ഐപിസി വിമർശന വിധേയമാകുമ്പോൾ

കവർ സ്റ്റോറി 

ഐപിസി വിമർശന വിധേയമാകുമ്പോൾ

കവർ സ്റ്റോറി 

ഐപിസി വിമർശന വിധേയമാകുമ്പോൾ

റ്റി.എം. മാത്യു

ക്കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ അപ്പോസ്തോലിക സഭകളിൽ ഏറ്റവും വിമർശനവിധേയമായത് ഐ പി സിയാണ്. സഭയുടെ തിരഞ്ഞെടുപ്പ് നടപടികൾ സമൂഹ മാധ്യമങ്ങൾ വളരെ ആഘോഷിച്ചു. തിരഞ്ഞടുപ്പ് റിട്ടേണിങ് ചുമതലയിൽ ആദ്യം നിയമിച്ചവരെ മാറ്റിയതും പിന്നീട് നടത്തിയ നിയമനത്തിൽ അവർ പക്ഷം ചേർന്ന് പ്രവർത്തിച്ചു എന്ന ആരോപണവും നമ്മൾ കേട്ടു. ഏതു കാര്യത്തിലും ആത്മീയതയും സത്യസന്ധതയും തേടുന്നവരാണ് പെന്തെക്കോസ്തുകാർ. എന്നാൽ അവരുടെ ഒരു കാര്യത്തിൽ ഇങ്ങനെ  തിരിമറി നടന്നിട്ടുണ്ടെങ്കിൽ അത് തികച്ചും തെറ്റാണ്; വിമർശനവിധേയവുമാണ്. 

അങ്ങനെ വരുമ്പോൾ ഭരണഘടനാ പരിഷ്‌ക്കാരം എന്ന പേരിൽ നടത്തിയ സഭാനടപടികളിലെ മാറ്റം മുതൽ ചിന്താവിഷയമാക്കെണ്ടതാണ്. ഒടുവിൽ കേൾക്കുന്നത് അന്നുണ്ടാക്കിയ ആ മാറ്റങ്ങൾക്കു  ഇതുവരെ ഗവർമെന്റ് അംഗീകാരം ലഭിച്ചിട്ടില്ല എന്നാണ്. എന്തിനുവേണ്ടി ഇതുപോലെ പാതിവെന്ത ഒരു സാധനം വിശ്വാസികളുടെ തലയിൽ കെട്ടിവയ്ക്കണം? "നീതിയായി നടന്നു നേര് ചൊല്ലി മണ്ണിൽ, പാതിവൃത്യമുള്ള മണവാട്ടിയായിത്തീരാൻ" കാത്തിരിക്കുന്ന സാധുക്കളായ വിശ്വാസികളെ കബളിപ്പിക്കുന്നവർ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. പിതാക്കന്മാർ തെളിയിച്ച സത്യവഴി ഇതായിരുന്നുവെന്നു ആരും കരുതുന്നുമില്ല. അപ്പോൾ ആ പിതാക്കന്മാരെക്കൂടി കാശിനു വിറ്റവരായി മക്കൾ മാറുന്ന ദയനീയ കാഴ്ച ഓരോ ഐ പി സികാരനും നിസഹായനായി കണ്ടുനിൽക്കേണ്ടിവരുന്നത് പോരടിക്കാൻ ത്രാണിയില്ലാഞ്ഞിട്ടല്ല മറിച്ചു ദൈവഭയംകൊണ്ടും തങ്ങൾ സമുദായങ്ങൾ വിട്ടിറങ്ങിവന്നത് ഇതുവേണ്ടിയായിരുന്നില്ലല്ലോ എന്ന സാമാന്യ ചിന്തകൊണ്ടുമാണ്.

കാലാവധി തീരുന്ന മുറയ്ക്ക് പുതിയ ഭരണസമിതി ഉണ്ടാകേണ്ടത് സർക്കാർ വ്യവസ്ഥകൾക്കൂടി പാലിക്കേണ്ടതിനാണ്. ഗവണ്മെന്റ്തലം മുതൽ അങ്ങനെയാണ്. പാർലമെന്റിന്റെയും സംസ്ഥാന നിയമസഭയുടെയും രീതി നമുക്കറിയാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്പിന്നെ ഭരണരീതി വ്യത്യസ്തമായിരിക്കും. തിരഞ്ഞടുപ്പ് പ്രക്രീയയിൽ തലയിടാൻ ഭരിക്കുന്നവർക്കു അധികാരമില്ല. എന്നാൽ അങ്ങനെയല്ല ഇവിടെ നടന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പുചുമതല ഏറ്റവർ കേവലം ശമ്പളക്കാരെപ്പോലെ പ്രവർത്തിച്ചുവെന്നാണ് പറയപ്പെടുന്നത്. അവരുടെ തീരുമാനങ്ങൾ ചിലതൊക്കെ അവ്യക്തവും വ്യകതിപ്രീണനവുമായിരുന്നു എന്ന എന്ന പരാതി മത്സരാർഥികളിൽ ചിലർ മീറ്റിംഗ് വിളിച്ചുകൂട്ടി ആക്ഷേപമുന്നയിക്കുന്നതു കേട്ടു. അത് അറിയപ്പെടുന്ന ഒരു ആത്മീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിരുന്നില്ല. ഇതിനുപിന്നിലുള്ള ആലോചന ആരുടേതായാലും അവരെ പരസ്യമായി ശാസിച്ചു പുറത്താക്കുകയാണ് വേണ്ടത്.

പരമദയനീയമായ മറ്റൊരു കാഴ്ച ഫേസ്ബുക്കിൽ കാണുവാനിടയായി. നോമിനേഷൻ തള്ളപ്പെട്ടവരുടെ പ്ലക്കാർഡും പിടിച്ചുള്ള പ്രകടനം. തൊട്ടടുത്തദിവസം നാട്ടുകാരോടും പത്രക്കാരോടും ദുഃഖം വിവരിക്കുന്നവരുടെ വേദനനിറഞ്ഞ മുഖങ്ങളും കണ്ടു. കഷ്ട്ടം! ഇതാണോ ഒരു ദൈവസഭയിലെ നേതാക്കൾ വരും തലമുറയ്ക്ക് കൈമാറേണ്ടത്? ദൈവസഭയിലെ സ്ഥാനമാനങ്ങളും പദവികളും കൈവശം വന്നുചേരുന്നത് ഗ്രൂപ് തിരിഞ്ഞുള്ള അധ്വാനം കൊണ്ടല്ല,  മറിച്ചു ദൈവനിയോഗത്താലാകണം എന്ന് അറിയാത്തവരല്ലല്ലോ നിങ്ങൾ. ആ നിയോഗത്തെ അട്ടിമറിക്കാൻ ആരെങ്കിലും മനഃപൂർവം കരുനീക്കങ്ങൾ നടത്തിയെന്ന് ഉറപ്പുണ്ടെങ്കിൽ പ്രതിവിധി ദൈവസന്നിധിയിൽ ഉണ്ട്. നമ്മുടെ ക്ഷമയില്ലായ്മകൊണ്ടു അത് തടസ്സപ്പെടുത്തുന്നത് എന്തിന്?  

മറ്റൊന്ന് ഹെബ്രോൻപുരത്തെ വേലിക്കെട്ടും  യുദ്ധസമാനമായ പോലീസ് സന്നാഹവുമായിരുന്നു. എന്തിനായിരുന്നു ഈ കോലാഹലങ്ങൾ എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചു ഇതൊക്കെ ധാർഷ്ട്യമാണെന്ന തോന്നൽ ജനിപ്പിക്കുന്നവയാണ്. പാവം വിശ്വാസികളെക്കുറിച്ചു ഈ നേതാക്കന്മാർ എന്താണ് കരുതിയിരിക്കുന്നത്? അവർ എല്ലാം കാണുന്നുണ്ട്, അവർ എല്ലാം കേൾക്കുന്നുണ്ട്, അവർ തീരുമാനം എടുക്കുന്നുണ്ട്. അതുപോലെതന്നെ ദൈവത്തെ സ്നേഹിക്കുന്ന, ദൈവദാസന്മാരെ കരുതുന്ന സാദാരണക്കാരായ ദൈവമക്കളുടെ ചങ്കിൽ കുത്തുന്ന അനുഭവമാണിത്. ആത്മീയമായി ചിന്തിക്കാൻ കഴിയാത്ത ഇമ്മാതിരി പ്രസംഗകരുടെ പ്രസംഗം കേൾക്കാൻ ഹെബ്രോൻപുരത്തെ മൈതാനത്തു പോയി ഇനി ഇരിക്കണമെന്നില്ല എന്നുചിലർ പറഞ്ഞത് അതുകൊണ്ടായിരിക്കണം. 

എന്റെ ധനം കൊണ്ടും എന്റെ കഴിവുകൊണ്ടും എന്റെ കിങ്കരന്മാരെക്കൊണ്ടും ഞാൻ ഇതെല്ലം സാധിച്ചെടുക്കും എന്നു നെബൂഖദ്‌നേസറിനെപ്പോലെ കരുതുന്നവരോടുള്ള ദൈവികദൂതു നമുക്കറിയാം: "മെനെ മെനെ തെക്കേൽ ഉഫർസീൻ". വിശദീകരിക്കുന്നില്ല, അർഥം അറിയാവുന്നവരല്ലേ നമ്മൾ. ഇത്തരം കാര്യങ്ങൾക്കിടെ നഷ്ടമാകുന്നത്, സഭയ്ക്ക് ലോകത്തിന്റെ മുന്നിലുള്ള ദൈവിക സാക്ഷ്യമാണ്. സോഷ്യൽ മീഡിയയിലൂടെ ഇത് പ്രചരിപ്പിക്കുന്നതുകൊണ്ടു സഭയ്ക്ക് എന്ത് നേട്ടമാണുണ്ടാകുന്നതെന്നു ചിന്തിക്കണം. ഈ ലേഖനത്തിൽത്തന്നെ കാര്യങ്ങൾ കുറേക്കൂടി വിശദമാക്കാനും പേരെടുത്തുപറഞ്ഞു വ്യക്തികളെ കുത്തിനോവിച്ചു കൈയ്യടി വാങ്ങാനും ഈ ലേഖകന് കഴിഞ്ഞേക്കാം; എന്നാൽ ആത്യന്തികമായി കേരളത്തിലെ പെന്തെകോസ്തു പ്രസ്ഥാനത്തിന് അതുണ്ടാക്കുന്ന ക്ഷീണം വലുതായിരിക്കും. എങ്കിലും പുഴുക്കുത്തുകൾ നീക്കം ചെയ്യാനും പ്രവാചക ശബ്ദമായി നിൽക്കാനും മാധ്യമങ്ങൾക്കുള്ള വിളി ഞങ്ങൾ ഏറ്റെടുക്കുന്നു. 

പുതിയ ആത്മാക്കൾ സഭയിൽ വരുന്നില്ല എന്നു പറഞ്ഞു വിലപിച്ചിട്ടു ഇനി കാര്യമില്ല. എവിടെയാണ് പരാജയപ്പെട്ടതെന്നു കണ്ടെത്തി താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ടൻ എന്നു കാണാൻ തുടങ്ങുമ്പോൾ ദൈവം പ്രവർത്തിച്ചുതുടങ്ങും. വിജയിച്ചുവെന്നു കരുതുന്നവരും പരാജയപ്പെട്ടല്ലോ എന്ന് വിഷമിക്കുന്നവരും  ഒരുപോലെ ഇത് കരുതണം.

Advertisement