വെടിവെയ്പ്പ്: സുവി.സണ്ണി ചെള്ളത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെടിവെയ്പ്പ്: സുവി.സണ്ണി ചെള്ളത്ത് രക്ഷപ്പെട്ടത്  തലനാരിഴയ്ക്ക്

ഡാളസ്: ഐപിസി ഹെബ്രോൻ സഭാംഗവും പാസ്റ്റർ സി.വി ജോണിന്റെ മകനുമായ സുവി.സണ്ണി ചെള്ളത്ത് വെടിവെയ്പ്പിൽ നിന്ന്  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

സെപ്റ്റംബർ 3ന് വൈകിട്ട് ഏഴരയോടെ ജോലി കഴിഞ്ഞ് ഭവനത്തിലേക്ക് മടങ്ങവെയാണ് കാറിലെത്തിയ അജ്ഞാത സംഘം സണ്ണി ചെള്ളേത്തിന്റെ വാഹനത്തിലേക്ക് നിറയൊഴിച്ചത്. പാർക് ലാൻഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഡിസ്ചാർജായി ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്നു.  

അത്ഭുതകരമായി രക്ഷപെട്ട സുവി. സണ്ണി, അപകടത്തിന്റെ ഞെട്ടലിൽ നിന്നും പൂർണമായി മുക്തി നേടിയില്ലെങ്കിലും ദൈവീക പരിപാലനം ഓർത്തു ദൈവത്തെ സ്തുതിക്കുകയും നന്ദിയർപ്പിക്കയും  ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥന ആവശ്യമാണെന്ന് അദ്ദേഹത്തെ സന്ദർശിച്ച ഗുഡ്‌ന്യൂസ് പത്രാധിപസമിതി അംഗവും ഓൺലൈൻ ഗുഡ്‌ന്യൂസ് സി.ഇ.ഒ യുമായ വെസ്‌ലി മാത്യു ഡാളസിനോടു പറയുകയും ചെയ്തു.

ഹൈവേ 635ൽ ടൗൺ ഈസ്റ്റ് - മെസ്ക്വിറ്റ് ഭാഗത്ത് വെച്ച് പുറകെ എത്തിയ കാർ സണ്ണിയുടെ കാറിൽ ഇടിപ്പിക്കുകയും തുടർന്ന് അക്രമകാരികൾ കാറിലേക്ക് പല റൗണ്ട് നിറയൊഴിക്കുകയും ചെയ്തു. വെടിയുണ്ടകൾ സണ്ണിയുടെ കാറിന്റെ ഹെഡ് റെസ്റ്റുകളിൽ വരെ തുളച്ച് കയറിയെങ്കിലും  തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പിനിടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറുകളിൽ ഇടിച്ച് തകർന്നു. പോലീസ് എത്തി തുടർ നടപടികളെടുക്കുകയും അന്വേഷണം ആരംഭിക്കയും ചെയ്തു. 

പാസ്റ്റർ സി.വി ജോണിന്റെ ഏക പുത്രനായ സണ്ണി കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഡാളസിൽ പാർക്കുന്നു. അനുഗ്രഹീത സുവിശേഷകനും വിവിധതലത്തിൽ ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്ന ദൈവദാസനുമാണ് ഇദ്ദേഹം. ഭാര്യ: ആനി മാത്യു. മക്കൾ: പ്രയ്‌സ്, പ്രിൻസ്റ്റൺ.

Advertisement

Advertisement