പാക്കിസ്ഥാൻ മേജർ ജനറൽ പദവിയിലേക്ക് ആദ്യമായി ക്രൈസ്‌തവ വിശ്വാസി

പാക്കിസ്ഥാൻ മേജർ ജനറൽ പദവിയിലേക്ക് ആദ്യമായി ക്രൈസ്‌തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്.എസ്.ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്ത‌വ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടു. സേനയിലെ ഏറ്റവും പുതിയ നിയമന പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായി ഉയർത്തപ്പെട്ടത്. പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയുടെ അധ്യക്ഷനായുള്ള ജൂലിയൻ ജയിംസിന്റെ നിയമന വാർത്തയെ രാജ്യത്തെ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്‌തു. ഈ വർഷം ആദ്യം പാക്കിസ്ഥാന്റെ 76 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ ക്രിസ്ത്യൻ 

വനിതാ ബ്രിഗേഡിയറായി ഹെലൻ മേരി റോബർട്ട്സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 1.27 ശതമാനം മാത്രമാണ് ക്രൈസ്ത‌വർ. 207 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 2.6 ദശലക്ഷം ക്രൈസ്തവരാണുള്ളത്. പാക്കിസ്ഥാൻ സായുധ സേനയിൽ ഇതിന് മുൻപ് ക്രൈസ്തവ വിശ്വാസിയായ മേജർ ജനറൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രത്യേക പ്രവർത്തന സേനയായ എസ് എസ് ജിയിൽ ഇതാദ്യമാണ്.

പാക്കിസ്ഥാൻ സായുധ സേനയിലെ ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറൽ ജൂലിയൻ പീറ്ററാണ്. ക്രിസ്ത്യൻ ഓഫീസറായ നോയൽ ഇസ്രായേൽ ഖോഖറിനെ 2009-ൽ മേജർ ജനറലായി ഉയർത്തിയിരുന്നു. തുടർന്നു അദ്ദേഹം യുക്രൈനിലെ പാക്ക് അംബാസഡറായി 2022 വരെ സേവനം ചെയ്തിരുന്നു. ഉന്നത പദവികളിലേക്ക് ന്യൂനപക്ഷമായ ക്രൈസ്‌തവർ തെരഞ്ഞെടുക്കപ്പെടുന്നതു ക്രൈസ്ത‌വർ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

വാർത്ത: ദീപു ജോൺ യുഎഇ

Advertisement