പഴഞ്ഞി ദൈവസഭ കൺവെൻഷനും കാനം അച്ചനും പിന്നെ ഗുഡ്ന്യൂസും |കാനം അച്ചൻ ഓർമ്മകൾ 

പഴഞ്ഞി ദൈവസഭ കൺവെൻഷനും കാനം അച്ചനും പിന്നെ ഗുഡ്ന്യൂസും |കാനം അച്ചൻ ഓർമ്മകൾ 

പഴഞ്ഞി ദൈവസഭ കൺവെൻഷനും കാനം അച്ചനും പിന്നെ ഗുഡ്ന്യൂസും 

വി.വി. എബ്രഹാം കോഴിക്കോട്

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് പഴഞ്ഞിയിൽ, ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന സുവി. കുത്തൂർ  വീട്ടിൽ വർഗീസ്‌ (പോർക്കുളം )
നേതൃത്വം നൽകിയിരുന്ന ചിറക്കൽ ദൈവ സഭയുടെ 1977 ലെ കൺവെൻഷനിലെ മുഖ്യ പ്രഭാഷകൻ കാനം അച്ചനായിരുന്നു. പഴഞ്ഞി   മേഖലയിൽ കാനം അച്ചന്റെ ആദ്യത്തെ സന്ദർശനവും ആയിരുന്നു അത്. 

പാരമ്പര്യ ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക്  ഏറെ മുൻതൂക്കമുള്ള പ്രദേശമാണ് പഴഞ്ഞി. എഫെസ്യർ അഞ്ചാം അധ്യായം 16 ആം വാക്യം ആസ്പദമാക്കിയായിരുന്നു കാനം അച്ഛന്റെ പ്രസംഗ വിഷയം. " ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചു കൊള്ളുവിൻ.  ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചുകൊൾവിൻ "

കാനം അച്ചന്റെ സന്ദേശം  ആ പ്രദേശത്ത് ഏറെ ചലനങ്ങൾ ഉണ്ടാക്കി.  പലരും രക്ഷാനിർണയം പ്രാപിക്കുവാനും പാരമ്പര്യ മതിൽക്കെട്ടുകൾ ഭേദിച്ച് വിശ്വാസ സ്നാനം സ്വീകരിക്കുവാനും ഇടയായി തീർന്നു. ഈ കൺവെൻഷൻ സന്ദേശ വിവരങ്ങൾ ഉൾപ്പെടുത്തി ഗുഡ്ന്യൂസ് വീക്കിലിയിലേക്ക് ഞാൻ തയ്യാറാക്കി അയച്ചിരുന്ന വാർത്ത അടുത്തലക്കം ഗുഡ്ന്യൂസ് വീക്കിലിയുടെ മുൻപേജിൽ തന്നെ വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വന്നത് ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു. മാത്രമല്ല അത് എന്നെ ഏറെ അത്ഭുതപ്പെടുത്തുകയും ചെയ്തു. അന്ന് ഞാൻ എസ്എസ്എൽസി കഴിഞ്ഞ് തുടർ പഠനത്തിനായി കാത്തിരിക്കുന്ന ഇടവേളയിൽ തൃശ്ശൂരിൽ നിന്നും പഴഞ്ഞിയിൽ വന്ന ദിനങ്ങൾ ആയിരുന്നു.

പെന്തക്കോസ്ത് സമൂഹത്തിൽ മറ്റു വാർത്ത പ്രസിദ്ധീകരണങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത് ഗുഡ്ന്യൂസിലെ ഈ വാർത്ത കാനം അച്ചനും ചിറക്കൽ ദൈവ സഭ വിശ്വാസികളും മറ്റു ഇതര പെന്തക്കോസ്ത് സഭാ വിശ്വാസികളും ഏറെ ആശ്ചര്യത്തോടെയാണ് നിരീക്ഷിച്ചത്. റിപ്പോർട്ടർ ആരെന്ന് മനസ്സിലാകാതിരുന്ന ഈ വാർത്തയുടെ ഉറവിടം സംബന്ധിച്ചും അവരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.

ഏതാനും ചില വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് നടന്ന ഒരു കൺവെൻഷനിൽ മുഖ്യ പ്രഭാഷകനായി വന്നിരുന്ന കാനം അച്ഛനോട് ഞാൻ പഴഞ്ഞി ചിറക്കൽ ദൈവസഭ കൺവെൻഷൻ കാര്യം ഓർമപ്പെടുത്തിയപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ചതും ഇന്നെന്ന പോലെ ഞാൻ ഓർക്കുന്നു.

കൺവെൻഷൻ നോട്ടീസുകളിൽ പേരിനോടൊപ്പം 'റവറെന്റ് '  എന്ന് വെയ്ക്കുവാൻ യോഗ്യത ഉണ്ടായിരുന്നിട്ടും സുവിശേഷകൻ എന്ന് ചേർക്കുവാൻ കർക്കശമായി നിർദേശിക്കുന്ന കാനം അച്ചന്റെ സമീപനം ഇന്ന് പലർക്കും മാതൃകയാകേണ്ടതാണ്. പ്രിയ കാനം അച്ചന് പ്രത്യാശയോടെ വിട.

Advertisement 

Advertisement