നൈജീരിയയിൽ ക്രിസ്ത്യൻ പെൺകുട്ടിയെ അഗ്നിക്കിരയാക്കി
വാർത്ത: പി.എസ് ചെറിയാൻ
സൊകോട്ടോ: നൈജീരിയയിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ വിദ്യാർഥിനിയെ അടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ചു എന്ന ഞെട്ടിക്കുന്ന വാർത്ത അന്തർദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. അതിദാരുണമായ സംഭവം ഭീതിയോടെയാണ് ലോകമറിഞ്ഞത്. നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ സൊകോട്ടോയിലെ ഷെഹു ഷാഗിരി കോളജിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ദെബോര യാക്കൂബു എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.
വിദ്യാർത്ഥിനി വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഒരു ശബ്ദശകലത്തിൽ പ്രവാചകനെ നിന്ദിക്കുന്നുണ്ട് എന്ന ആരോപണത്തെ തുടർന്നാണ് ആക്രമണമുണ്ടായത്.കോളജ് അധികാരികളും പോലീസും പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ” പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തെങ്കിലും അക്രമികൾ ചെറുത്തുനിന്നു “എന്ന് സംഭവത്തിനു ദൃക്സാക്ഷിയായ സുമ്മായ ഉസ്മാൻ എന്ന വിദ്യാർഥി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. സൊ കോട്ടോ സുൽത്താനേറ്റ് കൗൺസിൽ സംഭവത്തെ അപലപിച്ചു.
ആരോപണത്തെ തുടർന്ന് സ്കൂൾ അധികാരികൾ സുരക്ഷിതത്വം നൽകിയ മുറിയിൽനിന്ന് അക്രമികൾ പെൺകുട്ടിയെ ബലം പ്രയോഗിച്ച് വലിച്ചിഴയ്ക്കുകയും അടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തിയശേഷം അഗ്നിക്കിരയാക്കുകയായിരുന്നു എന്ന് പോലീസ് വക്താവ് സാൻ സുയി അബൂബക്കർ പറഞ്ഞു. ഇതേതുടർന്ന് സൊകോട്ടോ ഗവർണർ അമിനു മാഹിരി താംബുവയിൽ കോളജ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കൻ നൈജീരിയായിൽ ന്യൂനപക്ഷമായ ക്രൈസ്തവർ മത തീവ്രവാദികളുടെ ആക്രമണത്തിന് നിരന്തരം ഇരയാകുന്നുണ്ട്. വിദ്യാർഥിയുടെ കൊലപാതകത്തിൽ കനത്ത പ്രതിഷേധം രാജ്യത്ത് ഉയരുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും
Advertisement