പ്രാർഥനയേക്കാൾ ശക്തിയേറിയത് മറ്റൊന്നില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

0
1604

അമേരിക്കയിലെ ജനങ്ങൾ പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കാനാണ് എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച ദേശീയ പ്രാര്‍ത്ഥനാദിനമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്

ചാക്കോ കെ തോമസ്, ബെംഗളുരു.

വാഷിംഗ്ടണ്‍ ഡി‌സി: പ്രാർത്ഥനയേക്കാൾ ശക്തിയേറിയ മറ്റൊന്നില്ലായെന്നും ഒരു രാജ്യമെന്ന നിലയിൽ പ്രാർത്ഥനയുടെ ശക്തിയിൽ എല്ലാക്കാലവും അമേരിക്ക വിശ്വസിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദേശീയ പ്രാര്‍ത്ഥനാദിനത്തോട് അനുബന്ധിച്ച് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് പ്രാർത്ഥനയുടെ ശക്തിയെപ്പറ്റി ട്രംപ് വാചാലനായത്.

വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് നൂറോളം മത നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തു. മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ട്രംപ് മത വിശ്വാസികൾക്ക് നേരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങളും, തീവ്രവാദവും അവസാനിപ്പിക്കണമെന്ന് പറഞ്ഞു. ശ്രീലങ്കയിൽ ഇസ്ലാമിക തീവ്രവാദികൾ വധിച്ച ക്രൈസ്തവരെ ട്രംപ് തന്റെ പ്രസംഗത്തിനിടയിൽ സ്മരിച്ചു.
ഇതിന്‍ മുന്‍പ് മറ്റു പല അവസരങ്ങളിലും പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി ട്രംപ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷത്തെ നാഷണൽ പ്രയർ ഡേയിൽ പ്രാർത്ഥനയാണ് അമേരിക്കയുടെ അടിസ്ഥാനമെന്ന് പ്രസിഡന്റ് ഓർമപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസിലെ കൂടികാഴ്ചകൾ പോലും പ്രാർത്ഥനയോടുകൂടി തുടങ്ങണമെന്ന് ട്രംപ് നിർദ്ദേശം നൽകിയതായി കഴിഞ്ഞവർഷം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരിന്നു. അമേരിക്കയിലെ ജനങ്ങൾ പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കാനാണ് എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച ദേശീയ പ്രാര്‍ത്ഥനാദിനമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here