ബൈഡനും കമല ഹാരിസിനും വേണ്ടി പ്രാർത്ഥിക്കുക: ഫ്രാങ്ക്ലിന്‍ ഗ്രഹാമിൻ്റെ ആഹ്വാനം

0
1490

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ബുധനാഴ്ചത്തെ കാപ്പിറ്റോള്‍ കലാപത്തെത്തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് വിജയികളായ ജോബൈഡനും, കമലാഹാരിസിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി പ്രശസ്ത വചനപ്രഘോഷകന്‍ ഫ്രാങ്ക്ലിന്‍ ഗ്രഹാം.

നിയുക്ത ഭരണാധികാരികള്‍ക്ക് വേണ്ടി ക്രൈസ്തവര്‍ പ്രാര്‍ത്ഥനയില്‍ ഹൃദയങ്ങളെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍, സമരിറ്റന്‍ പഴ്സ് എന്നിവയുടെ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ ട്വീറ്റില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുവാന്‍ തയ്യാറാകാത്ത പ്രക്ഷോഭകര്‍ നടത്തിയ കലാപത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനായിരുന്ന ഫ്രാങ്ക്ലിന്‍ ഗ്രഹാമിനെ ഇത്തരത്തില്‍ ആഹ്വാനം നല്‍കുവാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ആഭ്യന്തര യുദ്ധത്തിനു ശേഷമുള്ള എക്കാലത്തേയും വലിയ വിഭാഗീയതയാണ് ഇപ്പോള്‍ രാഷ്ട്രം നേരിടുന്നതെന്നും, രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഇരുപക്ഷവും ഉത്തരവാദികളാണെന്നും അമേരിക്കന്‍ ജനതയുടെ നന്മക്ക് വേണ്ടി ഇരുപക്ഷവും ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ ട്വീറ്റില്‍ പറയുന്നു. “നമ്മുടെ രാഷ്ട്രം പ്രതിസന്ധിയിലാണ്. ദൈവത്തിന്റെ സൗഖ്യവും, സഹായവും നമുക്ക് ആവശ്യമുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ സമാധാനത്തിനും സംരക്ഷണത്തിനും വേണ്ടി നമുക്കൊരുമിച്ച് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കാം” ഫ്രാങ്ക്ലിന്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here