മരുഭൂമിയിൽ നിത്യതയുടെ ദൂതുവാഹകൻ ആയിരുന്ന രാമങ്കരിക്കാരൻ
മരുഭൂമിയിൽ നിത്യതയുടെ ദൂതുവാഹകൻ ആയിരുന്ന രാമങ്കരിക്കാരൻ
(കഴിഞ്ഞ ആറ് വർഷം ഐപിസി- പി.സി.കെ സഭയ്ക്ക് ആത്മീയ നേതൃത്വം നൽകിയ പാസ്റ്റർ എബ്രഹാം തോമസുമായുള്ള അഭിമുഖം)
സിബി സ്റ്റാൻലി, കുവൈറ്റ്
സൗമ്യതയുടെ ആൾരൂപം, ശാന്ത പ്രകൃതൻ, അധികാര സ്ഥാനങ്ങളോട് ഒട്ടും താൽപ്പര്യം ഇല്ലാത്തയാൾ, മായം ചേർക്കാതെ ദൈവവചനം പ്രസംഗിക്കുന്ന രാമങ്കരിക്കാരൻ; പാസ്റ്റർ ഏബ്രഹാം തോമസ് എന്ന ദൈവഭൃത്യന് അങ്ങനെ വിശേഷണങ്ങൾ ഏറെയാണ്.
കായലുകളാലും, നദികളാലും, തോടുകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മണൽ പ്രദേശം നിറഞ്ഞ ആലപ്പുഴ ജില്ലയിൽ തുണ്ടിയിൽ (കൂട്ടുമ്മേൽ) തോമസ് പുന്നൂസിന്റെയും മേരി തോമസിൻറെയും ഇളയമകനായി 1967 ൽ ജനിച്ചു. രാമങ്കരി എൻ.എസ്.എസ്. ൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും ചങ്ങനാശ്ശേരി എസ്.ബി. കോളജിൽ നിന്ന് ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പഠന കാലയളവിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ സജീവമായി. ദരിദ്രൻമാരോടുമുള്ള കരുതലും സ്നേഹവുമാണ് തന്നെ അതിലേക്കു ആകർഷിച്ചത്. വർഷങ്ങൾ മുൻപോട്ടു പോയപ്പോൾ അതിനോടുള്ള ബന്ധത്തിൽ പല ബുദ്ധിമുട്ടുകൾ നേരിട്ടു. അങ്ങനെ ആ പ്രസ്ഥാനത്തോട് വിടപറഞ്ഞു.
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പള്ളിയിലേക്ക് പോയി. മണർകാട് യാക്കോബായ പള്ളിയിൽ നടന്ന എട്ടു നോമ്പിൽ പങ്കെടുക്കാൻ പോയപ്പോൾ കിട്ടിയ ഒരു ലഘുലേഖയാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. അതിൽ എഴുതിയിരിക്കുന്നതിനെ എതിർക്കുവാൻ വേണ്ടി ബൈബിൾ വായിച്ചു തുടങ്ങി. ശൗലിനെ പൗലോസാക്കി മാറ്റിയ ദൈവം ദൈവദാസന്റെ ഹൃദയത്തിലും രൂപാന്തരം വരുത്തി.
1991 ൽ കർത്താവിന്റെ മരണപുനരുത്ഥാനത്തോട് ഏകീഭവിക്കുന്ന വിശ്വാസ സ്നാനം സ്വീകരിച്ചു. ദൈവം വ്യക്തമായി ഇടപെട്ടതിനെ തുടർന്ന് കർത്താവിന്റെ വേലക്കായി സമർപ്പിച്ചു. ആദ്യം ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ തിയോളജി കോഴ്സിനു ചേർന്നു. പിന്നീട് അവിടെ ഉണ്ടായിരുന്ന അധ്യാപകരുടെ നിർദേശപ്രകാരം സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബാച്ചിലർ ഓഫ് ഡിവിനിറ്റി ബിരുദവും കരസ്ഥമാക്കി. ആരും സുവിശേഷം പറഞ്ഞിട്ടോ, ആരുടെയും നിർബന്ധ പ്രകാരമോ അല്ല കർത്താവിനെ അറിഞ്ഞത്. അതുകൊണ്ടു തന്നെ ആത്മീയ ഗുരു എന്ന് വിശേഷിപ്പിക്കുവാൻ ആരും ഇല്ല എന്ന് അദ്ദേഹം പറയുന്നു.
1995ൽ റാന്നി കളീക്കൽ എബ്രഹാം തോമസ് അന്നമ്മ എബ്രഹാം ദമ്പതികളുടെ മകൾ ജെസ്സി എബ്രഹാം ജീവിത പങ്കാളിയായി. ചെറുപ്രായത്തിൽ ദൈവവേലയ്ക്കുള്ള വിളി ഉണ്ടായിരുന്നതിനാൽ സുവിശേഷവേലക്കായി കർതൃദാസി സമർപ്പിച്ചു. റാന്നി സെന്റ് തോമസ് കോളേജിൽ നിന്നും സെക്കുലർ വിദ്യാഭ്യാസം പൂർത്തിയാക്കി. 1995 ൽ വിവാഹ ശേഷം പൂർണ്ണ സമയ സുവിശേഷവേലക്കായി കർതൃദാസനോടൊപ്പം ഇറങ്ങി. ദാമ്പത്യജീവിതത്തിൽ രണ്ടു മക്കളെ ദൈവം ദാനമായി നൽകി. മൂത്തമകൾ -കെസിയ മേരി എബ്രഹാം - ഭർത്താവ് സിജോ വർഗീസ് കുടുംബമായി ജോലിയോടുള്ള ബന്ധത്തിൽ യു.കെ യിൽ പാർക്കുന്നു. ഇളയമകൻ ഫിലോ തോമസ് എബ്രഹാം കാനഡയിൽ പഠിച്ചുകൊണ്ടിരിക്കുന്നു.
ഉള്ളതിൽ തൃപ്തിപ്പെടുന്ന അനുഗ്രഹീത കർതൃദാസിയും കുഞ്ഞുങ്ങളുമാണ് അദ്ദേഹത്തിൻറെ ജീവിത വിജയം. പ്രത്യേകിച്ച് ദൈവദാസിയുടെ പ്രാർത്ഥനയാണ് ദൈവവചനയുമായി മുൻപന്തിയിൽ നിൽക്കുവാൻ കാരണം എന്ന് ദൈവദാസൻ എടുത്തു പറയുന്നു. വന്ന വഴികൾ മറന്നുപോകാത്ത നിഗളഭാവം ഇല്ലാത്ത ഒരു കുടുംബം ആണ് ദൈവദാസന്റേത്. ചോർന്നൊലിക്കുന്ന ഫെയ്ത് ഹോമിൽ നിന്ന് ഇന്നത്തെ അവസ്ഥയിലേക്ക് ഉയർത്തിയ ദൈവത്തിനു നിറഞ്ഞ ഹൃദയത്തോടെ മഹത്വം അർപ്പിക്കുന്നു. ബലഹീന വിശ്വാസികളെ താങ്ങുന്ന പ്രാർത്ഥനാ പോരാളികളാണ് ഇരുവരും. എളിയവരോടും, വേദനയിൽ കൂടി കടന്നു പോകുന്നവരോടും പ്രത്യേക വാത്സല്യവും കരുതലും ആണ് ഈ കുടുംബത്തിന്.
സെമിനാരി പഠന കാലയളവിൽ തന്നെ സഭാശുശ്രുഷ ആരംഭിച്ചു. പഠനം പൂർത്തിയായതിനു ശേഷം ചങ്ങനാശ്ശേരി മാമൂട് ഉള്ള ഐപിസി സഭയിലും കോട്ടയം മാങ്ങാനം എബനേസർ ഐപിസി സഭയിലും ശുശ്രുഷിച്ചു. തുടർന്ന് കഞ്ഞിക്കുഴി ഫിലാഡൽഫിയ ഐപിസി സഭയിൽ സഹ ശുശ്രുഷകനായും പ്രവർത്തിച്ചു. പിന്നീട് ഐപിസി ഗിൽഗാൽ മാങ്ങാനം സഭയിലും, ഐപിസി ബഥേൽ കൈതമറ്റം സഭയിലും, ഐപിസി എബനേസർ പുതുപ്പള്ളി സഭയിലും, ഐപിസി ഹൗസ് ഓഫ് പ്രയർ പട്ടാഭിരാം ചെന്നൈ സഭയിലും, ഐപിസി ഹെബ്രോൻ മൂലേടം സഭയിലും ശുശ്രൂഷകൾ നിർവഹിച്ചു. ശേഷം ഐപിസി-പി.സി.കെ. (പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് ) സഭയിലും ശുശ്രൂഷകനായിരുന്നു.
ഐപിസി- പി.സി.കെ. യെക്കുറിച്ചു പറയുമ്പോൾ നിറഞ്ഞ സംതൃപ്തിയാണ് അദ്ദേഹത്തിന്. നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ അനേക അനുഭവങ്ങൾ സഭാപരിപാലനത്തിൽ ഇവിടെ ഉണ്ടായിട്ടുണ്ട്. ദൈവ വചനം ആധാരമാക്കി പിതാക്കൻമാർ അടിസ്ഥാനമിട്ട സഭ ആയതിനാൽ ദൈവമക്കൾ തമ്മിലുള്ള സ്നേഹം എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് ആർക്കെങ്കിലും ഒരു ഭാരമോ വേദനയോ വന്നാൽ എല്ലാവരും സ്വന്തം വിഷയമായി ഏറ്റെടുത്തു ആത്മാർഥമായി ദൈവസന്നിധിയിൽ കണ്ണുനീരോടെ പ്രാർത്ഥിക്കുന്നതും, സഹായ ഹസ്തവുമായി ഓടിയെത്തുന്നതും ഇവിടുത്തെ മാത്രം എടുത്തുപറയേണ്ട പ്രത്യേകതയാണ്. എല്ലാപ്രഭാതത്തിലും നടക്കുന്ന മധ്യസ്ഥപ്രാർത്ഥന (മോർണിംഗ് പ്രയർ) ഏറ്റവും അനുഗ്രഹമാണ് എന്ന് ഇരുവരും ഏക സ്വരത്തിൽ പറയുന്നു.
കുവൈറ്റ് ഐപിസി റീജിയൻ പ്രസിഡണ്ടായി ചുരുങ്ങിയ കാലം സേവനം ചെയ്ത ഇദ്ദേഹം ഐപിസി കുവൈറ്റ് റീജിയൺ നടത്തുന്ന ബൈബിൾ സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. കെ. റ്റി.എം.സി.സി. (കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ), എൻ. ഇ.സി.കെ. (നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ്) എന്നിവയുടെ ഭാഗമാകാൻ കഴിഞ്ഞതിലും അദ്ദേഹം സന്തോഷവാനാണ്.
നല്ല ഒരു വേദാധ്യാപകനായ ദൈവദാസനു ദീർഘ വർഷങ്ങളായി വിവിധ ബൈബിൾ കോളേജുകളിൽ ദൈവവചനം പഠിപ്പിക്കുവാനും അനേകരെ ശിഷ്യരാക്കുവാനും കഴിഞ്ഞു എന്നതും സന്തോഷകരമാണ്. അദ്ദേഹത്തിന്റെ ശിഷ്യവൃന്ദങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർത്താവിന്റെ മുന്തിരി തോട്ടത്തിൽ അധ്വാനിക്കുന്നു. സത്യവചനം ഒട്ടും മറച്ചുവെക്കാതെ ജനത്തെ പഠിപ്പിച്ചു എന്നത് ആത്മീയ നേട്ടമായി പാസ്റ്റർ എബ്രഹാം തോമസ് കാണുന്നു. “നിനക്ക് അല്പമേ ശക്തിയുള്ളു എങ്കിലും എന്റെ വചനം കാത്തു”എന്ന ദൈവവചനം പോലെ ഇതുവരെ ശുശ്രുഷിച്ച എല്ലാ സഭകളിലും ദൈവജനത്തെ വചനത്തിൽ ഉറപ്പിക്കുവാനും നിത്യതയിലേക്കു നയിക്കുവാനും ദൈവം സഹായിച്ചു.
കൂടാതെ പരസ്യയോഗങ്ങൾ, ഭവനങ്ങൾ കയറിയുള്ള പ്രവർത്തനങ്ങളിൽ ഒക്കെ പങ്കാളിയായിരുന്നു. അങ്ങനെയും ചിലർ രക്ഷിക്കപെടുവാനും ദൈവസഭയിൽ അംഗങ്ങൾ ആകുവാനും സാധിച്ചിട്ടുണ്ട്. ഇരുന്ന സഭകളിലെല്ലാം അനേകരെ സ്നാനപെടുത്തുവാൻ അഭിഷിക്ത ദൈവദാസന് ദൈവം കൃപ നൽകി. ആറു വർഷത്തെ ശുശ്രുഷയിൽ പി.സി.കെ. യിൽ മാത്രം എഴുപതു പേരെ സ്നാനപെടുത്തുവാൻ ദൈവം സഹായിച്ചു. പി.സി.കെ യുടെ ഇന്നോളമുള്ള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടു കഴിഞ്ഞ ആറു വർഷവും മൂന്നു മാസവും ദൈവസഭക്ക് നേതൃത്വം നൽകുവാൻ കുടുംബമായി സർവ്വശക്തൻ അദ്ദേഹത്തെ സഹായിച്ചു.
ദൈവസഭയുടെ സന്തോഷത്തിലും സന്താപത്തിലും ദൈവമക്കളോട് ചേർന്ന് നിൽക്കുവാനും ദൈവവചനത്തിൽ ജനത്തെ ഉറപ്പിക്കുവാനും തന്നെ ദൈവം ശക്തീകരിച്ചു. ദൈവദാസൻറെ ശാന്തമായുള്ള ദൈവവചന ശുശ്രുഷയിലൂടെ ഭാരത്തോടെയും വേദനയോടെയും ദൈവസഭയിലേക്കു കടന്നു വരുന്നവർക്ക് വിടുതലും ആശ്വാസവും ലഭിക്കുന്നു. അതിലുപരിയായി നിത്യതക്കായി ഒരുക്കുന്ന തിരുവചനം കലർപ്പില്ലാതെ പ്രസംഗിക്കാൻ കർതൃഭൃത്യനെ ദൈവം അധികാരത്തോടെ ഉപയോഗിച്ചു. കോവിഡ് എന്ന മഹാവ്യാധി ലോകം മുഴുവൻ കാർന്നു തിന്നപ്പോഴും, വേർപാടിന്റെ വേദനയിൽ കൂടി ദൈവസഭ കടന്നു പോയപ്പോഴും ദൈവജനത്തെ ദൈവവചനത്തിൽ ഉറപ്പിക്കുവാൻ അഭിഷിക്തനെ ദൈവം കരങ്ങളിൽ എടുത്തു. ക്ലേശങ്ങൾ നിറഞ്ഞ ഈ മരുഭൂമിയിൽ ദൈവത്തിൽ നിന്നുള്ള അരുളപ്പാടുകൾ മുഖം നോക്കാതെ പറയുന്ന വിശ്വസ്ത പ്രവാചകനായി നിലകൊള്ളുവാൻ ദൈവം സഹായിച്ചു.
ഈ രാജ്യത്തെ ശുശ്രുഷ പൂർത്തിയാക്കി വിശ്വാസയാത്ര തുടരുമ്പോൾ വരും തലമുറയോട് പറയാനുള്ളത് -“ദൈവം ഏതു രാജ്യത്തു അയച്ചാലും, സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായ ദൈവവചനത്തിൽ അടിസ്ഥാനമിട്ടു ദൈവഭയമുള്ളവരായി വിശ്വാസം മുറുകെ പിടിച്ചുകൊൾക. മാതാപിതാക്കളെ ബഹുമാനിക്കുന്നവരും അനുസരണമുള്ളവരും ആകുക” എന്നതാണ്. “നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും;” ദൈവം അയക്കുന്നിടത്തൊക്കെയും പകലുള്ളിടത്തോളം നല്ല യജമാനന്റെ വേല തികയ്ക്കുവാൻ, അനേകരെ നിത്യതയിലേക്കു നയിക്കുവാൻ സർവ്വശക്തൻ അധികം കൃപ പകരട്ടെ.
Advertisement
Advertisement