മലയാളി പെന്തെക്കോസ്തിന്‍റെ 'അച്ഛന്‍'

മലയാളി പെന്തെക്കോസ്തിന്‍റെ 'അച്ഛന്‍'
പെന്തെക്കോസ്ത് ഐക്യതയുടെ വക്താവായ കാനം അച്ചനെ 2023 ഓഗസ്റ്റ് 27 ന് മണര്‍കാട് എ.ജി. ഹാളില്‍ നടന്ന യു.പി.സി. 39-ാം വാര്‍ഷിക സമ്മേളനത്തില്‍ എ.ജി സൂപ്രണ്ട് പാസ്റ്റര്‍ റ്റി.ജെ. സാമുവല്‍, ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ റ്റി.എം. കുരുവിള, യു.പി.സി ജനറല്‍ കോര്‍ഡിനേറ്റര്‍ ഇവാ. എം.സി. കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചപ്പോള്‍

അനുസ്മരണം 

മലയാളി പെന്തെക്കോസ്തിന്‍റെ 'അച്ഛന്‍'

ഇവാ. എം.സി. കുര്യന്‍ (അസോഷ്യേറ്റ് എഡിറ്റര്‍, ഗുഡ്ന്യൂസ്)

സൗമ്യതയുടെയും ശാന്തതയുടെയും ആള്‍രൂപമായിരുന്ന കാനം അച്ചന്‍റെ മരണവും നിശ്ശബ്ദമായിരുന്നു! ജീവിതത്തിന്‍റെ സിംഹകാലവും സത്യസുവിശേഷത്തിന്‍റെ വക്താവായി അടരാടിയ സുവിശേഷകന്‍ പി.ഐ. ഏബ്രഹാം (കാനം) ആത്മാവിന്‍റെ ഐക്യത പെന്തെക്കോസ്തു സമൂഹത്തില്‍ അവസാനത്തോളം കാത്തുസൂക്ഷിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു. വചനസത്യങ്ങള്‍ ഗ്രഹിച്ചറിഞ്ഞപ്പോള്‍ മതതീവ്രതയുടെ കുടുംബപശ്ചാത്തലവും എപ്പിസ്കോപ്പല്‍ പൗരോഹിത്യ അധികാരത്തിന്‍റെ ദൈവശാസ്ത്രവും പുറകിലെറിഞ്ഞത് ആഴിയെന്നോര്‍ക്കാതെയും ആഴമാരായാതെയും ആയിരുന്നു. വിശ്വാസത്താല്‍ മോശ മിസ്രയീമിലെ നിക്ഷേപത്തേക്കാള്‍ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്ന് എണ്ണിയതുപോലെയായിരുന്നു റവ. പി.ഐ. ഏബ്രഹാം (കാനം) എന്ന ഓര്‍ത്തഡോക്സ് വൈദീകന്‍ മലയാളി പെന്തെക്കോസ്തു സമൂഹത്തിന്‍റെ പൊതുസുവിശേഷകനായ ഇവാ. പി.ഐ. ഏബ്രഹാം (കാനം) ആയി രൂപപ്പെട്ടതെന്നു ഓര്‍ക്കുന്നു.
പ്രസംഗവും എഴുത്തും ഒരേ നാണയത്തിന്‍റെ രണ്ടുവശം പോലെ ആറുപതിറ്റാണ്ടോളം തന്‍റേതായ പ്രത്യേക തനിമയോടെ നിര്‍വ്വഹിച്ചുപോരുമ്പോള്‍ എഴുത്തിനോടുള്ള തന്‍റെ ഹൃദയംഗമമായ കൂടുതല്‍ അഭിനിവേശം ചില ദിവസങ്ങള്‍ക്കുമുമ്പ് ഗുഡ്ന്യൂസിനോട് തുറന്നുപറഞ്ഞത് കാനം അച്ചന്‍റെ തൂലികാശുശ്രൂഷയുടെ കരുത്താണ് വെളിപ്പെടുത്തിയത്. സുവിശേഷ സാഹിത്യ ഗ്രന്ഥങ്ങളില്‍ ഏറെയും കാനംഅച്ചന്‍റെ അവതാരികയോടെയാണ് പുറത്തിറങ്ങിയിട്ടുള്ളത്.

കേരളത്തിലെ പെന്തെക്കോസ്തു സഭകളുടെയെല്ലാം അഭ്യുദയകാംക്ഷിയും പേട്രണുമായിരുന്നു കാനം അച്ചന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മാതൃസഭയായ പുതുപ്പള്ളി ചര്‍ച്ച് ഓഫ് ഗോഡ് ടൗണ്‍ സഭാംഗമായ കാനം അച്ചനെ പല സഭകളും തങ്ങളുടെ സഭയിലെ ഒരംഗത്തെപ്പോലെ ഹൃദയത്തില്‍ സ്വീകരിച്ചത് സഭയെക്കുറിച്ചും ക്രിസ്തുവില്‍ നാം ഒന്ന് എന്ന തന്‍റെ ദര്‍ശനത്തിനും നല്‍കിയ ഐകദാര്‍ഢ്യമായിരുന്നു.
1984 ആഗസ്റ്റ് 15 ന് പുതുപ്പള്ളി ദൈവസഭയില്‍ കേരളത്തിലെ പ്രഥമ പെന്തെക്കോസ്തു ഐക്യപ്രാര്‍ത്ഥനാകൂട്ടായ്മ യുണൈറ്റഡ് പ്രെയര്‍ സെല്‍ രൂപീകരിച്ച പ്രാരംഭസമയം മുതല്‍ മരണത്തിനു തൊട്ടുമുമ്പുവരെ യുണൈറ്റഡ് പ്രെയര്‍ സെല്ലിലെ സജീവ സാന്നിദ്ധ്യമായിരുന്നു കാനം അച്ചന്‍. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 27 ന് മണര്‍കാട് എ.ജി. ഹാളില്‍ നടന്ന 39-ാം വാര്‍ഷിക സമ്മേളനത്തിലും പ്രഭാഷകനായി എത്തുമ്പോള്‍ യുണൈറ്റഡ് പ്രെയര്‍ സെല്‍ പെന്തെക്കോസ്തു ഐക്യതയുടെ എക്കാലത്തേയും വക്താവായിരുന്ന കാനം അച്ചനെ ആദരിച്ചതും സന്തോഷത്തോടെ ഓര്‍ക്കുന്നു.
പെന്തെക്കോസ്ത് ഐക്യതയുടെ മുഖമുദ്രയായ ഗുഡ്ന്യൂസ് വാരികയുടെ സ്ഥാപനകാലം മുതല്‍ ഗുഡ്ന്യൂസ് വാരികയില്‍ തുടര്‍മാനമായി എഴുതിപ്പോന്ന കാനം അച്ചന്‍ ഈയടുത്ത സമയത്ത് തന്‍റെ പ്രാരംഭനാളിലെ സുവിശേഷത്തിനു വേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ചും ഇന്നത്തെ പെന്തെക്കോസ്ത് സമൂഹത്തില്‍ സംഭവിക്കുന്ന അപചയങ്ങളെക്കുറിച്ചും ഗുഡ്ന്യൂസ് ലൈവ് നടത്തിയ ഇന്‍റര്‍വ്യൂവില്‍ ഈ ലേഖകനോട് വെളിപ്പെടുത്തിയത് പൊതുസമൂഹം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ഗുഡ്ന്യൂസിനോടുള്ള പ്രത്യേക പ്രീതിയും വാത്സല്യവും വെളിപ്പെടുത്തിയ പ്രോത്സാഹന വാക്കുകള്‍ ഗുഡ്ന്യൂസ് പത്രാധിപ സമിതിയിലെ ഞങ്ങള്‍ ഓരോരുത്തരും ഹൃദയപൂര്‍വ്വം കാത്തുസൂക്ഷിക്കുന്നു. നിത്യതയില്‍ വിശ്രമിക്കുന്ന ഗുഡ്ന്യൂസ് സ്ഥാപക ചെയര്‍മാന്‍ പ്രിയപ്പെട്ട വി.എം. മാത്യു സാറിനോടും സ്ഥാപക ചീഫ് എഡിറ്റര്‍ പ്രിയ സി.വി. മാത്യു സാറിനോടുമുള്ള ഇഴയടുപ്പം ഈ ലേഖകന്‍ പലപ്പോഴും നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ ഐക്യമൂവ്മെന്‍റുകളുടെയും രക്ഷകര്‍ത്താവ് എന്ന വിശേഷണത്തിനു യോഗ്യനായ സുവി. പി.ഐ. ഏബ്രഹാമാണ് ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡിനും ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ചിനും പേരിട്ടതെന്ന് ആ സഭകളുടെ സ്ഥാപകര്‍ അഭിമാനപൂര്‍വ്വം പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്.
എന്‍റെ മാതൃസഭയെക്കുറിച്ച് മറ്റുള്ളവരോട് പരിചയപ്പെടുത്തുമ്പോള്‍ കാനം അച്ചന്‍റെ സഭയാണ് എന്‍റെ സഭയെന്ന് പറയുന്നത് തെല്ല് അഭിമാനത്തോടെയാണ്. എന്‍റെ മാതാപിതാക്കളുടെ സുവിശേഷസത്യങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനും പുതുപ്പള്ളിയിലെ പല ഓര്‍ത്തഡോക്സ് കുടുംബങ്ങളില്‍ നിന്നും പെന്തെക്കോസ്ത് വിശ്വാസത്തിലേക്കുള്ള ചുവടുവെയ്പിനും കാനം അച്ചന്‍റെ വ്യക്തിത്വവും ശുശ്രൂഷകളും ഏറെ ആവേശം പകര്‍ന്നുവെന്നത് ചരിത്രസത്യമാണ്. ഞാന്‍ പിതൃതുല്യം ബഹുമാനിക്കുന്ന കാനം അച്ചന്‍റെ മറക്കാത്ത ഓര്‍മ്മയ്ക്കു മുമ്പില്‍ നിത്യതയുടെ പ്രത്യാശയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

അതേ, ഡി.എല്‍. മൂഡിയുടെ വാക്കുകള്‍ ചേര്‍ത്തുപറഞ്ഞാല്‍ ഡി.എല്‍. മൂഡിയെപ്പോലെ കാനം അച്ചനും മരിക്കുന്നില്ല. പുതിയ ചൈതന്യത്തോടെ മറ്റൊരു ജീവിതത്തിലേക്കു പ്രവേശിക്കുകയാണ് ചെയ്യുന്നത്.

Advertisement 

Advertisement