ചാക്കോ കെ തോമസ്, ബെംഗളുരു
മലാവി: കൊറോണ ബാധിച്ചവരുടെ സൗഖ്യത്തിനും, കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടേയും, രോഗം ബാധിക്കാത്തവരുടെ സംരക്ഷണത്തിനും , കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ദൈവീക ഇടപെടല്‍ യാചിച്ചു കൊണ്ടും ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്ക് ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ തുടക്കം. ഈ ദിവസങ്ങളില്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും തന്നോടൊപ്പം പങ്കുചേരണമെന്ന് മലാവി പ്രസിഡന്റ് ലസാറസ് ചക്വേര അഭ്യർഥിച്ചു. ദൈവം നല്കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ജൂലൈ 19 ‘ദേശീയ കൃതജ്ഞതാദിന’മായും ആചരിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
ഏതാണ്ട് 24 വര്‍ഷത്തോളം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന ചക്വേര ഇക്കഴിഞ്ഞ ജൂണ്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി പീറ്റര്‍ മുതാരിക്കയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മലാവിയുടെ പുതിയ പ്രസിഡന്റായത്. അഴിമതികൊണ്ട് നട്ടംതിരിഞ്ഞ ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രങ്ങളിലൊന്നായ മലാവിക്ക് ചക്വേരയുടെ തെരഞ്ഞെടുപ്പ് വിജയം പുതിയ പ്രതീക്ഷയാണ് പകരുന്നത്.
ഇതുവരെ മലാവിയില്‍ 2614 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആയിരത്തിയഞ്ചു പേര് രോഗവിമുക്തരായപ്പോള്‍ 43 പേര് മരണപ്പെട്ടു. ദൈവത്തില്‍ ആശ്രയിച്ച് വരും നാളുകളെ സംരക്ഷണത്തിന്റെ ദിവസങ്ങളാക്കി മാറ്റുവാനാണ് മലാവിയന്‍ ഭരണകൂടത്തിന്റെ തീരുമാനം. ജൂലൈ 16ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന നാളെ സമാപിക്കും.