വിമോചന ദൈവശാസ്ത്രത്തിന്‍റെ പിതാവ് ഫാ. ഗുസ്താവോ ഗുത്തിയേറസ് അന്തരിച്ചു

വിമോചന ദൈവശാസ്ത്രത്തിന്‍റെ പിതാവ് ഫാ. ഗുസ്താവോ ഗുത്തിയേറസ് അന്തരിച്ചു

മോൻസി മാമ്മൻ തിരുവനന്തപുരം

ലിമ (പെറു): വിമോചന ദൈവശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്ന പെറുവിയൻ വൈദികൻ ഫാ. ഗുസ്താവോ ഗുത്തിയേറസ് (96) അന്തരിച്ചു. ഡൊമിനിക്കൻ സന്യാസസഭയുടെ പെറുവിലെ സെന്‍റ് ജോൺ പ്രവിശ്യാംഗമായിരുന്ന ഫാ. ഗുസ്താവോ, പാവങ്ങളുടെ പ്രവാചകനായും അറിയപ്പെട്ടിരുന്നു.

സഭ പാവപ്പെട്ടവരുടെ പക്ഷം ചേരണമെന്നും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ പോരാടണമെന്നുമുള്ള ആശയത്തിന്‍റെ വക്താവായിരുന്നു. 1960കളിലും 70കളിലുമായി ലാറ്റിനമേരിക്കയിൽ ഉയർന്നുവന്ന വിമോചന ദൈവശാസ്ത്രം, ലോകത്ത് ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനായി അടിസ്ഥാനപരമായ രാഷ്‌ട്രീയവും ഘടനാപരവുമായ മാറ്റങ്ങൾ വരുത്താൻ സഭയ്ക്ക് കടമയുണ്ടെന്നു വാദിച്ചു.

ദരിദ്രരോടുള്ള ആധികാരികമായ ഐക്യദാർഢ്യവും നമ്മുടെ കാലത്തെ ദാരിദ്ര്യത്തിനെതിരായ യഥാർഥ പ്രതിഷേധവുംകൊണ്ടു മാത്രമേ ദാരിദ്ര്യത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ ചർച്ചയ്ക്ക് അർഥമുള്ളൂവെന്ന് ഫാ. ഗുസ്താവോ 1971ലെ തന്‍റെ പ്രശസ്തമായ ‘എ തിയോളജി ഓഫ് ലിബറേഷനി’ൽ എഴുതി.

Advertisement