ഐപിസി തിരഞ്ഞെടുപ്പിലെ അട്ടിമറി: സ്ഥാനാർത്ഥി പിന്മാറി

ഐപിസി  തിരഞ്ഞെടുപ്പിലെ അട്ടിമറി: സ്ഥാനാർത്ഥി പിന്മാറി

ഐപിസി ജനറൽ എക്സിക്യൂട്ടീവ്സ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു

പത്തനംതിട്ട: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൗൺസിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതിയെത്തുടർന്ന്  ബഹുഭൂരിപക്ഷം വരുന്ന സമൂഹം തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കും. ഇലക്ഷൻ കമ്മീഷണറുടെ ക്രമരഹിതമായ നടപടിയാണെന്ന്  ആരോപിച്ച്  മത്സരരംഗത്തുണ്ടായിരുന്ന ജി. കുഞ്ഞച്ചൻ വാളകം പിന്മാറുകയും ചെയ്തു.

ആവശ്യമായ യോഗ്യതകളോടെ നാമനിർദ്ദേശക പത്രിക നൽകിയ മുഴുവൻ പേരുടെയും പത്രികൾ തള്ളിയെന്നാണ് മറുഭാഗം വാദിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹുഭൂരിഭാഗം വരുന്ന സമൂഹം ബഹിഷ്കരണവുമായി രംഗത്തുണ്ടെന്നാണ് അറിവ്.

നിലവിലുള്ള ജനറൽ സെക്രട്ടറി, മുൻ ജനറൽ പ്രസിഡൻ്റ്, മറ്റ് സംസ്ഥാന ഘടകങ്ങളുടെയും റീജിയണുകളുടെയും പ്രസിഡൻ്റുമാർ, മുൻ ജനറൽ ട്രഷറർ തുടങ്ങിയവരുടെ പത്രികകളാണ് യാതൊരു കാരണവും കൂടാതെ തള്ളിയത്.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ എഫ്സിആർഎ നഷ്ടപ്പെടുത്തി സ്വകാര്യ ട്രസ്റ്റുകൾ വഴി ഫണ്ട് സ്വീകരിക്കുന്നതും രണ്ടര കോടിയിലധികം രൂപ വഴിവിട്ട് സ്വീകരിച്ചതുമെല്ലാം കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ ചോദ്യം  ചെയ്തിരുന്നതായി ആക്ഷൻ കൗൺസിൽ ആരോപിച്ചു.

 2022 ലെ ഭേദഗതി നിലവിൽ വന്നുവെന്ന് പറഞ്ഞ് തങ്ങൾക്ക് അനുകൂലമല്ലാത്തവരെ വെട്ടിനിരത്താനുള്ള ശ്രമങ്ങളാണ് നടന്നുവെന്നാണ് ആരോപണം . 2022 ഒക്ടോബർ 11 നു കൂടിയ ജനറൽ കൗൺസിൽ ഫെബ്രുവരി 28നും പിന്നീട് മാർച്ച് 30നും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല.

ജനുവരി 28ന് കൂടിയ ജനറൽ കൗൺസിൽ മെയ് 11ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ഇലക്ഷൻ കമ്മീഷണറായി കേരള സർക്കാർ മുൻ അണ്ടർ സെക്രട്ടറി ഫിന്നി സഖറിയയെ നിയമിച്ചു. 2004ൽ ഏലൂരിൽ രജിസ്റ്റർ ചെയ്ത ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ തുടങ്ങാൻ ഇലക്ഷൻ കമ്മീഷണർ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ അതിനെ എതിർത്തു കൊണ്ട് ജനറൽ പ്രസിഡൻ്റ് രംഗത്ത് വരികയും ചെയ്തു . 

പ്രസിഡന്റായി 6 പേരും വൈസ് പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും ട്രഷറായും 2 പേര്‍ വീതവും ജോയിന്റ് സെക്രട്ടറിയായി പാസ്റ്റര്‍മാരുടെ വിഭാഗത്തില്‍ നിന്നും 3 പേരും സഹോദരൻമാരുടെ വിഭാഗത്തില്‍ നിന്ന് 2 പേരുമാണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. പ്രസിഡന്റ് പാനല്‍ ജയിച്ചു വരുന്നതിനായി പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം ഒഴിച്ചുള്ള 5 പേരുടെയും പത്രികകൾ  തള്ളുകയായിരുന്നു. ഇതേ രീതിയില്‍ മറ്റ് സ്ഥാനങ്ങളിലേക്കുമുള്ള പത്രികകളും തള്ളി കളഞ്ഞു. ഈ ഹീനമായ പ്രവര്‍ത്തനതില്‍ അസംതൃപ്തരായ മഹാഭൂരിപക്ഷം പാസ്റ്റര്‍മാരും വിശ്വാസികളും നിയമ നടപടികള്‍ക്കുമായാണ് നാമമാത്രമായി നടക്കു ജോയിന്റ് സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും തുടര്‍നടപടികള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുന്നോട്ട് പോകാനും കുമ്പനാട്ട് കൂടിയ സഭാപ്രതിനിധികളുടെയും പാസ്റ്റര്‍മാരുടെയും യോഗം തീരുമാനമെടുത്തത്.

ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വം നല്‍കാന്‍ മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, നിലവിലുള്ള ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോർജ്, കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എസ്. ജോസഫ്, ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ്, മുന്‍ ജനറല്‍ ട്രഷറര്‍ സജി പോള്‍, മുന്‍ സ്റ്റേറ്റ് ട്രഷറര്‍ ജോയി താനുവേലില്‍, മിസോറാം സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ എസ്. മരത്തിനാല്‍, സ്റ്റേറ്റ് മുൻ ജോയിൻ്റ് സെക്രട്ടറി ജി. കുഞ്ഞച്ചൻ വാളകം എന്നിവരെ യോഗം ചുമതലപ്പെടുത്തി.

Advertisement