ഐപിസി കുടുംബ സംഗമം പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോർക്കിൽ തുടക്കമാകും

ഐപിസി കുടുംബ സംഗമം  പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക്  ന്യൂയോർക്കിൽ തുടക്കമാകും

നിബു വെള്ളവന്താനം 

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20- മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോർക്കിൽ തുടക്കമാകും.

ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് പ്രീ - കോൺഫറൻസും സംഗീതസന്ധ്യയും മാർച്ച് 9 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യൂയോർക്ക് ലെവി ടൗൺ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ വച്ച് നടക്കും. ഐപിസി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഷിബിൻ സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. 

കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റർ സാം വർഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സൂസൻ ജോൺസൺ തുടങ്ങിയവർ കുടുംബസംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികൾ വിശദീകരിക്കും.

സമ്മേളനത്തില്‍ പങ്കെടുത്ത് സ്‌പോണ്‍സര്‍ഷിപ്പും രജിസ്‌ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് നാഷണൽ സെക്രട്ടറി ഫിന്നി എബ്രഹാം അറിയിച്ചു. കോൺഫറൻസിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ ജേക്കബ് ജോർജ്, സാം മേമന, പാസ്റ്റർ ഡോ. ജോർജ് മാത്യു, പാസ്റ്റർ എബ്രഹാം മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. 

വടക്കേ അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങളും, കോണ്‍ഫ്രന്‍സ് അഭ്യുദയകാംക്ഷികളുമായി നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിൽ വെച്ചാണ് നടത്തപ്പെടുന്നത്. രജിസ്‌ട്രേഷന്‍ നിരക്കില്‍ ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി മാർച്ച് 31. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസേന കോണ്‍ഫ്രന്‍സ് വെബ്‌സൈറ്റ് (www.ipcfamilyconference.org) വഴിയും രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും.