പ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് പോഡ്കാസ്റ്റ് സംഘത്തില്‍ ഇടം നേടി അബിയ
വടശ്ശേരിക്കര സെന്റർ പാസ്റ്ററും ഐപിസി മുൻ ജനറൽ ജോയിന്റ് സെക്രട്ടറിയുമായിരുന്ന പാസ്റ്റർ എം പി ജോർജ്കുട്ടിയുടെ കൊച്ചുമകളാണ് അബിയ
ഡ്യൂക്ക് ഓഫ് എഡിന്‍ബറോ പുരസ്‌കാരത്തിന്റെ ഭാഗമായുള്ള നാവിഗേറ്റിങ് നൗ പോഡ്കാസ്റ്റ് സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി വിദ്യാര്‍ഥിനിയും.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണില്‍ താമസിക്കുന്ന പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് - അനു ദമ്പതികളുടെ മകള്‍ അബിയ ജോര്‍ജിനാണ്(15) നാവിഗേറ്റിങ് നൗ ലൈവ് പോഡ്കാസ്റ്റില്‍ സഹ ആഥിതേയത്വം വഹിക്കുന്നതിന് അവസരം ലഭിച്ചത്.
ഡ്യൂക്ക് ഓഫ് എഡിന്‍ബറോയുടെ മല്‍സരാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുത്ത പ്രതിഭകള്‍ക്കുള്ള വെങ്കല പുരസ്‌കാരം അബിയ നേടിയിരുന്നു. ഇവരില്‍ നിന്ന് ഓഡിഷനിലൂടെയാണ് പോഡ്കാസ്റ്റിന്റെ ഭാഗമാകാന്‍ അവസരം ഒരുങ്ങിയത്.
യുവാക്കളെ ഭാവിക്കു വേണ്ടി സ്വയം പ്രാപ്തരാക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി അന്തരിച്ച ഫിലിപ്പ് രാജകുമാരന്‍ ആരംഭിച്ച ട്രസ്റ്റാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ട്രസ്റ്റ്. രാജകുടുംബത്തിന്റെ മേല്‍നോട്ടത്തിലുള്ള ഈ ട്രസ്റ്റിന്റെ നേതൃത്വനത്തില്‍ മികവുതെളിയിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നാണ് സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കളെ കണ്ടെത്തുന്നത്. ഇതില്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് വെള്ളി, സ്വര്‍ണ മെഡലുകളിലേയ്ക്കു മല്‍സരിക്കാന്‍ അവസരമുണ്ടാകും. വെള്ളി, സ്വര്‍ണ മെഡലുകളിലേയ്ക്കുള്ള ചുവടു വയ്പിലാണ് വെങ്കല മെഡല്‍ ജേതാവായ അബിയ. ഇതിന്റെ ഭാഗമായുള്ള പോഡ്കാസ്റ്റാണ് നാവിഗേറ്റിങ് നൗ.
ട്രസ്ര്റ്റിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീളുന്ന മല്‍സര പരിപാടികളിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നത്. മാപ്പിന്റെ സഹായത്തോടെ കയ്യിലുള്ള ഭക്ഷണം മാത്രം ഉപയോഗിച്ച് കാട്ടിലൂടെ ഒരു രാത്രിയും രണ്ടു പകലുമായി 21 മൈലുകളില്‍ ഏറെ നടക്കുന്നത് ഉള്‍പ്പടെ വിവിധ മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയാണ് അബിയ ഉള്‍പ്പടെയുള്ള സംഘം വെങ്കലം നേടിയത്. വെള്ളിക്കായി നാലു ദിവസവും സ്വര്‍ണത്തിനായി അഞ്ചു ദിവസവും ഇത്തരത്തില്‍ നടന്നു വേണം മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കാന്‍. പാടാനുള്ള കഴിവ്, സംഘാടന ശേഷി, സ്‌പോര്‍ട്‌സ് തുടങ്ങിയ മൊഡ്യൂളുകളിലും അബിയ കഴിവു തെളിയിച്ചിരുന്നു.