നൈജീരിയയിൽ നൂറുകണക്കിന് ക്രൈസ്തവരുടെ ജീവൻ രക്ഷിച്ച മുസ്ലീം ഇമാമിന് അമേരിക്കയുടെ ആദരവ്

0
930

ചാക്കോ കെ തോമസ്, ബെംഗളുരു

വാഷിംഗ്‌ടണ്‍: കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ നൈജീരിയയില്‍ നടന്ന ആക്രമണത്തിനിടക്ക് നൂറുകണക്കിന് ക്രൈസ്തവരുടെ ജീവന്‍ രക്ഷിച്ച നൈജീരിയന്‍ മുസ്ലീം ഇമാമിന് ട്രംപ് ഭരണകൂടത്തിന്റെ ആദരവ്. ഈ വര്‍ഷത്തെ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡ് നല്‍കിയാണ്‌ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എണ്‍പത്തിമൂന്നുകാരനായ ഇമാം അബൂബക്കര്‍ അബ്ദുല്ലാഹിയെ ആദരിച്ചത്. 262 ക്രൈസ്തവരുടെ ജീവനാണ് ഇദ്ദേഹം രക്ഷിച്ചത്. അബ്ദുല്ലാഹിക്ക് പുറമേ അഞ്ചുപേര്‍ പേര്‍ കൂടി 2019-ലെ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡിനു അര്‍ഹരായിട്ടുണ്ട്. നിസ്വാര്‍ത്ഥമായി സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഇതര മതവിഭാഗത്തില്‍പെട്ടവരുടെ ജീവന്‍ അബ്ദുല്ലാഹി രക്ഷിച്ചതെന്നും ഇദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലാതിരുന്നുവെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
2018 ജൂണ്‍ 23-ന് തീവ്ര ഇസ്ളാമിക നിലപാടുള്ള ഫുലാനി മുസ്ലീം ഗോത്രക്കാര്‍ നടത്തിയ ആക്രമണത്തിനിടക്ക് സ്വന്തം ഭവനത്തിലും, മോസ്കിലും ഒളിപ്പിച്ചാണ്‌ അബ്ദുല്ലാഹി ക്രിസ്ത്യാനികളുടെ ജീവന്‍ രക്ഷിച്ചത്. തന്റെ മധ്യാഹ്ന നിസ്കാരം അവസാനിപ്പിക്കുമ്പോഴാണ്‌ അബ്ദുല്ലാഹി പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ ജീവന് വേണ്ടി പരക്കം പായുന്നത് കണ്ട അബ്ദുല്ലാഹി ഒട്ടും മടിക്കാതെ അവരെ തന്റെ ഭവനത്തിലും, സമീപത്തെ മുസ്ലീം പള്ളിയിലുമായി ഒളിപ്പിക്കുകയായിരിന്നു. ശേഷം ഭവനത്തിന് പുറത്തിറങ്ങിയ ഇമാം അക്രമികളെ തന്റെ ഭവനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയും ക്രൈസ്തവരുടെ ജീവന് പകരം തന്റെ ജീവന്‍ വാഗ്ദാനം ചെയ്തു.
അന്നത്തെ ആക്രമണത്തില്‍ ന്‍ഗാര്‍ ഗ്രാമത്തിലെ 84 ക്രിസ്ത്യാനികളുടെ ജീവന്‍ നഷ്ടപ്പെട്ടുവെങ്കിലും അബ്ദുല്ലാഹിയുടെ ഇടപെടല്‍ 262 പേരുടെ ജീവന്‍ രക്ഷിച്ചു. സുഡാനിലെ മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച മൊഹമ്മദ്‌ യോസഫ് അബ്ദാല്‍റഹ്മാന്‍; വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും, വിവേചനത്തിനെതിരെ പോരാടുകയും, ദുര്‍ബ്ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്ത ബ്രസീലിലെ ഇവാനിര്‍ ഡോസ് സാന്റോസ്, ഇറാഖില്‍ മതസ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശങ്ങള്‍ക്കുമായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച വില്ല്യം, വിവിധ മതവിഭാഗങ്ങളും, മതനേതാക്കളും, മതസംഘടനകളുമായി സഹകരിച്ച് മതസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന സൈപ്രസ് സ്വദേശിനി സാല്‍പി എസ്കിഡിജിയന്‍ വെയ്ഡെറുഡുവുമാണ് അബ്ദുല്ലാഹിക്ക് പുറമേ അവാര്‍ഡിനര്‍ഹരായ മറ്റ് വ്യക്തികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here