ഐപിസിയുടെ അന്തസ് വീണ്ടെടുക്കാൻ ആത്മീയ നേതൃത്വം മുന്നോട്ട് വരണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

ഐപിസിയുടെ അന്തസ് വീണ്ടെടുക്കാൻ ആത്മീയ നേതൃത്വം മുന്നോട്ട് വരണം:  ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല: ഭാരതത്തിലെ പെന്തെക്കോസ്തു വളർച്ചയ്ക്കും സഭാ മുന്നേറ്റത്തിനും സുവിശേഷ വ്യാപനത്തിനും ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ വളർച്ചയേയും അന്തസിനേയും  ഹനിക്കുന്ന പ്രവണതകളിൽ നിന്നും സഭാനേതൃത്വം പിൻമാറണമെന്ന് ഐപിസിയിലെ മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഘടനയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. 

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ പാരമ്പര്യവും അന്തസും ചരിത്രവും തിരിച്ചറിയാത്ത ബാഹ്യശക്തികളുടെ ചട്ടുകമായി ഭരണനേതൃത്വം മാറാൻ പാടില്ല. ഏകപക്ഷിയവും വികലവുമായ തീരുമാനങ്ങൾ സഭയെ ആത്മിയ അധ:പതനത്തിലേക്ക് നയിക്കുകയാണെന്ന് യോഗം വിലയിരുത്തി.

സഭയുടെ എല്ലാ തലങ്ങളും മുരടിപ്പ് വ്യാപിച്ചിരിക്കുകയാണെന്നും ഒരു തിരിച്ചു വരവിനായി സഭാവിശ്വാസികളും സഭാ ശുശൂഷകന്മാരും ഒന്നിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

ജനറൽ കൗൺസിൽ ഭാരവാഹികൾ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിച്ച് വിശ്വാസ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതോടൊപ്പം ഐക്യതയോടെ സഭയെ നയിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

പെന്തെക്കോസ്തു പ്രസ്ഥാനങ്ങളിൽ ഉന്നത സ്ഥാനത്ത് നിലകൊള്ളുന്ന ഐപിസിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ നിന്നുള്ള മടങ്ങി വരവിനായി സഭാവിശ്വാസികളും ശുശ്രൂഷകന്മാരും പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആഹ്വാനം ചെയ്തു.

ഭരണത്തിലെ സുതാര്യമില്ലായ്മയും അച്ചടക്കനടപടികളുടെ പേരിൽ സഭയ്ക്കു വേണ്ടി നിലകൊള്ളുന്നവരെ ദുഷ്ടലാക്കോടെ പുറത്താക്കുന്നതും അവസാനിപ്പിക്കണം. വിശ്വാസികളുടേയും ശുശ്രൂഷകൻമാരുടേയും വിശ്വാസ്യത വിണ്ടെടുത്ത് സഭയെ ഐക്യതയോടും ആത്മീയമായും നയിക്കാൻ ഈ സാഹചര്യത്തിൽ സഭയിലെ വിവിധതലങ്ങളിലുള്ള പരിണിത പ്രജ്ഞരും ഭരണതലത്തിൽ കഴിവുതെളിയിച്ച സീനിയർ ശുശ്രൂഷകന്മാരും മുതിർന്ന വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആക്ടിംഗ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ്റെ ഭാരവാഹികളായ പാസ്റ്റർ രാജു ആനിക്കാട് , പാസ്റ്റർ സി.പി മോനായി , ഫിന്നി പി. മാത്യു , സജി മത്തായി കാതേട്ട് , ടോണി ഡി. ചെവൂക്കാരൻ , ഷാജി മാറാനാഥ എന്നിവർ പ്രസംഗിച്ചു.

Advertisement

Advertisement