ജിമ്മി കാർട്ടർ (100) അന്തരിച്ചു
വാർത്ത: സാം മാത്യു, ഡാളസ് .
ഡാളസ്: അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിനും, ദീർഘകാല സൺഡേ സ്കൂൾ അധ്യാപകനെന്ന നിലയിലും പ്രസിദ്ധനായിരുന്നു. അമേരിക്കയുടെ 39-ാം മത് പ്രസിഡൻ്റായിരുന്നു.
ജോർജ്ജിയ സംസ്ഥാനത്തെ സ്വഭവനത്തിൽ ഭവനാംഗങ്ങളുടെ സാന്നിധ്യത്തിൽ ഡിസംബർ 29 ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. 1924 -ൽ ജനിച്ച ഇദ്ദേഹം 1970-ൽ ജോർജിയ ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിൻ്റെ സന്നദ്ധ പ്രവർത്തനവും, ക്രിസ്തീയ വിശ്വാസവും, സമൂഹത്തോടുമുള്ള സേവനവും ശ്രദ്ധേയമായിരുന്നു. പ്രസിഡൻ്റ് പദവിയിൽ നിന്നും മാറിയ ശേഷം ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി എന്ന സംഘടനയുമായി ചേർന്ന് പതിറ്റാണ്ടുകളോളം അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1980-കളിൽ തുടങ്ങി, ജോർജിയയിലെ മാറാനാഥ ബാപ്റ്റിസ്റ്റ് ചർച്ച് ഓഫ് പ്ലെയിൻസിലെ സ്ഥിരം സൺഡേ സ്കൂൾ അധ്യാപകനായിരുന്നു കാർട്ടർ. ഇദ്ദേഹം സണ്ടേസ്കൂൾ ക്ലാസുകൾ എടുക്കുന്ന സമയ വിവരങ്ങൾ മാറാനാഥാ സഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പങ്കെടുക്കുവാൻ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് സന്ദർശകർ എത്തിയിരുന്നു.
2015-ൽ ക്യാൻസറുമായി മല്ലിടുമ്പോഴും ക്ലാസുകൾക്ക് ഇദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. വാർദ്ധക്യവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും COVID-19 പകർച്ചവ്യാധി കാരണം 2020 ൽ 40 വർഷത്തോളം ചെയ്തുവന്നിരുന്ന സണ്ടേസ്കൂൾ അധ്യാപനം നിർത്തി.
സമാധാനത്തിൻ്റെ നോബൽ സമ്മാനം നേടിയിട്ടുണ്ട്. 1976-ൽ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ കാർട്ടർ, യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സതേൺ ബാപ്റ്റിസ്റ്റ് വിശ്വാസി ആയ പ്രസിഡൻ്റായി.
കാർട്ടർ ദീർഘകാലം സതേൺ ബാപ്റ്റിസ്റ്റായിരുന്നു എങ്കിലും, മറ്റ് കാരണങ്ങളോടൊപ്പം, വനിതകളെ ശുശ്രൂഷകരായി നിയമിക്കാൻ വിസമ്മതിച്ചതിനാൽ 2000-ൽ സതേൺ ബാപ്റ്റിസ്റ്റ് സഭാ വിഭാഗം വിട്ടു.
സഭയിൽ ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ സ്ത്രീകൾ തികച്ചും തുല്യമായ പങ്ക് വഹിക്കണമെന്ന് തനിക്ക് വ്യക്തിപരമായി അഭിപ്രായമുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റിനെക്കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങൾ, യാഥാസ്ഥിതിക ക്രിസ്ത്യാനിത്വത്തെ കുറിച്ച് തൻ്റെ അഭിപ്രായങ്ങൾ, മറ്റ് രാഷ്ട്രീയ, മത വിഷയങ്ങൾ എന്നിവയ്ക്ക് കാർട്ടറിൻ്റെ അഭിപ്രായ പ്രകടനങ്ങൾ ഇടയ്ക്കിടെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
കാർട്ടർ 30-ലധികം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. The Blood of Abraham: Insights into the Middle East, Living Faith, Sources of Strength: Meditations on Scripture for a Living Faith, NIV Lessons from the the Life Bible: Personal Reflections with Jimmy Carter എന്നിവ ഇവയിൽ ചിലത് മാത്രമാണ്.