അഭിമുഖം
സുവിശേഷീകരണ സ്മരണയില്‍ കാലായിലമ്മച്ചി

? ഇനിയെന്താണ് മോഹം
ചോദ്യം കേട്ട് ചുളിവുകള്‍ വീണ മുഖത്ത് നിലാവുള്ള ചിരി പടര്‍ന്നു.
“കണ്ണാടിവയ്ക്കാതെ വേദപുസ്തകം നന്നായി വായിക്കണം”.
? മറ്റൊന്നുമില്ലേ
“ഞങ്ങള്‍ പാര്‍ത്ത ഫെയ്ത്ത്ഹോമുകളെല്ലാം ഒന്നു കാണണം. സുവിശേഷം പറഞ്ഞവരോടു സംസാരിക്കണം. മാസയോഗങ്ങളില് പങ്കെടുക്കണം”.
തൊണ്ണൂറ്റഞ്ചാം വയസ്സിലും ആത്മീയത തിങ്ങിനിറഞ്ഞ മനസ്സിന്റെ ആഗ്രഹങ്ങള്‍ക്കു മുന്നില്‍ ഞാനും അരീപ്പറമ്പിലെ കെ.വി.രാജുച്ചായനും വിസ്മയഭരിതരായി.
കോട്ടയത്തെ പെന്തെക്കോസ്തു ചരിത്രത്തിലെ ജീവിക്കുന്ന വ്യക്തികളിലൊരാളാണു ഞങ്ങളുടെ മുന്നില്‍ ആഗ്രഹങ്ങളുടെ കെട്ടഴിച്ചത്.

സുവിശേഷത്തിന്റെ വേറിട്ട ശബ്ദമായിരുന്ന കര്‍ത്തൃസന്നിധിയില്‍ വിശ്രമിക്കുന്ന പാസ്റ്റര്‍ ടി.പി.വര്‍ഗീസിനു കരുത്തുപകര്‍ന്ന കൂട്ടാളി കാലായില്‍ മേരിക്കുട്ടി (മേരി വര്‍ഗീസ്) ഇന്നു ഓര്ത്തെടുക്കുന്നതെല്ലാം പെന്തെക്കോസ്തിന്റെ പൂര്‍വകാല ചിത്രങ്ങളും ചരിത്രങ്ങളുമാണ്.
കോട്ടയത്തെ പെന്തെക്കോസ്തു ചരിത്രത്തില്‍ അവഗണിക്കാനാവാത്ത കുടുംബങ്ങളിലൊന്നാണു പാസ്റ്റര്‍ ടി.പി.വര്‍ഗീസിന്റേത്. കുപ്പായമിട്ട് സ്നാനമേറ്റ് പെന്തെക്കോസ്ത് ചരിത്രത്തിലിടം തേടിയ അള്‍ത്താരബാലനായ ടി.പി.വര്‍ഗീസിനെ ആര്‍ക്കും മറക്കാനാവില്ല. സ്റ്റാനപ്പെടുമ്പോള് വയസ് പത്ത്. അന്ന് യാക്കോബായ പള്ളിയിലെ ബാലശുശ്രൂഷകനായിരുന്നു താന്‍. തലപ്പാടിയിലെ പെന്തെക്കോസ്തുകാര്ക്കിടയില് ആദ്യം നടന്ന ആ സ്നാന ശുശ്രൂഷയില്‍ പന്ത്രണ്ട് പേര് വെള്ളത്തിലിറങ്ങിയെങ്കിലും ടി.പി.വര്‍ഗീസ് എന്ന ബാലനായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
‘ഇതു ശിശുസ്നാനമാണ്’ എന്നു പറഞ്ഞ് കാഴ്ചക്കാരില്‍ ചിലര്‍ ആക്ഷേപമുതിര്ത്തു. സ്നാപകനായ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ‘ഇതു ശിശു സ്നാനമല്ല; വിശ്വാസ സ്നാനമാണ്. ഈ ബാലന് വിശ്വസിക്കുന്നു. ഞങ്ങള്‍ അവനെ സ്നാനപ്പെടുത്തുന്നു” എന്നു പറഞ്ഞ് അദ്ദേഹം വിമര്‍ശകരുടെ നാവടച്ചു.1934 ഒക്ടോബര്‍ 31 നായിരുന്നു അത്.

വേര്‍പാട് കുടുംബത്തില്‍ നിന്നാണു കാലായിലെ മേരിയമ്മച്ചി പെന്തെക്കോസ്തിലെത്തുന്നത്. ടി.പി.വര്‍ഗീസിനെ വിവാഹം കഴിച്ചതോടെ പെന്തെക്കോസ്തിനെ അടുത്തറിഞ്ഞു. ആദ്യ കാലഘട്ടങ്ങളില്‍ പെന്തെക്കോസ്തിലെ ‘ബ്രദറനായി’ കഴിഞ്ഞെങ്കിലും പരിശുദ്ധാത്മശക്തി പ്രാപിച്ചതോടെ ഭര്‍ത്താവിനൊപ്പം ആവേശത്തോടെ ദൈവവേല ചെയ്തു. ആദ്യകാലങ്ങളില്‍ കൂട്ടുസഹോദരിമാരോടൊപ്പം ഭവനങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷം അറിയിക്കുമായിരുന്നു. സുവിശേഷത്തിന്റെ വ്യാപനത്തിനും സഭാവളര്‍ച്ചയ്ക്കും അതു കാരണമായി.
കോട്ടയത്തെ പലസഭകളുടെയും തുടക്കത്തിനും വളര്‍ച്ചയ്ക്കും പാസ്റ്റര്‍ ടി.പി.വര്‍ഗീസും കുടുംബവും കാരണക്കാരായിട്ടുണ്ട്. പലയിടങ്ങളിലും വാടക റൂമുകളിലും വീടുകളിലും മാറി മാറി താമസിച്ചിട്ടുണ്ട്. ‘ആര്‍ക്കും വേണ്ടാതെ കിടക്കുന്ന വീടുകളും റൂമുകളും മാത്രമേ കിട്ടിയിരുന്നുള്ളൂ. അവിടം തൂത്തുവാരി വൃത്തിയാക്കുമ്പോഴേക്കും കെട്ടിടയുടമ മാറാന്‍ ആവശ്യപ്പെടും. പിന്നെ മറ്റൊരിടം അന്വേഷിച്ച് അവിടം തൂത്തുവാരി വൃത്തിയാക്കി ദേശത്തു സുവിശേഷം അറിയിച്ചു തുടങ്ങുമ്പോള്‍ കെട്ടിട ഉടമസ്ഥന് മുറി ഒഴിയാനാവശ്യപ്പെടും.” അന്നത്തെ സുവിശേഷ യാത്രയുടെ തിക്താനുഭവം പങ്കുവയ്ക്കുമ്പോള്‍ ആ മാതാവിന്റെ കണ്‍കളില്‍ നനവ് പടര്‍ന്നിരുന്നു.
‘പയനിയര്‍’ മിഷനറിയായി ഒട്ടേറെയിടത്ത് പാര്‍ത്തും സുവിശേഷീകരിച്ചും കുടുംബങ്ങളെ നേടിയും സഭാ കെട്ടിടങ്ങള്‍ പണിയിപ്പിച്ചും നട്ടും വളര്‍ത്തിയും ആ കുടുംബം സുവിശേഷപ്പോര്ക്കളത്തിലെ നല്ല ഭടന്മാരായി.
‘വിശപ്പു സഹിക്കാനാവാതെ ഉണക്കക്കപ്പ തിന്നുമ്പോള്‍ ആള്‍ക്കാരുടെ വിചാരം വെറും തമാശക്ക് തിന്നുന്നതാവാം’ എന്നായിരുന്നു. വിശന്നും തളര്‍ന്നും ദാഹിച്ചും ഒട്ടേറെ സമയങ്ങളില്‍ ഇരുന്നിട്ടുണ്ട്. എന്നാലും എല്ലാ പകലും വീടുകള്‍ സന്ദര്‍ശിച്ച് ട്രാക്ട് കൊടുക്കും.’ അരനൂറ്റാണ്ട് മുന്പത്തെകാര്യങ്ങള് വിവരിക്കുമ്പോള്‍, അന്നത്തെ കാലമാണു ശ്രേഷ്ഠമെന്ന പക്ഷമാണു മാതാവിന്.
അതിരാവിലെ ഉണര്‍ന്ന് അഞ്ചു മക്കള്‍ക്കും ഭക്ഷണം തയ്യാറാക്കി, പഠിപ്പിച്ചൊരുക്കി സ്കൂളില്‍ വിടും. തുടര്‍ന്ന് ഇരുവരും ഭവനസന്ദര്ശനത്തിനിറങ്ങും ഇതായിരുന്നു പതിവ്.
ലാളിത്യവും സൗമ്യതയും ഈ കുടുംബത്തിന്റെ പ്രത്യേകതയായിരുന്നു. ഇടുങ്ങിയ ഫെയ്ത്ത്ഹോമുകളില് ഇല്ലായ്മകളിലും അതിഥികളെ സല്ക്കരിച്ചും പാവപ്പെട്ടവരെ ചേര്‍ത്തണച്ചും ഇല്ലായ്മകളില്‍ പുഞ്ചിരിതൂകിയും കുടുംബം മറ്റുള്ളവര്‍ക്കു മാതൃകയായിരുന്നു.
‘തലപ്പാടിയില്‍ താമസിക്കുമ്പോള്‍ ഒരിക്കല്‍ അമ്മ ഭവനസന്ദര്‍ശനത്തിനിടെ തിടുക്കത്തില്‍ തിരികെ വീട്ടിലെത്തുകയും ഒരു സഞ്ചിനിറയെ അരിയും മറ്റു ഭഷ്യസാധനങ്ങളുമായി തിരികെപ്പോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. സന്ദര്‍ശിക്കുന്ന വീടുകളിലൊന്നില്‍ നാളുകളായി പട്ടിണിയാണെന്നു കണ്ടിട്ട് ഫെയ്ത്ത്ഹോമില് നിന്നും സാധനങ്ങളുമായി പോയതായിരുന്നു.’ മാതാവിനെക്കുറിച്ച് ഏക മകന് അമേരിക്കയില്‍ താമസിക്കുന്ന സാം പീറ്റര്‍ (പിവൈപിഎ മുന്‍ സംസ്ഥാന സെക്രട്ടറി) ഓര്‍മകള്‍ പങ്കുവെയ്ക്കുകയായിരുന്നു.
സഭായോഗങ്ങളില്‍ മക്കളുമായി ആദ്യം എത്തിയില്ലെങ്കില്‍ അതൊരു കുറവായി അമ്മയ്ക്കു തോന്നും. സഭാ ശുശ്രൂഷകന്റെ കുടുംബം മാതൃകയായിരിക്കണമെന്ന നിര്‍ബന്ധമാണിതിനു പിന്നില്‍. തുടക്കംമുതല്‍ സഭായോഗം കഴിയുംവരെ അമ്മ മുട്ടിന്മേല് നിന്നു ആരാധിക്കും. വളരെ ഉച്ചത്തില്‍ പ്രാര്‍ഥിക്കുന്നതു മറ്റൊരു പ്രത്യേകതയാണ്. മുഷിഞ്ഞ വസ്ത്രം ധരിക്കാന്‍ ഒരിക്കലും അനുവദിക്കില്ല. ആത്മീയകാര്യങ്ങളില്‍ വളരെ കര്‍ശനമായിരുന്നു.’ സാം പീറ്റര്‍ മാതാവിന്റെ ജീവിതചര്യ പങ്കുവെച്ചു.
ഭര്‍ത്താവ് പാസ്റ്റര്‍ ടി.പി.വര്‍ഗീസിനോടൊപ്പം 57 വര്‍ഷം സുവിശേഷവേലയില്‍ വ്യാപൃതയായി. തലപ്പാടി, അരീപ്പറമ്പ്, മുണ്ടക്കയം, വാകത്താനം, ചിങ്ങവനം, പാമ്പാടി, ഞാലിയാകുഴി, കഞ്ഞിക്കുഴി, ഇല്ലിക്കല്‍, കോട്ടയം എന്നിവിടങ്ങളില്‍ താമസിച്ചു പ്രവര്‍ത്തിച്ചു.

? മറക്കാനാവാത്ത അനുഭവം
ഞങ്ങള്‍ കഞ്ഞിക്കുഴി ഫിലെദെല്ഫിയായില് ശുശ്രൂഷയിലായിരിക്കുമ്പോള്‍ എനിക്ക് കടുത്തപനിയും ടൈഫോയ്ഡും പിടിപെട്ടു. ന്യൂമോണിയ വളരെകൂടി. ഞാന്‍ വളരെ അവശയായി. ദൈവം വിടുവിക്കുമെന്ന ഉറച്ചവിശ്വാസത്താല് എല്ലാവരും പ്രാര്‍ഥനയില്‍ ജാഗരിച്ചു. ഞാന്‍ മരണവക്കോളമെത്തി. അബോധാവസ്ഥയില്ക്കിടക്കുമ്പോള് ദൈവദൂതന്മാര് എന്നെ കൈകളിലേന്തി കൊണ്ടുപോകുന്നതു ഞാന്‍ കണ്ടു. സ്വര്‍ഗത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. എവിടെയും ആരാധനയും നിറഞ്ഞ തേജസ്സും. മനസ്സില്‍ സന്തോഷം നിറഞ്ഞ് തുളുമ്പി. യേശുവിനെ കാണാന്‍ മനസുവെമ്പി. ദൂതന്മാരോടൊപ്പം ഞാന്‍ എല്ലായിടവും കണ്ടു. കുറെക്കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. അപ്പോഴാണു ഞാനറിയുന്നത് എനിക്ക് ചുറ്റും എല്ലാവരും പ്രാര്‍ഥിക്കുന്നത്. എനിക്ക് വളരെ പ്രയാസമായി. സ്വര്‍ഗത്തിലെത്തിയ എന്നെ ഇവരുടെ പ്രാര്‍ഥനയാണ് തിരികെ എത്തിച്ചതെന്നോര്ത്തപ്പോള് ദുഃഖം തോന്നി. ആനന്ദകരമായ അവസ്ഥയില്‍ നിന്നും തിരികെയെത്തിയത് വേണ്ടായിരുന്നെന്നു തോന്നി. പിന്നീട് ഞാന്‍ സുഖം പ്രാപിച്ചു. മൂന്നു പ്രാവശ്യം ഞാന്‍ മരണത്തോളം എത്തി. ഈ 95-ാം വയസിലും ഞാന്‍ സുഖമുള്ളവളായിരിക്കുന്നു.
? ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
ലോകമാം ഗംഭീരവാരിധിയില്…
? ഏറ്റവും ഇഷ്ടമുള്ള ജോലികള്‍
പ്രാര്‍ഥന, ബൈബിള്‍ വായന, അതിഥികളെ സല്ക്കരിക്കല്
? മനസ്സിനെ വേദനിപ്പിച്ച സംഭവങ്ങള്‍
എന്റെ രണ്ടു മരുമക്കളും രണ്ട് സഹോദരന്മാരും യൗവനത്തില്‍ ലോകത്തില്‍നിന്ന് യാത്രയായത്.
? സന്തോഷം നല്കിയ സംഭവം
1998 ല്‍ അമേരിക്കയിലേക്കു യാത്ര ചെയ്തതും രണ്ടു മാസം മകനോടൊപ്പം താമസിച്ചതും. അമേരിക്കയിലായിരിക്കുമ്പോള്‍ മിക്കയിടങ്ങളിലും ഒറ്റയ്ക്കായിരുന്നു യാത്രചെയ്തിരുന്നത്.
? മക്കള്‍
അഞ്ചു മക്കള്‍: കുഞ്ഞുഞ്ഞമ്മ, അന്നമ്മ, തങ്കമ്മ, കൊച്ചുമറിയാമ്മ, സാം പീറ്റര്‍.
മരുമക്കള്‍: ജോയി, പരേതനായ തങ്കച്ചന്, പാസ്റ്റര്‍ ബെന്നി സി തോമസ്, സണ്ണി, മോളി. എനിക്ക് 13 കൊച്ചുമക്കളും (ഒരാള്‍ നിത്യതയില്‍), 22 പേരക്കുട്ടികളുമുണ്ട്.
തയ്യാറാക്കിയത്: സജി മത്തായി കാതേട്ട്