്‍ഷം നമ്മള്‍ 46-ആം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണല്ലോ. ജനുവരി 19-നാണ് വാര്‍ഷികദിനം. 

ഗുഡ്ന്യൂസിന്‍റെ തുടക്കവും അതിന്‍റെ ഇതഃപര്യന്തമുള്ള വളര്‍ച്ചയും മിക്കവര്‍ക്കും അറിയാം. പെന്തെക്കോസ്തിനു ഇന്നുള്ള അംഗീകാരവും സ്വീകാര്യതയും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഈ വാരികയുടെ തുടക്കം. ദൈവസഭയുടെ ഒരു അടിയന്തിര ആവശ്യമെന്നു തോന്നിയതുകൊണ്ടാണ് ആ വഴിക്കു ഒരു ചിന്ത വന്നത്. അതിനു ചില പ്രേരക ഘടകങ്ങളും ഉണ്ടായിരുന്നു. ദൈവത്തിനും അത് സ്വീകാര്യമായി തീര്‍ന്നു. അതുകൊണ്ടാണ് ആ നിയോഗം ഞങ്ങളില്‍ ചിലരെ ദൈവം ഏല്‍പ്പിച്ചത്. അവര്‍ സാധാരണക്കാരായിരുന്നു. ആരും തങ്ങളെത്തന്നെ ഉയർത്തിക്കാണിക്കുവാനോ ഗുഡ്ന്യൂസിലൂടെ പ്രസിദ്ധരാകുവാനോ ശ്രമിച്ചില്ല. ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വളരെയേറെ അഭിമാനിക്കാനുണ്ട്.

വാരിക ആരംഭിച്ചതോടെ പത്രപ്രവര്‍ത്തന, സേവന രംഗങ്ങളില്‍ പുതിയ വഴികള്‍ ദൈവം തുറന്നു. ഇപ്പോള്‍ ആ രംഗങ്ങളിലേക്കെല്ലാം കൂടുതല്‍ ശ്രദ്ധ പഠിപ്പിക്കുന്നുണ്ട്. വാരിക, ചാരിറ്റബിള്‍ സൊസൈറ്റി, ഓണ്‍ലൈന്‍ ഗുഡ്‌ന്യൂസ്, ഗുഡ്‌ന്യൂസ് ഇല്ലുമിനർ (ഇംഗ്ലീഷ് പതിപ്പ്), എന്നിവയ്ക്കെല്ലാം പിന്നില്‍ നിരവധി നിസ്വാര്‍ത്ഥ പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഈ വിജയം കൈവരിക്കാന്‍ ഗുഡ്ന്യൂസിനു കഴിയുന്നത്. ഓഫിസ് പ്രവര്‍ത്തകര്‍, എഡിറ്റര്‍മാര്‍, പ്രാദേശിക പ്രതിനിധികൾ, ഗ്രാഫിക് ഡിസൈനർമാർ, ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ബാലലോകം കൂട്ടുകാർ, ഓണ്‍ ലൈനിലും വാട്സാപ്പിലും സദാ ജാഗരൂകരായിരുന്നു ടെക്നിക്കല്‍ സേവങ്ങള്‍ നല്‍കുന്നവര്‍ അതോടൊപ്പം, വിവിധ രാജ്യങ്ങളിലും വലിയ പട്ടണങ്ങളിലും പ്രതിഫലേച്ഛ കൂടാതെ ഗുഡ്‌ന്യൂസിനെ പ്രോത്സാഹിപ്പിക്കുന്നത്തിനു രൂപപ്പെട്ടിട്ടുള്ള ചാപ്റ്റർ അംഗങ്ങൾ അതിനു നേതൃത്വം നൽകുന്നവർ, ഈ വർഷം പുതുതായി രൂപീകരിച്ച ഗുഡ്‌ന്യൂസ് കമ്യൂണിറ്റി ക്ലബ്ബുകൾ (ജി സി സി) അതിന്റെ ഭാരവാഹികൾ പരസ്യങ്ങൾ നൽകി സഹായിക്കുന്നവർ ഗുഡ്ന്യൂസ് മീഡിയ അക്കാദമി, ഗുഡ്ന്യൂസ് ടി വി എന്നീ സംരംഭങ്ങളുടെ ചുമതലക്കാർ ഇവരെല്ലാം ചേര്‍ന്നതാണ് ഗുഡ്ന്യൂസ് ടീം. പിന്നെ, പതിനായിരക്കണക്കിനു വരിക്കാരും ലക്ഷക്കണക്കിനു വായനക്കാരും. 

ഗുഡ്ന്യൂസിന്‍റെ എളിയ ശുശ്രൂഷ 45 വര്‍ഷം പിന്നിടുകയാണ്. നന്ദിയോടെയാണു ഞങ്ങള്‍ തിരിഞ്ഞുനോക്കുന്നത്. ദൈവം നടത്തിയ വഴികള്‍ നിരവധിയാണ്. ഈ ശുശ്രൂഷയ്ക്കു പിറകില്‍നിന്നു ഞങ്ങള്‍ക്കു ആവശ്യമായ ഊര്‍ജം പകര്‍ന്നുതന്നവരോടെല്ലാം ഞങ്ങള്‍ നന്ദിയുള്ളവരാണ്. കൂട്ടായ പരിശ്രമമാണു ഗുഡ്ന്യൂസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. ഞങ്ങളോടൊപ്പം നിന്ന, സഹകരണങ്ങള്‍ നല്‍കിയ, പ്രാര്‍ഥനയില്‍ ബലപ്പെടുത്തിയ ഓരോരുത്തരോടുമുള്ള നന്ദി പ്രകാശിപ്പിക്കാന്‍ വാക്കുകള്‍ പോര.

മറ്റു ക്രൈസ്തവ പ്രസിദ്ധീകരങ്ങളോടോ മാധ്യമങ്ങളോടോ ഗുഡ്‌ന്യൂസിനു മത്സരമില്ല. ഓരോ പ്രസിദ്ധീകരണത്തിനും അതതിന്റേതായ ലക്ഷ്യമുണ്ടല്ലോ.. മലയാളി പെന്തെക്കോസ്തുകാരുടെ ഐക്യത്തിനും ആത്മീയ ഉണര്‍വിനും വേണ്ടി വിഭാഗ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കണമെന്നും ലോകമെങ്ങും വളര്‍ന്നുവരുന്ന രാഷ്ട്രീയ മത അസഹിഷ്ണുതകാലത്ത് നിര്‍മല സുവിശേഷത്തിലൂടെ ജനത്തെ കര്‍ത്താവിന്‍റെ വരവിനായി ഒരുക്കിയെടുക്കണമെന്നതുമാണ് ഈ പുതുവര്‍ഷത്തിലെ ഞങ്ങളുടെ ആഗ്രഹവും ലക്ഷ്യവും. അതിനായി ദൈവസന്നിധിയില്‍ വീണ്ടും സമര്‍പ്പിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക. 

2023 പ്രത്യാശാനിര്‍ഭരമായ ഒരു വര്‍ഷമാകട്ടെ. ദൈവപ്രവൃത്തികാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കാം. വിനയപൂര്‍വം നമ്മെയും നമുക്കുള്ളതിനെയും ദൈവകരങ്ങളില്‍ സമര്‍പ്പിക്കാം. ഞങ്ങളുടെ എല്ലാ മിത്രങ്ങളുടെയും നിര്‍ലോഭമായ സഹകരണവും പ്രാര്‍ഥനയും ഒരിക്കല്‍ക്കൂടെ അഭ്യര്‍ഥിക്കുന്നു. പുതിയവര്‍ഷം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. കൂടുതല്‍ ഫലകരമായ ശുശ്രൂഷകള്‍ക്കു ഞങ്ങളെത്തന്നെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നു. നന്ദിപുരസ്സരം വീണ്ടും ദൈവസന്നിധിയിൽ പറയട്ടെ: "മാറാ-നാഥാ; യഹോവ ഇത്രത്തോളം സഹായിച്ചു".

Advertisement