കുവൈറ്റ് ദുരന്തം; തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന് ദാരുണാന്ത്യം

കുവൈറ്റ് ദുരന്തം; തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന് ദാരുണാന്ത്യം

വാർത്ത: ഡെന്നി പുലിക്കോട്ടിൽ

കുന്നംകുളം : കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ തൃശൂർ ജില്ലയിലെ തെക്കൻ പാലയൂർ സ്വദേശിയും. തെക്കൻ പാലയൂർ തോപ്പിൽ വീട്ടിൽ ബിനോയ് തോമസ് (44) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബുധനാഴ്ച്ച പുലർച്ചെ നാലോടെ എൻ ബി റ്റി സി കമ്പനിയുടെ മംഗഫ് ക്യാമ്പ് ഏഴ് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

തിരുവല്ല സ്വദേശിയായ ബിനോയ് ദീർഘകാലമായി പാവറട്ടിയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജോലിക്കായി കുവൈറ്റിലേക്ക് പോയത്.

ജോലി കഴിഞ്ഞ് രാത്രിയിലാണ് മുറിയിലെത്തിയത്.

ദുരന്ത വാർത്ത നാട്ടിലറിഞ്ഞതോടെ ഇദ്ദേഹവുമായി ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെ ബിനോയ് തോമസിനെ കാണാനില്ലെന്ന വാർത്ത പരന്നിരുന്നു. ഇതിനിടയിലാണ് ബിനോയ് മരണത്തിന് കീഴടങ്ങിയെന്ന വിവരം അറിയുന്നത്.

പാലുവായ് ബഥേൽ ക്രിസ്ത്യൻ ചർച്ചിലെ സജീവ അംഗമായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർ വീട്ടിലെത്തി അന്വേഷണം നടത്തി.

ഭാര്യ: ജെനിത. മക്കൾ: ആദി, ഇവാൻ.