പാസ്റ്റർ എം.വി.വർഗ്ഗീസ് ശതാബ്ദി മന്ദിരം: സമർപ്പണ ശുശ്രൂഷയും പൊതുസമ്മേളനവും ജനു. 25 ന്
ആലപ്പുഴ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചും, സുദീർഘ വർഷങ്ങൾ ഈ ഡിസ്ട്രിക്ടിന്റെ നേതൃത്വം വഹിച്ച്, ഒരു നൂറ്റാണ്ടിലെ ധന്യമായ ജീവിതവും ഏഴര പതിറ്റാണ്ടിലെ അനുഗൃഹീതമായ ക്രിസ്തീയ ശുശ്രൂഷയും തികച്ച ശേഷം നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എം.വി. വർഗ്ഗീസ് അവറുകളുടെ ജന്മശതാബ്ദിയുടെയും ഭാഗമായി വിഭാവന ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ജീവകാരുണ്യ പദ്ധതിയുടെ പ്രധാന സംരംഭമെന്ന നിലയിൽ മാവേലിക്കര കണ്ടിയൂരിൽ (തട്ടാരമ്പലം വി.എസ് എം. ഹോസ്പിറ്റലിനു സമീപം) വാങ്ങിയ ഭവനത്തിന്റെ 'പാസ്റ്റർ എം.വി. വർഗ്ഗീസ് ശതാബ്ദി മന്ദിരം’ - സമർപ്പണ ശുശ്രൂഷയും പൊതുസമ്മേളനവും ജനുവരി 25 ശനിയാഴ്ച രാവിലെ 10 ന് നടക്കും.
അർഹരായവർക്ക് പാർപ്പിട സമുച്ചയം, വിവാഹ സഹായം, പഠന സഹായം തുടങ്ങിയ ബൃഹത്തായ ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കും.
ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ബി. മോനച്ചൻ കായംകുളം അദ്ധ്യക്ഷത വഹിക്കും. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ സഭാനേതാക്കന്മാരും സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ആശംസകൾ അറിയിക്കും.
സുവർണ ജൂബിലി ചാരിറ്റി കമ്മറ്റി ഭാരവാഹികളായ കെ.ജെ. മാത്യുക്കുട്ടി, ജോസ് ജോൺ കായംകുളം, ജോയി കുന്നിൽ, എം.വി. ഫിലിപ്പ്. ഡി.എച്ച്. എഡിസൻ, പാസ്റ്റർമാരായ എം.ഒ. ചെറിയാൻ, റെജി ചെറിയാൻ എന്നിവർ നേതൃത്വം നൽകും.
Advertisement