ഏഴരപ്പതിറ്റാണ്ട്, ദൈവകൃപ ഒന്നുമാത്രം ; പാസ്റ്റർ കെ.സി. തോമസിന്റെ ശ്രേഷ്ഠ ജീവിതത്തിന് ഇന്ന് 75 വയസ്സ്

ഏഴരപ്പതിറ്റാണ്ട്, ദൈവകൃപ ഒന്നുമാത്രം ; പാസ്റ്റർ കെ.സി. തോമസിന്റെ ശ്രേഷ്ഠ ജീവിതത്തിന് ഇന്ന് 75 വയസ്സ്

ഏഴരപ്പതിറ്റാണ്ട്, ദൈവകൃപ ഒന്നുമാത്രം 

റവ. ജോർജ് മാത്യു പുതുപ്പള്ളി

ന്റെ ജ്യേഷ്ഠസഹോദരനു തുല്യം ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഐപിസി കേരള സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ സി തോമസിന്റെ ശ്രേഷ്ഠ ജീവിതത്തിന് ഇന്ന് 75 വർഷം തികയുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന പ്രാർത്ഥനാചടങ്ങിൽ ക്ഷണം ലഭിച്ചെങ്കിലും നേരത്തെ ഏറ്റുപോയ മറ്റു ചില തിരക്കുകൾ കാരണം എനിക്കു പോകുവാൻ സാധിക്കുന്നില്ല. എങ്കിലും വിദൂരജില്ലയിലിരുന്നുകൊണ്ട് എല്ലാവിധ നന്മകളും ആശംസകളും അദ്ദേഹത്തിനു നേരുന്നതിൽ എനിക്ക് അതിയായ ആഹ്ലാദമുണ്ട്.

ഇന്ന് ഫോണിലൂടെ അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ നിരവധി ഓർമകൾ എന്റെ മനസിൽ കടലിരമ്പം സൃഷ്ടിച്ചു. ഞാൻ മനസിൽ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ആത്മീയ സുഹൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം. തിരുവനന്തപുരത്ത് എപ്പോൾ ചെന്നാലും പേരൂർക്കടയിലെ അദ്ദേഹത്തിന്റെ ഐപിസി സഭയിൽ ചെല്ലണമെന്നും ആരാധനയിൽ സംബന്ധിച്ച് പ്രസംഗിക്കണമെന്നും അദ്ദേഹം പല തവണ എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്ന് ഫോണിൽ അദ്ദേഹം സംസാരിക്കുമ്പോഴും പഴയ പല്ലവി വീണ്ടും ആവർത്തിച്ചു. സഭാരാഷ്ട്രീയത്തിൽ നിന്ന് എക്കാലവും അകന്നു നിൽക്കുകയും സഭാരാഷ്ട്രീയത്തിന് അതീതമായി ദൈവദാസന്മാരെ സ്നേഹിക്കുകയും ചെയ്യുന്ന പ്രകൃതം ആദ്യകാലം മുതൽ ഞാൻ പിന്തുടരുന്നതിനാൽ സഭാവ്യത്യാസം ഒരിക്കലും എന്റെ സൗഹൃദത്തിന് വിഘ്നം സൃഷ്ടിക്കാറില്ല.

മൂന്നു പതിറ്റാണ്ട് മുമ്പാണ് ഞാൻ പാസ്റ്റർ കെ സി തോമസിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പാസ്റ്റർ കെ സി ജോണിന്റെ നെടുമ്പ്രം ഐപിസി സഭയിലെ ഒരു കൺവൻഷനിൽ ഞാൻ പ്രസംഗിക്കുവാൻ ചെന്നപ്പോഴാണെന്നാണ് എന്റെ ഓർമ. പിന്നീട് പല കൺവൻഷൻവേദികളിലും ഞങ്ങൾ ഒരുമിച്ചു കണ്ടുമുട്ടി. പേരൂർക്കട ഐപിസി സഭയുടെ കൺവൻഷനിലും സഭായോഗങ്ങളിലും പല തവണ അദ്ദേഹം എന്നെ ക്ഷണിക്കുകയും ഞാൻ പോയി പ്രസംഗിക്കുകയും ചെയ്തു. ഏറെ ആദരവോടും വാത്സല്യത്തോടും കൂടി മാത്രമേ അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളൂ. എന്റെ ഹൃദയത്തിൽ അദ്ദേഹത്തിന് ഒരിടം സൂക്ഷിക്കുവാൻ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹം എന്നോടു കാട്ടിയ കളങ്കമില്ലാത്ത സ്നേഹം തന്നെയാണ്.

ഒരുമിച്ചു വിശ്വാസത്തിൽ വരികയും ഒരേ ദിവസം മരിച്ച് ഒരുമിച്ച് അടക്കപ്പെടുകയും ചെയ്ത ഭക്തരായ മാതാപിതാക്കളുടെ മൂന്ന് ആൺമക്കളും പെന്തെക്കൊസ്ത് സഭയിലെ പാസ്റ്റർമാരാകുകയും സഭയുടെ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്യുക വളരെ അപൂർവമായ ഒരു കാര്യമാണ്. ആ ഭാഗ്യം സിദ്ധിച്ച ശുശ്രൂഷകത്രയങ്ങളാണ് പാസ്റ്റർ (ഡോ.) കെ. സി. ജോൺ - പാസ്റ്റർ കെ. സി. തോമസ് - പാസ്റ്റർ കെ. സി. സാമുവൽ സഹോദരൻമാർ. ഈ മൂവരും  ആത്മീയലോകത്തെ എന്റെ സ്നേഹിതരും വിവിധ നിലകളിൽ കർത്താവിനെ വിശ്വസ്തമായി സ്നേഹിക്കുന്നവരും ശുശ്രൂഷിക്കുന്നവരുമാണ്. അവരുടെ താലന്തുകളും സേവനങ്ങളും പെന്തെക്കൊസ്തിലെ ആദ്യതലമുറക്കാരനായ ഞാൻ പറയാതെ തന്നെ എന്നെക്കാൾ ശ്രേഷ്ഠരായ ദൈവമക്കൾക്ക് അറിയാവുന്നതിനാൽ ഞാൻ വിസ്തരിക്കുവാൻ തുനിയുന്നില്ല.

പാസ്റ്റർ കെ സി തോമസിന്റെ ആത്മകഥയ്ക്ക് അദ്ദേഹം എന്നെക്കൊണ്ട് അവതാരിക എഴുതിച്ചത് വാസ്തവത്തിൽ എനിക്കു ലഭിച്ച ഒരു അപൂർവബഹുമതിയായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ സംസാരത്തിലോ എന്നോടുള്ള പെരുമാറ്റത്തിലോ ഒരു നേതാവിനുള്ള ജാടയോ യാതൊരുവിധ ധാർഷ്ട്യമോ ഞാനെന്ന ഭാവമോ അൽപംപോലും ഞാൻ ദർശിച്ചിട്ടില്ല. 'ഞാൻ അദ്ദേഹത്തെക്കാൾ വലിയവനാണ്' എന്ന ചിന്തയോടെ അങ്ങേയറ്റം വിനയത്തോടും എളിമയോടുംകൂടി മാത്രമാണ് അദ്ദേഹം ഇന്നുവരെ എന്നോട് പെരുമാറിയിട്ടുള്ളത്. ഒരു യഥാർത്ഥ മഹാന്റെ ലക്ഷണമാണത്. അത് അദ്ദേഹത്തോടുള്ള എന്റെ സ്നേഹവും ആദരവും ആകാശംമുട്ടെ വർദ്ധിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നു.

അദ്ദേഹം ഐപിസി പ്രസ്ഥാനത്തിനു നൽകിയ സേവനങ്ങളും നേട്ടങ്ങളും വിലയിരുത്തുവാൻ ചർച്ച് ഓഫ് ഗോഡ് സഭാവിശ്വാസിയായ ഞാൻ ആളല്ല. അത് എന്റെ ദൗത്യവുമല്ല. അത് ചരിത്രം വിലയിരുത്തട്ടെ. അദ്ദേഹം മികച്ച സഭാശുശ്രൂഷകനും നേതൃത്വഗുണം തികഞ്ഞ സംഘാടകനും, അനുഗ്രഹപ്രഭാഷകനും, ഗ്രന്ഥകാരനും എഴുത്തുകാരനുമൊക്കെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പാസ്റ്റർ കെ സി തോമസ് എന്ന എന്റെ സ്നേഹിതനെക്കുറിച്ചു മാത്രമാണ് ഇത്തരണത്തിൽ എനിക്കു പറയുവാനുള്ളത്. എന്റെ യോഗ്യതയ്ക്കും അർഹതയ്ക്കും അതീതമായി എന്നെ സ്നേഹിച്ച മാന്യനായ ജ്യേഷ്ഠസഹോദരനാണ് അദ്ദേഹം. പ്രിയ അമ്മാമ്മയും കുടുംബാംഗങ്ങളും അങ്ങേയറ്റം സ്നേഹത്തോടെയാണ് എന്നോടും സാലിയോടും എന്റെ മക്കളോടും പെരുമാറിയിട്ടുള്ളത്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നു വരുന്ന നിഷ്കളങ്കതയോടെ പാസ്റ്റർ കെ സി തോമസിന്റെ ജന്മവാർഷികത്തിൽ ഞാൻ സന്തോഷിക്കുകയും ദൈവം അദ്ദേഹത്തിനു ആയുരാരോഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു 

Advertisement