ഭരണ തുടർച്ചയാണ് ആവശ്യമെന്നു വിധിയെഴുതി കേരളത്തിലെ ഐപിസി വിശ്വാസ സമൂഹം

0
5439

പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ഷിബു നേടുവേലിൽ എന്നിവർ നേതൃത്വം നൽകിയ പാനലിന് വൻ മുന്നേറ്റം

മോൻസി മാമ്മൻ/ ജോജി ഐപ്പ് മാത്യൂസ്

 

ഭാരവാഹികൾ ചുമതലയേറ്റു. ജൂൺ 4 ന് ആദ്യ കൗൺസിൽ

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) കേരള സ്റ്റേറ്റ് തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്ക് അംഗീകാരം. പ്രസിഡന്റായി പാസ്റ്റർ രാജു പൂവക്കാലയും (തിരുവല്ല) സെക്രട്ടറിയായി പാസ്റ്റർ ഷിബു നെടുവേലിലും (കുമ്പനാട് ) തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: പാസ്റ്റർ സി.സി.ഏബ്രഹാം വടശേരിക്കര (വൈസ് പ്രസിഡന്റ്), പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ തിരുവനന്തപുരം, ജി. കുഞ്ഞച്ചൻ വാളകം (ജോയിന്റ് സെക്രട്ടറിമാർ), പി.എം.ഫിലിപ്പ് പത്തനാപുരം (ട്രഷറർ).
പ്രസിഡന്റ് ഒഴികെയുള്ള ഭാരവാഹികൾ ചുമതലയേറ്റു. ജൂൺ 4 ന് ആദ്യ കൗൺസിൽ നടക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കേസുകൾ നിലനിൽക്കുന്നതിനാലാണ് പ്രസിഡന്റ് ചുമതലയേൽക്കാതിരുന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജു പൂവക്കാല (61) തിരുവല്ല സെന്ററിലെ ആഞ്ഞിലിത്താനം ഐപിസി സഭാംഗമാണ്. ആഞ്ഞിലിത്താനം കൊച്ചിയിൽ പൂവക്കാലയിൽ പരേതരായ പി.എം.തോമസ്- അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്. നിലവിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റായിരുന്നു. സഭയുടെ യുവജന വിഭാഗമായ പിവൈപിഎയുടെ സംസ്ഥാന പ്രസിഡന്റ്, സഭയുടെ മിഷൻ, ചാരിറ്റി ബോർഡുകളുടെ ചെയർമാൻ, സഭ സ്റ്റേറ്റ് – ജനറൽ കൗൺസിലുകളിൽ അംഗം തുടങ്ങിയ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. മല്ലപ്പള്ളി സിയോൻ ബൈബിൾ കോളജിൽ നിന്നും വേദശാസ്ത്രപഠനം നടത്തി. ഭാര്യ: ബീന. മക്കൾ: മന്ന, ജിബിൻ. മരുമക്കൾ: ജേക്കബ്, സ്നേഹ.
സ്റ്റേറ്റ് സെക്രട്ടറിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഷിബു നെടുവേലിൽ (60) മാരാമൺ നെടുവേലിൽ പരേതരായ എൻ.ജെ. മാത്യു – അന്നമ്മ മാത്യു ദമ്പതികളുടെ മകനാണ്. സഭയുടെ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി, ഇവാഞ്ചലിസം ബോർഡ് ചെയർമാൻ, പിവൈപിഎ സ്റ്റേറ്റ് എക്സിക്യൂട്ടീവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വടവാതൂർ ശാലേം, കുമ്പനാട് ഹെബ്രോൻ എന്നീ ബൈബിൾ കോളജുകളിൽ നിന്നും വേദശാസ്ത്ര പഠനം നടത്തി. മാരാമൺ ഐപിസി സഭ, ബേർശേബ ബൈബിൾ സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്. ഭാര്യ: ജെസി. മക്കൾ: ജസ്റ്റിൻ, ജെമി. മരുമക്കൾ: ഗ്ലാഡി, ഡിപിൻ.
ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പി.എം.ഫിലിപ്പ് പത്തനാപുരം സഭാംഗമാണ്. പിവൈപിഎ, ഐപിസി സൺഡേസ്കൂൾ എന്നിവയുടെ കേന്ദ്ര ട്രഷറർ ആയിരുന്നു.
വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി. ഏബ്രഹാം വടശേരിക്കര സെന്റർ പാസ്റ്റർ ആണ്. സഭയുടെ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു.
ജോയിന്റ് സെക്രട്ടറിയായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ തിരുവനന്തപുരം ഐപിസി ജയോൽസവം വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററും വെമ്പായം ഏരിയ പാസ്റ്ററുമാണ്. പിവൈപിഎ സംസ്ഥാന പ്രസിഡന്റ്, ഇവാഞ്ചലിസം ബോർഡ് ചെയർമാൻ, വർക്കല ഏരിയ പാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു ജോയിന്റ് സെക്രട്ടറിയായ ജി.കുഞ്ഞച്ചൻ, ആയൂർ സെന്ററിലെ വാളകം സഭാംഗമാണ്. സഭാ കൗൺസിൽ അംഗമായിരുന്നു. സഭാ കൗൺസിൽ അംഗങ്ങളുടെ വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിച്ചതായി ഇലക്ഷൻ കമ്മീഷണർ ജോൺ തോമസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here