വെളളം പോലെ തുളുമ്പുന്നവൻ

0
1033

വെളളം പോലെ തുളുമ്പുന്നവൻ

 

രണശയ്യയിലുള്ള അപ്പന്റെ മുറി വിട്ട് മ്ലാനവദനനായി അവൻ ഇറങ്ങിയത് നിരാശയുടെ പടുകുഴിയിലേക്കാണ്. ആദ്യ മൂന്നു പേർ ഒഴികെയുള്ളവർക്ക് ആ പ്രത്യേകദിവസം സന്തോഷത്തിന്റേതായിരുന്നു. തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കുന്നതിന് മുമ്പ് എല്ലാ മക്കളേയും തലയിൽ കൈവെച്ച് അനുഗ്രഹിക്കുവാൻ അന്നേ ദിനമായിരുന്നു യാക്കോബ് വേർതിരിച്ചിരുന്നത്. പാരമ്പര്യമായി പിന്തുടർന്ന് വന്ന അപ്പൻ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന സമ്പ്രദായം അവർക്ക് സ്വത്ത്, സമ്പാദ്യങ്ങൾ ലഭിക്കുന്നതിലും പ്രാധാന്യതയേറിയതായിരുന്നു. തലമുറകൾ എന്തായിത്തീരും എന്ന് ഈ അനുഗ്രഹങ്ങളിലുണ്ടായിരുന്നു. 

ആദ്യജാതനായ രൂബേൻ നിരാശയോടെ പുറത്തുവന്നതിന്റെ കാരണവും അതുതന്നെ. അന്നത്തെ അനുഗ്രഹം ഇന്നത്തെ ആണ്ടറുതിക്ക് ലഭിക്കുന്ന അനുഗ്രഹവാക്യം പോലെയായിരുന്നില്ല എന്നു തോന്നുന്നു. ഇന്നായിരുന്നെങ്കിൽ പ്രാർത്ഥിച്ച് വേറെ വാക്യം കൊടുക്കുമായിരുന്നു. എന്നാൽ ക്രമമനുസരിച്ച് ആദ്യം അനുഗ്രഹം വാങ്ങിക്കുവാൻ ചെന്ന അവനെ നോക്കി ഒരു അനുഗ്രഹത്തോടെ തുടങ്ങാം എന്നു വിചാരിക്കാതെ ആ അപ്പൻ അഭിസംബോധന ചെയ്തത് “വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല” (ഉല്പത്തി 49:4).

ആ കുടുംബത്തിനു ദൈവം നല്കിയ കടിഞ്ഞൂലായ ആൺകുഞ്ഞിന് അമ്മ വളരെ പ്രതീക്ഷയോടെയാണ് ഒരു പേർ വിളിച്ചത്. എന്നാൽ പിറന്നു വീണപ്പോൾ അമ്മ കണ്ട ഭാവിപ്രതീക്ഷകൾ, ജീവിതം തൂക്കി നോക്കിയപ്പോൾ അപ്പന് കാണുവാൻ കഴിഞ്ഞില്ല. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി “ജീവിതം വിലയിരുത്തിയുള്ള അനുഗ്രഹം” കൊടുക്കുന്ന യാക്കോബ് തന്റെ മകന്റെ പൂർവ്വകാല പ്രവർത്തികൾ നോക്കി ശാപം കലർന്ന ആ പേര് വിളിക്കുമെന്ന് ആ മകൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു പുരുഷായുസ്സിന്റെ വലിപ്പമുള്ള സ്വപ്നങ്ങൾ ചില്ലുപോലെ തകർന്നടിയപ്പെട്ടു. പൂർവ്വകാലത്തിന്റെ കറുത്ത ആമങ്ങളിൽ അമർന്നിരുന്ന അവനെ ഭാവികാലവും വരിഞ്ഞുമുറുക്കുന്നതുപോലെ.

ആ വീട്ടിലെ ആൾക്കൂട്ടത്തിൽ നിന്നും ഏകാന്തതയിലേക്ക് നടന്നുകൊണ്ടിരുന്ന രൂബേനു മുമ്പിലേക്ക് ‘കാലത്തിന്റെ ആൽബം’ തുറക്കപ്പെടുന്നു. അവന്റെ പഴയകാല പരാജയങ്ങൾ ഒന്നൊന്നായി തെളിഞ്ഞുവന്നു. തന്റെ പരാജയങ്ങളിലെ പ്രധാന കാരണം അപ്പനായ യാക്കോബ് തന്നെ ചൂണ്ടിക്കാണിക്കുന്നു, “അപ്പന്റെ കിടക്ക അശുദ്ധമാക്കി”. അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ രൂബേൻ ശയിച്ചു(ഉല്പത്തി 35:22). അവൻ ചെയ്തത് അന്നത്തെ ഗോത്രഭരണാധികാരിയായിരുന്ന അപ്പന്റെ അധികാരത്തോടുള്ള വെല്ലുവിളിയായിരുന്നു. അത് യിസ്രായേൽ കേട്ടെങ്കിലും അന്നു പ്രതികരിക്കാതെ മകന് അനുഗ്രഹം കൊടുക്കുന്ന ദിവസം വരെ കാത്തിരുന്ന്, അതിനനുസരിച്ചുള്ള വാക്കുകളാണ് പറയുന്നത്. മകന് തെറ്റിനെക്കുറിച്ച് ബോധ്യം വരുത്താത്ത യാക്കോബിൽ നിന്നും വ്യത്യസ്തമായി പുതിയ നിയമത്തിൽ തന്റെ മക്കളെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പരിശുദ്ധാത്മാവിലൂടെ ബോധ്യം വരുത്തുന്ന ഒരു നല്ല സ്വർഗ്ഗീയ പിതാവിനെ നമ്മുക്ക് ദർശിക്കുവാൻ കഴിയും.

മോശയുടെ ന്യായപ്രമാണപ്രകാരം, അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കുന്നവൻ അപ്പന്റെ നഗ്നതയെ അനാവൃതമാക്കുന്നു (ലേവ്യ 18:8, ആവർത്തനം 27: 20). അങ്ങനെ ചെയ്ത് തങ്ങളെത്തന്നെ അശുദ്ധരാക്കിയ ജാതികളെ ദേശം ഛർദ്ദിച്ചു കളഞ്ഞു. ഇങ്ങനെ പ്രവർത്തിച്ചവരെ ജനത്തിൽ നിന്നും ഛേദിച്ചുകളയണം എന്നായിരുന്നു ദൈവീകപ്രമാണം(ലേവ്യ 18:24-30). ഈ ചെയ്ത തെറ്റ് നൂറ്റാണ്ടുകളിൽ ഒരു ചോദ്യചിഹ്നമായി തെളിഞ്ഞു നിന്നപ്പോൾ ദൈവം മോശയിൽക്കൂടി ആശ്വാസവചനം നൽകുന്നു, ‘രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ’ (ആവർത്തനം 33:6). എന്നാൽ “രൂബേന്റെ ദുർന്നടപ്പ്” പിന്തുടരുന്നവർ കൊരിന്ത്യസഭയിലുണ്ടെന്ന് അറിഞ്ഞപ്പോൾ അവരെ യേശുവിന്റെ നാമത്തിൽ ആത്മരക്ഷയ്ക്കായി ജഡസംഹാരത്തിനായി സാത്താന് ഏല്പിച്ചു കൊടുക്കുവാനാണ് പൌലൊസ് വിധിച്ചത് (1 കൊരിന്ത്യർ 5:1-5).

പരാജയത്തിൽ ആദ്യത്തേത് ചെയ്യരുതാത്തത് ചെയ്തതാണെങ്കിൽ രണ്ടാമത്തേത് ചെയ്യേണ്ടിയിരുന്നത് ചെയ്തില്ല എന്നുള്ളതാണ്. തന്റെ അപ്പന്റെ മാറോടു ചേർന്നിരുന്ന തന്റെ കുഞ്ഞനിയൻ യോസേഫ് പ്രതീക്ഷയറ്റവനായി മരുഭൂമിയിലെ ആ പൊട്ടക്കിണറ്റിൽ കിടന്നപ്പോൾ ജ്യേഷ്ഠനായ താൻ പ്രതികരിക്കാതിരുന്നത് മറ്റൊരു വലിയ തെറ്റായിരുന്നു.

പാരമ്പര്യമനുസരിച്ച് അപ്പന്റെ അസാന്നിദ്ധ്യത്തിൽ തീരുമാനമെടുക്കാനും നടപ്പിലാക്കാനും അവകാശവും അധികാരമുള്ളവനായിരുന്നു ആദ്യജാതൻ. പക്ഷേ സഹോദരന്മാരെ ഭയന്ന് ഒന്നും ചെയ്യുന്നില്ല. ഈ ‘പറ്റാത്ത പണി’ വിറ്റു കളഞ്ഞ അപ്പന്റെ ജ്യേഷ്ഠൻ ഏശാവാണ് ശരി എന്ന് അത് കാണുമ്പോൾ തോന്നിപ്പോകുന്നു. അന്ന് ജ്യേഷ്ഠാവകാശത്തിന് വില പറയുവാൻ തന്റേടം കാണിച്ച ആ അപ്പന്റെ മൂത്തമകൻ ഇത്രയും ഭീരുവാകാൻ പാടില്ലായിരുന്നു. രണ്ടും കല്പിച്ചിറങ്ങിയ യാക്കോബിനും കഴുത്തിനു മുകളിൽ തല കാണുമോ എന്ന പേടി അന്നുണ്ടായിരുന്നു. കാരണം ഏശാവിന് കാര്യം ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് പ്രവചനാതീതമായിരുന്നു. അപ്പനുമായി വച്ചു നോക്കിയാൽ രൂബേൻ ഒരു കഴിവുമില്ലാത്തവൻ.

Advertisement

ആവശ്യമുള്ളിടത്ത് സംസാരിക്കാതെയും കൃത്യമായ നിലപാടുകൾ എടുത്ത് പ്രവൃത്തിക്കാതെയും ജീവനേയും പദവിയേയും കൂടുതൽ സ്നേഹിക്കുകയും ചെയ്യുന്ന അവരുടെ നേതാവായ “രൂബേൻ പ്രതികരണശേഷി നഷ്ടപ്പെട്ട കളിപ്പാവ” പോലെ നിന്നു കൊടുത്തപ്പോൾ മറ്റുള്ളവർ അത് ശരിക്കും മുതലെടുത്തു. അവന്റെ മൗനം മറ്റുള്ളവർക്ക് തെറ്റു ചെയ്യുവാനുള്ള സമ്മതമായി മാറി. ആവർത്തനം 33:6 ൽ “അവന്റെ പുരുഷന്മാർ കുറഞ്ഞു പോകാതിരിക്കട്ടെ” എന്നത് ആ ഗോത്രത്തിൽ പുരുഷത്വം ഉള്ളവർ കുറയാതിരിക്കട്ടെ എന്നാണ് ദൈവം ആഗ്രഹിച്ചത്. “രൂബേന്റെ പുരുഷത്വമില്ലായ്മ” തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടുവാൻ ഇടയായി എന്ന് ഇതിലൂടെ മനസ്സിലാക്കുവാൻ സാധിക്കും.

പൌലൊസ് പുതിയ നിയമസഭയെ ‘പുരുഷത്വം കാണിപ്പിൻ’ (1 കൊരിന്ത്യർ 16:13) എന്നു ഉപദേശിക്കുന്നതിന്റെ പ്രാധാന്യം നമുക്ക് ഇവിടെ കാണുവാൻ കഴിയുന്നു. കാരണം നാം പരാജയപ്പെട്ട ഒരു തലമുറയല്ല; മറിച്ച് വാഴ്ചകളേയും അധികാരങ്ങളേയും ആയുധവർഗ്ഗം വെപ്പിച്ച് ക്രൂശിൽ അവരുടെ മേൽ ജയോത്സവം കൊണ്ടാടിയവന്റെ പിൻഗാമികളാണ് (കൊലൊസ്സ്യർ 2:15).

അനിയനെ രക്ഷിച്ച് ഈ വിപത്തിന്റെ കാരണമായ ‘സ്വപ്നം’ സംബന്ധിച്ച് ഒരു ‘മാനസാന്തരം’ ഒക്കെ വരുത്തി വീട്ടിലെത്തിക്കാമെന്നാണ് ജ്യേഷ്ഠൻ വിചാരിച്ചത്. എന്നാൽ അതു നടന്നില്ല. കാരാഗൃഹത്തിൽ പോകേണ്ടി വന്നാലും ദൈവം തരുന്ന സ്വപ്നം കാണുന്നത് നിർത്തണമെന്ന് പഠിപ്പിക്കുന്ന രൂബേന്റെ സംരക്ഷണം വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്. കാരണം “രൂബേന്റെ ഉപദേശം” അനുസരിച്ചുള്ള ജീവിതം അർത്ഥശൂന്യതയിലേ എത്തിക്കുകയുള്ളു. അപ്രകാരം ജീവിച്ചിരുന്നെങ്കിൽ യോസേഫ് എങ്ങുമെത്തുകയില്ലായിരുന്നു.

രൂബേൻ തടസം നിന്നതിനാലാണ് ഉടൻ കൊല്ലണ്ട എന്ന തീരുമാനമായതും യോസേഫ് ജീവനോടെയിരുന്നതും എന്നത് വാസ്തവമാണ്. പിന്നീട് വന്ന് രക്ഷിച്ചു കൊണ്ടുപോകാം എന്നു വിചാരിച്ചു രഹസ്യമായി പ്രവർത്തിക്കുവാൻ അവൻ ആഗ്രഹിച്ചു. എന്നാൽ പരസ്യമായി ചെയ്യേണ്ട കാര്യങ്ങൾ പരസ്യമായിത്തന്നെ ചെയ്യണം. രഹസ്യമായി സഹോദരനെ രക്ഷിക്കാം എന്ന് വിചാരിച്ചത് വെറുതെയായി എന്ന് അവൻ മനസ്സിലാക്കിയത് വളരെ താമസിച്ചാണ്. “സ്വന്തം പ്രതിച്ഛായ മാത്രം നോക്കി പ്രവർത്തിക്കുന്ന രൂബേൻ” ഇപ്രകാരം കാര്യങ്ങളിൽ ഇടപെട്ടാൽ സഹോദരൻ എന്നേക്കുമായി നഷ്ടമാകും. രണ്ടാം പദ്ധതി (Plan B) നിറവേറ്റാം എന്നു വിചാരിച്ച രൂബേന്, അവന്റെ അസാന്നിദ്ധ്യത്തിൽ അവനെ പരാജയപ്പെടുത്തുന്ന രണ്ടാം പദ്ധതി സഹോദരന്മാരുടെ പക്കലുണ്ടെന്ന് മനസിലാക്കാൻ അൽപ്പം സമയമെടുത്തു.
സഹോദരന്മാർ യോസേഫിന് വില പറയുമ്പോൾ രൂബേന്റെ അസാന്നിദ്ധ്യം ഒരു ന്യായീകരണവും അർഹിക്കുന്നതല്ലായിരുന്നു.

നാണയത്തുട്ടുകൾ എണ്ണി നിറച്ച കിഴികൾ പകരംവാങ്ങി അനിയന്റെ കൈ പിടിച്ച് കച്ചവടക്കാരുടെ കൈയിൽ കൊടുക്കുമ്പോൾ ജ്യേഷ്ഠാവകാശം ജന്മനാ ലഭിച്ച “രൂബേന്റെ തിരക്കുള്ള ജീവിതം” എത്ര പരാജയമായിരുന്നു എന്ന് ഇന്നവന് മനസിലായി കാണും. യിശ്മായേല്യർ അനിയനെ ചങ്ങലയിൽ ഒട്ടകത്തോട് ചേർത്ത് ബന്ധിക്കുമ്പോൾ, ചൂടുള്ള ഇരുമ്പു ചങ്ങലകളാൽ അവന്റെ ശരീരം നന്നായി പൊള്ളിയപ്പോൾ സംരക്ഷിക്കേണ്ടവന്റെ തിരക്കുള്ള ജീവിതം കൊണ്ട് എന്ത് അർത്ഥമാണ് ഉണ്ടായത്? ആരേയും പിണക്കാതെ എല്ലാവരെയും ഒരുപോലെ കൊണ്ടു പോകണമെന്ന നയതന്ത്രത്തിൽ (diplomacy) സ്വന്തനിലനിൽപ്പ് മാത്രമാണ് ലക്ഷ്യമെന്ന് കാണുന്ന ആർക്കും മനസ്സിലാകും.

തക്ക സമയത്ത് ചെയ്യേണ്ടത് ചെയ്യുന്നതാണ് ആയിരം “രൂബേന്യ മറുപദ്ധതികളെക്കാൾ” കാതലായത്. ആ അവസരത്തിൽ അധികാരമുള്ളവൻ മിണ്ടാതെയിരുന്നാൽ ‘സഹോദരന്മാരുടെ സമ്പാദ്യം കൂടിയേക്കാം; എന്നാൽ നിശ്ചയമായും സഹോദരന്മാരുടെ എണ്ണം കുറയും’. യേശു പറഞ്ഞത് ‘അനീതിയുള്ള മമ്മോനെക്കൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊള്ളുവാൻ ഇടയാകും’ (ലൂക്കൊസ് 16:9).

“ഉടമ്പടിയിലും പദവിയിലും രൂബേൻ നിലനിന്നില്ല” എന്നതു കൊണ്ടാകാം അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവർക്ക് ശേഷം ഗോത്രഭരണാധികാരി (Patriarchal Fathers) എന്ന പദവി നിന്നുപോയതും ഗോത്രപിതാക്കന്മാർ (Tribal Fathers) തിരെഞ്ഞെടുക്കപ്പെട്ടതും. രൂബേന്റെ നിസംഗതയുടെ മുമ്പിൽ നാലാമനായ യഹൂദാ “വർക്കിംഗ് പ്രസിഡന്റ്” ആയെങ്കിലും പിന്നീട് യോസേഫിന്റെ രണ്ടു മക്കൾക്കും ഗോത്രപിതാക്കന്മാരുടെ പദവി ലഭിച്ചു എന്നുള്ളതും ഇവിടെ ചിന്തനീയമാണ്. അതിലുമുപരി ജ്യേഷ്ഠാവകാശത്തിന്റെ വില നന്നായി അറിയാവുന്ന പിതാവിന്റെ ആദ്യജാതനായ മകന്റെ ജന്മാവകാശമായ ജ്യേഷ്ഠാവകാശം യോസേഫിനും അവന്റെ രണ്ടു മക്കൾക്കും ലഭിച്ചു (1 ദിനവൃത്താന്തം 5:1,2) എന്നുള്ളതിൽ നിന്നും കാലം എന്തൊക്കെയോ നമ്മെയും പഠിപ്പിക്കുന്നുണ്ട്. ഏശാവ് നഷ്ടപ്പെടുത്തിയത് ഗോത്രഭരണാധിപൻ എന്ന പദവിയും വംശാവലിയുമായിരുന്നു.

Advertisement

“ഏശാവിനെപ്പോലെ രൂബേനും ജ്യേഷ്ഠാവകാശത്തിന്റെ വില മനസ്സിലായി കാണില്ല” എന്നു വേണം കരുതാൻ. അതു മുഖാന്തിരം എല്ലായിടത്തും മുമ്പനായിരുന്ന രൂബേന്റെ പിൽക്കാലചരിത്രത്തിൽ വളരെ പിൻപിലുള്ളവനായി കാണപ്പെടുന്നു. ഒരു ന്യായാധിപനോ, രാജാവോ, പ്രവാചകനോ ഈ ഗോത്രത്തിൽ നിന്നും പേരെടുത്തു പറയുവാനില്ല. ‘ആടുമാടുകൾ’ ധാരാളം ഉണ്ടായിരുന്നതിനാൽ മൂത്തവനായ രൂബേന്റെ തലമുറയ്ക്ക് യോർദ്ദാന്നക്കരെ കനാനിൽ അവകാശം പോലും പ്രാപിക്കുവാൻ കഴിഞ്ഞില്ല (സംഖ്യ 32). നേതൃത്വം ആത്മീകമായ ഉത്തരവാദിത്വങ്ങൾ മനസിലാക്കാതെ ഭൗതീകത്തിലും ലോകമോഹങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് ജീവിച്ചാൽ വാഗ്ദത്തനാടിനെ പ്രാപിക്കുവാൻ കഴിയില്ല എന്ന് നാം മറന്നു പോകരുത്. പിന്നീട് ദെബോരയുടെ കാലത്ത് രൂബേന്യർക്ക്, ദൈവത്തിന്റെയും മോശയുടെയും മുമ്പാകെയെടുത്ത ‘യുദ്ധത്തിന് കൂടെ വരാം’ എന്ന ഘനമേറിയ മനോനിർണ്ണയം ആടുമാടുകളുടെ തൊഴുത്തുകൾക്കിടയിൽ പാർക്കുന്നതു കാരണം നിർവ്വഹിക്കുവാൻ കഴിഞ്ഞില്ല (ന്യായാധിപൻമാർ 5:15,16). ആളുകൾ കുറയരുത് എന്ന ദൈവീകസന്ദേശം മറന്ന് ആടുകൾ കുറയാതിരിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. സെബൂലൂൻ പ്രാണനെ ത്യജിച്ചും നഫ്താലി പോർക്കളമേടുകളിൽ തന്നെ പാർക്കുകയും ചെയ്യുമ്പോൾ ജ്യേഷ്ഠനായ രൂബേൻ തന്റെ ആടുകളെ പാലിച്ച് അതിന്റെ കരച്ചിലിനിടയിൽ ആയതിനാൽ യുദ്ധത്തിനുള്ള കുഴലൂത്ത് എങ്ങനെ കേൾക്കാൻ കഴിയും? ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാത്ത ഗോത്രപിതാവിന്റെ സ്വഭാവം ആ ഗോത്രത്തിലേക്കും കൈമാറ്റം ചെയ്യപ്പെട്ടത് വ്യക്തമായി ദർശിക്കുവാൻ സാധിക്കും. പുതിയനിയമത്തിൽ പോലും എല്ലാ ഗോത്രത്തിൽ നിന്നും 12000 പേരുടെ കാര്യം പറയുന്ന വെളിപ്പാട് 7- ൽ രൂബേൻ ഗോത്രവും ഉൾപ്പെടുന്നതല്ലാതെ വേറെയെങ്ങും അവരെക്കുറിച്ച് രേഖകളില്ല.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

വെള്ളം പോലെ തുളുമ്പുന്നവൻ എന്നത് ഇംഗ്ലീഷിൽ unstable, uncontrolled, destructive, undisciplined എന്നതിന് സ്ഥിരതയില്ലാത്തവൻ, സംയമനം ഇല്ലാത്തവൻ, പെരുവെള്ളം പോലെ വിനാശകൻ, അച്ചടക്കമില്ലാത്തവൻ എന്നൊക്കെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. തീരുമാനങ്ങളിൽ നിലനിൽക്കാൻ കഴിയാതെ പോകുന്ന അവസ്ഥ ഭാവിയെ ബാധിക്കുമെന്നത് ഉറപ്പായ കാര്യമാണ്.

യാക്കോബ് 1:8 ൽ പറയുന്നത് ഇരുമനസ്സുള്ളവൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു. എന്നാൽ യെശയ്യാവ് 26:3 ൽ കാണുന്നത് സ്ഥിരമാനസൻ നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു. ആദ്യജാതനായിരുന്നെങ്കിലും അപ്പന്റെയും ദൈവത്തിന്റെയും മുന്നിൽ മനസ്സ് ഏകാഗ്രമാക്കി ജ്യേഷ്ഠാവകാശം പ്രാപിക്കാൻ കഴിയാതിരുന്ന “രൂബേന് ശ്രേഷ്ഠനാകുവാൻ കഴിഞ്ഞില്ല” എന്നത് ചരിത്രത്തിന്റെ താളുകളിൽ നമുക്കായി ഉല്ലേഖനം ചെയ്തിരിക്കുന്നത് അതീവഗൗരവത്തോടെ മനസ്സിലാക്കേണ്ടതാണെന്ന് വിസ്മരിച്ചുകൂടാ.

ജ്യേഷ്ഠാവകാശമുള്ള നേതൃത്വത്തിന്റെ കഴിവുകേടും, കൈയ്യൂക്കുള്ളവർ അധികാരം കൈയാളുന്നതും, രൂബേൻമാർ മൗനാനുവാദം നൽകുന്നതും, യോസേഫുമാർ വളർത്തപ്പെടേണ്ടതിനു പകരം അടിമകളാക്കപ്പെട്ട് മിസ്രയീമിന്റെ അടിമത്വത്തിലേക്ക് പോകേണ്ടി വരുന്നതുമൊക്കെ ഇന്നും സാധാരണമാണ്. ഈ തലമുറയിൽ നേതൃത്വത്തിനായി ദൈവം തിരെഞ്ഞെടുത്ത് അധികാരവും അഭിഷേകവും കൊടുത്ത ഒരുഭാഗം രൂബേൻമാർ മറ്റുള്ളവരുടെ കൈയിലെ വെറും കളിപ്പാവകളായി മാറുന്നത് സഭയാകുന്ന ഭവനത്തിലെ യോസേഫുമാർ മിസ്രയീമ്യ കുണ്ടറകളാകുന്ന പിന്മാറ്റത്തിലേക്കും നിരാശയിലേക്കും വിഷാദങ്ങളിലേക്കും പോകുവാൻ ഇടയാക്കുന്നു. ദൈവം ഉത്തരവാദിത്വങ്ങൾ കൊടുത്ത് ആക്കിവച്ചിരിക്കുന്ന വിശ്വാസപാലകർ വിശ്വാസഘാതകരായിത്തീരുന്നതിനാൽ വിശ്വാസത്യാഗങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഇത് ഒരു മുന്നറിയിപ്പാണ്.

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here