ഐപിസി ജനറൽ ഇലക്ഷൻ: നീട്ടുന്നതിൽ ആശങ്ക; ഏപ്രിലിൽ നടന്നേക്കും

തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ജനറൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നീട്ടുന്നതിൽ ആശങ്കയുണ്ടെന്നും അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായും കൗൺസിൽ അംഗങ്ങൾ ആരോപണം ഉന്നയിച്ചു. ഒക്ടോബർ മാസത്തിൽ കാലാവധി പൂർത്തിയായ കൗൺസിൽ ഒക്ടോ. 11ന് നടന്ന കൗൺസിൽ മീറ്റിങ്ങിൽ ഇലക്ഷൻ 2023 ഫെബ്രുവരി 28ന് നടത്താൻ തീരുമാനിക്കുകയും, ഇലക്ഷൻ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. കൗൺസിലിന്റെ കാലാവധി അവസാനിച്ചിട്ടും പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ തന്ത്രപരമായ നീക്കം നടത്തുന്നതായി കൗൺസിൽ അംഗങ്ങൾ ആരോപിച്ചു.
ഫെബ്രുവരി 28ന് ഇലക്ഷൻ നടത്തണമെങ്കിൽ ഡിസംബർ 28ന് എങ്കിലും (രണ്ടുമാസം മുമ്പ്) ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതായിരുന്നു. ലോകമെങ്ങുമുള്ള ഐപിസി റീജിയനുകളിലും സ്റ്റേറ്റുകളിലും ഇതിനകം പുതിയ ജനറൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞു. സഭയെ കൈപ്പിടിയിൽ ഒതുക്കി മുന്നോട്ടുപോകാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സഭാ വിശ്വാസികളുടെ വിവിധ സംഘടനകൾ.
ഭരണഘടനാ പരിഷ്കരണത്തിനായി ജനറൽബോഡി കൂടുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ജനറൽ ബോഡിയുടെ തീരുമാനങ്ങൾ അനുസരിച്ച് തിരുത്തിയ ക്ലോസുകൾ ഏതാണെന്നോ ഒഴിവാക്കിയത് ഏതാണെന്നോ ഇതുവരെ ജനറൽ കൗൺസിൽ അംഗങ്ങൾക്ക് പോലും വ്യക്തതയില്ല. തിരുത്തിയ ഭരണഘടന ഏലൂരിൽ രജിസ്റ്റർ ചെയ്യാൻ ശ്രമം നടന്നെങ്കിലും അത് സാധ്യമായിട്ടില്ലെന്ന് അറിയുന്നു. പുതുക്കിയ ഭരണഘടന രജിസ്റ്റർ ചെയ്യുന്നതിനെതിരെ തിരുവല്ല കോടതിയിൽ നിന്ന് വിധിയും ഉണ്ടായിട്ടുണ്ട്.
എല്ലാ റീജിയനുകളിലും സ്റ്റേറ്റുകളിലും തിരഞ്ഞെടുപ്പ് നടത്തിയ സ്ഥിതിയ്ക്ക് പുതിയ കൗൺസിൽ വരേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയും വിശ്വാസികൾക്കിടയിലെ ആശങ്കയും കണക്കിലെടുത്ത് ജനറൽ ഇലക്ഷൻ ഏപ്രിലിൽ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായിയും അറിയുന്നു.
കൗൺസിൽ അംഗങ്ങളായ സജി പോൾ, ജോയ് താനുേവേലിൽ, എൻ.സി. ബാബു കുമ്പനാട് എന്നിവർ തിരുവല്ലയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
Advertisement