ലിക്യുഡ് ഫയർ പോലുള്ള ദുരുപദേശങ്ങൾക്കെതിരെ ഐപിസി സഭ

ലിക്യുഡ് ഫയർ പോലുള്ള ദുരുപദേശങ്ങൾക്കെതിരെ ഐപിസി സഭ

കുമ്പനാട്: പരിശുദ്ധത്മാവിന്റെ പേരിൽ നടത്തുന്ന ലിക്യുഡ് ഫയർ, ഫയർ പറഞ്ഞുള്ള വീഴ്ത്തൽ, പകർച്ച, വ്യാജ പ്രവചനങ്ങൾ എന്നിവ വേദവിപരീതമാണന്നും ഇങ്ങനെയുള്ള യോഗങ്ങളിൽ ഐപിസിയിലെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുകയോ ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെ ശുശ്രൂഷകൾക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്നും ഐപിസി ജനറൽ എക്സിക്യൂട്ടിവ് പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇൻഡ്യ പെന്തെക്കോസ്തു സഭയെന്നും എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും ഐപിസി സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്നും  ഇത്തരം പ്രവണതകളെ ഒരു കാലത്തും അംഗീകരിക്കില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ദുരുപദേശങ്ങളെ ചെറുക്കേണ്ടത് സഭയുടെ കർത്തവ്യമാണ്. അപ്പോസ്ത്തോലിക കാലം മുതൽ സഭക്കുള്ളിൽ ദുരുപദേശം കടന്നു കയറിയിട്ടുണ്ട്.അവർ അതിനെതിരെ താക്കീതു നൽകിയിട്ടുമുണ്ട്.  

ക്രിസ്തുയേശുവിനെകുറിച്ചുള്ള പരിജ്ഞാനത്തിലും ആത്മിയ പക്വതയിലും ഐപിസി സഭയും വിശ്വാസ സമൂഹവും വളർച്ച കൈവരിക്കണമെന്നതാണ് സഭയുടെ ലക്ഷ്യം . 

പരിശുദ്ധാത്മാവിനാൽ മാത്രം നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യേണ്ട വിശ്വാസ സമൂഹം വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ജൂൺ 20 നു കൂടിയ മിറ്റിംഗിൽ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി തോമസ് പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് , ജോ. സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ് , വർക്കി ഏബ്രഹാം കാച്ചാണത്ത്, ട്രഷറാർ ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ സഭാ നേതൃത്വം പ്രതികരിക്കുകയും ഇതിനെതിരെ സഭാജനങ്ങളിലും ശുശൂഷകന്മാരിലും ശരിയായ ദിശാബോധം നല്കണമെന്ന് പെന്തെക്കോസ്തു സഭകളിലെ മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഘടനയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയാ അസോസിയേഷൻ മെയ് 4 ന് കൂടിയ നിർവ്വാഹക സമിതിയിൽ സഭാ നേതാക്കളോടു ആവശ്യപ്പെട്ടിരുന്നു.

 .

Advertisemen