ഷെഡ് വീടാക്കാനുള്ള സ്വപ്നം പൂർത്തിയാക്കാതെ ബിനോയ് യാത്രയായി

ഷെഡ് വീടാക്കാനുള്ള സ്വപ്നം  പൂർത്തിയാക്കാതെ ബിനോയ് യാത്രയായി

ഡെന്നി പുലിക്കോട്ടിൽ ( ഗുഡ്ന്യൂസ്)

കുന്നംകുളം : കുടുംബമായി കയറിക്കിടക്കാൻ ഒരു വീട് എന്ന സ്വപ്നം പൂർത്തിയാക്കാതെ ബിനോയ് നിത്യഭവനത്തിലേക്ക് യാത്രയായി. ചാവക്കാട് തെക്കൻ പാലയൂരിൽ താമസിക്കുന്ന തോപ്പിൽ വീട്ടിൽ ബിനോയ് തോമസി (44) നും കുവൈറ്റ് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചു. പാലുവായ് ബെഥേൽ ക്രിസ്ത്യൻ ചർച്ച് സഭാംഗമായിരുന്നു.

തിരുവല്ല സ്വദേശി തോപ്പിൽ ബാബു മോളി ദമ്പതികളുടെ മകനായ ബിനോയ് വർഷങ്ങളായി പാവറട്ടിയിൽ ഫുട്ട് വെയർ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തോളമായി കുടുംബമായി വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 

മൂന്ന് മാസം മുൻപാണ് സഭാ പാസ്റ്റർ കുരിയാക്കോസ് ചക്രമാക്കിലിൻ്റെ പ്രത്യേക താല്പര്യപ്രകാരം സഭാ വിശ്വാസികളുesയും അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെ ബിനോയ് സ്വന്തമായി സ്ഥലമെടുത്ത് വീടിൻ്റെ മാതൃകയിൽ ഷെഡ് നിർമ്മിച്ച് അതിലേക്ക് മാറിയത്. ചതുപ്പ് നിലം നികത്തിയ സ്ഥലത്ത് ഹോളോബ്രിക്സ് ഉപയോഗിച്ച് അതിമേൽ ഇരുമ്പ് ഷീറ്റ് മേഞ്ഞ ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. ഈ ഷെഡ് ഒരു വീടാക്കാനുള്ള മോഹമായിരുന്നു ബിനോയ് തോമസിനെ കുവൈറ്റിലെത്തിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഗൾഫിലേക്കുള്ള ആദ്യ യാത്രത്തിൽ കുവൈറ്റിലെത്തിയത്. പിറ്റേ ദിവസം വ്യാഴാഴ്ച്ച ജോലിയിൽ പ്രവേശിച്ചു. എൻ ബി ടി സി കമ്പനിയുടെ കീഴിലുള്ള ഹൈവേ സെൻ്റർ ഹൈപ്പർ മാർക്കറ്റിലായിരുന്നു ജോലി.

സുഹൃത്ത് തിരുവല്ല സ്വദേശി സാബുവാണ് ഈ കമ്പനിയിൽ ജോലി തരപ്പെടുത്തി കൊടുത്തത്. അഞ്ചു ദിവസം മാത്രമെ അവിടെ ജോലി ചെയ്യാനായുള്ളു. സംഭവ ദിവസം ജോലി കഴിഞ്ഞെത്തിയ ബിനോയ് പുലർച്ചെ രണ്ടര വരെ ഭാര്യ ജനിതയുമായി ഓൺലൈനിൽ സംസാരിച്ചിരുന്നു. പിന്നീട് രണ്ടര മണിക്കൂർ കഴിഞ്ഞാണ് കെട്ടിടത്തിൽ തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിലെ കെട്ടിടത്തിലെ ആറാം നിലയിലായിരുന്നു ബിനോയ് താമസിച്ചിരുന്നത്. പുതിയ ആളായതിനാൽ മൃതദേഹം തിരിച്ചറിയാനായില്ല. ബിനോയ് ജോലിക്കെത്താത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കാൺമാനില്ലെന്ന വിവരം നാട്ടിലെത്തിയത്.

പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദറെ ജനിതയുടെ ബന്ധുക്കൾ ഇക്കാര്യം അറിയിച്ചതോടെയാണ് വാർത്ത പുറത്തറിയുന്നത്. അബ്ദുൽ ഖാദർ കുവൈറ്റിലെ നോർക്കയുമായി ബന്ധപ്പെട്ടു. അതിനിടയിലാണ് ബിനോയ് മരിച്ച വിവരം സ്ഥിരീകരിച്ചത്. പിന്നെയും മണിക്കൂറുകൾക്ക് ശേഷമാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം ജിനിതയെയും അറിയിച്ചത്. 

മൃതദേഹം ഇന്ന് (വെള്ളി) രാവിലെ നെടുമ്പാശേരിയിൽ ഏറ്റുവാങ്ങിയ ശേഷം ഉച്ചയോടെ വീട്ടിൽ കൊണ്ടുവരും തുടർന്ന് ഉച്ചകഴിഞ്ഞു 3 ന് കുന്നംകുളം വി. നാഗൽ ബറിയൽ ഗ്രൗണ്ടിൽ സംസ്കരിക്കും.

ബികോം വിദ്യാർഥി ആദി, ഒന്നാം ക്ലാസ് വിദ്യാർഥി ഇവാൻ എന്നിവർ മക്കളാണ്.