ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പരസ്യമായി മാപ്പ് ചോദിച്ചു കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി

0
630

 

ജാലിയൻവാല ബാഗ് സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു ആർച്ച് ബിഷപ്

മോൻസി മാമ്മൻ തിരുവനന്തപുരം

അമൃത്സർ: അമൃത്സറിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ സ്മാരകം സന്ദർശിച്ചു കാന്റർബറി ആർച്ച് ബിഷപ്പ് റെവറന്റ് ജസ്റ്റിൻ വെൽബി. കൂട്ട കൊലയുടെ 100-മത് വാർഷികത്തിൽ സ്മാരകം സന്ദർശിച്ച ആർച്ച് ബിഷപ് അവിടെ സാഷ്ടാംഗം പ്രണമിച്ചു പ്രാർത്ഥിച്ചു.

ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ നടന്ന കൂട്ടക്കൊലയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വലിയൊരു പങ്കുണ്ട്. “നിരപരാധികളെ വെടിവച്ചുകൊന്ന സംഭവത്തിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നു.’” – ആർച്ച് ബിഷപ് പറ‍ഞ്ഞു. സ്മാരകം സന്ദർശിച്ചത് തന്നെ പിടിച്ചുലച്ച അനുഭവമായിരുന്നുവെന്നും 10 ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചു.“എനിക്ക് ബ്രിട്ടീഷ് സർക്കാരിനുവേണ്ടി സംസാരിക്കാൻ കഴിയില്ല. പക്ഷെ എനിക്ക് ക്രിസ്തുവിന്റെ നാമത്തിൽ സംസാരിക്കാൻ കഴിയും. ഇത്‌ പാപകരമായ ഒരു പ്രവർത്തി നടന്ന സ്ഥലമാണ് വീണ്ടെടുപ്പിന് വേണ്ടി പോരാടിയവരുടെ സ്ഥലമാണിത്. അതു നിമിത്തം അവർ ചെയ്തതെന്താണെന്ന് നിങ്ങൾ ഓർമ്മിക്കുകയും അവരുടെ പേര് ജീവിക്കുകയും ചെയ്യും, അവരുടെ ഓർമ നിലനിൽക്കും, ”റെവറന്റ് വെൽബി പറഞ്ഞു.


1919 ഏപ്രിൽ 13 നാണ് വൈശാഖി ആഘോഷങ്ങൾക്കായി ജാലിയൻവാലാബാഗിൽ കൂടിയ ജനങ്ങൾക്കു നേരെ കേണൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളം വെടിവയ്പു നടത്തിയത്. 379 പേർ മരിച്ചുവെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാൽ 1600 പേർ രക്തസാക്ഷികളായതായാണ് അനൗദ്യോഗിക കണക്ക്.

ദുരന്തത്തിന്റെ നൂറാം വാർഷികത്തിൽ ബ്രിട്ടൻ മാപ്പുപറയണമെന്ന് ലോകവ്യാപകമായി ആവശ്യമുയർന്നെങ്കിലും ഖേദപ്രകടനം നടത്താൻ മാത്രമേ അവർ തയാറായുള്ളൂ.

Advertisement

 

 

LEAVE A REPLY

Please enter your comment!
Please enter your name here