ടെക്സാസ് പബ്ലിക് സ്കൂളിൽ ബൈബിൾ പഠിപ്പിക്കാൻ വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകാരം
ചാക്കോ കെ തോമസ് ബാംഗ്ലൂർ
ഓസ്റ്റിൻ (ടെക്‌സസ്): പൊതു ക്ലാസ് മുറികളിൽ മതത്തിന് വലിയ സാന്നിധ്യം നൽകാൻ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള മറ്റു സംസ്ഥാനങ്ങളോട് ചേർന്ന് പ്രാഥമിക വിദ്യാഭ്യാസ സ്കൂളുകളിൽ ബൈബിൾ അധിഷ്ഠിതമായ പാഠങ്ങൾ പഠിപ്പിക്കുന്നതിന് ടെക്‌സാസിലെ വിദ്യാഭ്യാസ ബോർഡ് വെള്ളിയാഴ്ച വോട്ട് ചെയ്തു അംഗീകാരം നൽകി.
തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻമാർ നിയന്ത്രിക്കുന്ന ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ അംഗീകരിച്ച പാഠ്യപദ്ധതി സ്കൂളുകൾക്ക് സ്വീകരിക്കാൻ ഉള്ള സ്വതന്ദ്ര്യം ഉണ്ട്. എന്നാൽ അങ്ങനെ ചെയ്താൽ അവർക്ക് അധിക ധനസഹായം ലഭിക്കും. മെറ്റീരിയലുകൾ അടുത്ത അധ്യയന വർഷത്തിൽ തന്നെ ക്ലാസ് മുറിയിൽ എത്തിക്കും.
ടെക്‌സാസിലെ പബ്ലിക് സ്‌കൂളുകളിലെ 5 ദശലക്ഷത്തിലധികം വിദ്യാർത്ഥികളുടെ മേൽനോട്ടം വഹിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ഏജൻസി നൽകിയ പാഠപദ്ധതികൾക്ക് റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ട് പിന്തുണ അറിയിച്ചു. പാഠ്യപദ്ധതിയെ എതിർക്കുന്ന രക്ഷിതാക്കളും അധ്യാപകരും ഈ പാഠങ്ങൾ മറ്റ് വിശ്വാസ പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികളെ അകറ്റുമെന്ന് പറഞ്ഞു.
ബൈബിൾ അമേരിക്കൻ ചരിത്രത്തിൻ്റെ ഒരു പ്രധാന സവിശേഷതയാണെന്നും അത് പഠിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ സമ്പന്നമാക്കുമെന്നും പിന്തുണക്കാർ വാദിച്ചു.
പൊതുവിദ്യാലയങ്ങളിൽ മതത്തിന് കൂടുതൽ സാന്നിദ്ധ്യം നൽകുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് പുതിയ ടെക്സാസ് പാഠ്യപദ്ധതി. ഒക്ലഹോമയിൽ സംസ്ഥാന വിദ്യാഭ്യാസ മേധാവി എല്ലാ ക്ലാസ് മുറികളിലും ബൈബിളിൻ്റെ ഒരു പകർപ്പ് വയ്ക്കാൻ അനുമതി നൽകി. അതേസമയം ലൂസിയാന സംസ്ഥാനത്തെ എല്ലാ പൊതു സ്കൂൾ ക്ലാസ് മുറികളും അടുത്ത വർഷം മുതൽ ബൈബിളിലെ പത്ത് കൽപ്പനകൾ പോസ്റ്റുചെയ്യാൻ അനുവാദം നൽകി.
പുതിയ പാഠ്യപദ്ധതിയോടെ, ഈ രീതിയിൽ സ്കൂളുകളിൽ ബൈബിൾ പാഠങ്ങൾ പഠിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനം ടെക്സസ് ആയിരിക്കുമെന്ന് വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റിയിലെ പബ്ലിക് പോളിസി ആൻഡ് എഡ്യൂക്കേഷൻ അസിസ്റ്റൻ്റ് പ്രൊഫസർ മാത്യു പാട്രിക് ഷാ പറഞ്ഞു.
Advertisement