മർച്ചന്റ് നേവിയിൽ നിന്നും ക്രിസ്തുസൈന്യത്തിലേക്ക്

മർച്ചന്റ് നേവിയിൽ നിന്നും ക്രിസ്തുസൈന്യത്തിലേക്ക്

മർച്ചന്റ് നേവിയിൽ നിന്നും ക്രിസ്തുസൈന്യത്തിലേക്ക്

റവ. ജോർജ് മാത്യു പുതുപ്പള്ളി അനുസ്മരിക്കുന്നു |പാസ്റ്റർ കെ.എം. ജോസഫ് അനുസ്മരണം 

കാരവടിവുകൊണ്ടും ശബ്ദസ്ഫുടതകൊണ്ടും, ഭാഷാശൈലിയും അവതരണമികവുംകൊണ്ടും എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുള്ള വിശേഷപ്രമുഖനായിരുന്നു  പാസ്റ്റർ കെ എം ജോസഫ് പെരുമ്പാവൂർ. എന്റെ പിതാവിന്റെ അടുത്ത സ്നേഹിതനായിരുന്നു അദ്ദേഹം.

ഐപിസി സഭയെ ദേശീയതലത്തിലും അന്തർദേശീയതലത്തിലും ദീർഘകാലം നയിച്ച അമരക്കാരൻ കൂടിയായിരുന്നു ജോസഫ് പാസ്റ്റർ. ഞങ്ങൾ ഇരുവരും
ഓർത്തഡോക്സ് സഭയിലെ അംഗങ്ങളായിരുന്നെങ്കിലും ഞാൻ ജനിക്കുന്നതിനൊക്കെ മുമ്പെതന്നെ അദ്ദേഹം പെന്തെക്കൊസ്തുകാരനായി മാറിയിരുന്നു.
പുതുപ്പള്ളിയിൽ ഞാൻ ജനിച്ചുവളർന്ന വീട്ടിൽനിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ 'അഞ്ചേരി'യിൽ താമസിച്ചിരുന്ന അദ്ദേഹം എന്റെ പിതാവുമായുള്ള സൗഹൃദം ഏറെ കാത്തുസൂക്ഷിച്ചു.

എന്നെക്കാണുമ്പോഴൊക്കെ അദ്ദേഹം ആദ്യംതന്നെ പറഞ്ഞിരുന്നത് എന്റെ പിതാവുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ സൗഹൃദത്തെക്കുറിച്ചായിരുന്നു. എനിക്കത് ഒരു പുതിയ അറിവായിരുന്നു. കാരണം എനിക്ക് എട്ടുവയസുള്ളപ്പോൾ എന്റെ പിതാവ് മരിച്ചതാണ്. ഇന്നും എന്റെ ഓർമകളിൽ പിതാവിനെക്കുറിച്ചുള്ള നിറംമങ്ങിയ ചിത്രങ്ങളേയുള്ളൂ. കെ എം ജോസഫ് പാസ്റ്റർ എന്റെ ഇച്ചാച്ചന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് ഞാൻ അറിയുന്നതുതന്നെ അദ്ദേഹം പറയുമ്പോൾ മാത്രമാണ്.

ഞാൻ സുവിശേഷകനായി മാറിയശേഷം കൊച്ചിയിൽ താമസം തുടങ്ങിയപ്പോൾ ഒരു ദിവസം എനിക്കൊരു കത്തു ലഭിച്ചു. 'പെരുമ്പാവൂർ ഐപിസി സഭയിൽ
ഒരു കൺവൻഷൻ പ്രസംഗിക്കാൻ ചെല്ലാമോ ?' എന്ന് ആരാഞ്ഞുകൊണ്ട് ആ സഭയിലെ പാസ്റ്റർ അയച്ച കത്തായിരുന്നു അത്. ചെല്ലാമെന്ന് വളരെ സന്തോഷത്തോടെ ഞാൻ അറിയിച്ചു. ഞാൻ ബൈക്കിൽ പെരുമ്പാവൂർ ഐപിസിയിൽ ചെന്നു. അവിടുത്തെ പാസ്റ്ററെ പരിചയപ്പെട്ടു. പാസ്റ്റർ എന്നോടു പറഞ്ഞു :'കെ എം ജോസഫ് പാസ്റ്റർ പ്രത്യേകം പറഞ്ഞിട്ടാണ് അച്ചനെ പ്രസംഗിക്കാൻ വിളിച്ചത്. പെരുമ്പാവൂർ സെന്ററിലുള്ള എല്ലാ ഐപിസി സഭകളിലും കൺവൻഷനുകളിലും അച്ചനെ
പ്രസംഗിക്കാൻ വിളിക്കണമെന്ന് അദ്ദേഹം പ്രത്യേകം ശട്ടം കെട്ടിയിട്ടുണ്ട്.' അദ്ദേഹം അങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് അന്നു പിടികിട്ടിയിരുന്നില്ല.

ഞാനും കുടുംബവും വിശ്വാസത്തിലേക്കു വന്ന സമയമായിരുന്നു അത്. ഞാൻ ചർച്ച് ഓഫ് ഗോഡിലും അദ്ദേഹം ഐപിസിയിലും ആയിരുന്നു. എനിക്കു സഭാചാർജ് ഇല്ലെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. പ്രസംഗിക്കാൻ പോകുമ്പോൾ ലഭിക്കുന്ന  സാമ്പത്തികനന്മ കൊണ്ടാണ് ഞങ്ങൾ ജീവിച്ചിരുന്നത്. 'പ്രോഗ്രാം തന്നിട്ടാണെങ്കിൽകൂടി ഒരു സുഹൃത്തിന്റെ മകനെ സഹായിക്കാൻ കഴിയുമെങ്കിൽ അത്രയെങ്കിലുമാകട്ടെ' എന്ന അദ്ദേഹത്തിന്റെ നല്ല മനസായിരുന്നു അതിനു  പിന്നിലെന്ന് പിൽക്കാലത്ത് എനിക്കു ബോദ്ധ്യമായി.

എനിക്കു കെ എം ജോസഫ് പാസ്റ്ററെ അന്നും ഇന്നും ഒത്തിരി ഇഷ്ടമായിരുന്നു. അദ്ദേഹം എന്റെ ഇച്ചാച്ചന്റെ ഉറ്റ സ്നേഹിതൻ ആയിരുന്നതിനാൽ എന്റെ പിതാവിന്റെ സ്ഥാനത്താണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ മക്കളെ ഞാൻ സ്നേഹിച്ചിരുന്നതും  എന്റെ സ്വന്തം സഹോദരങ്ങളെപ്പോലെ തന്നെയാണ്.
ഞാൻ ഏറ്റവും കൂടുതൽ പ്രസംഗിച്ചിട്ടുള്ളതും അദ്ദേഹത്തിന്റെ കീഴിൽ ഉണ്ടായിരുന്ന പെരുമ്പാവൂർ ഐപിസി സെന്ററിലെ പ്രാദേശിക സഭകളിലാണ്. 

എനിക്ക് അദ്ദേഹത്തിന്റെ ഭാഷാശൈലിയും പ്രസംഗരീതിയും ഏറെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് വിവാഹശുശ്രൂഷയിലെ പ്രസംഗം. എത്ര സ്ഫുടമായ, അർത്ഥസമ്പുഷ്ടമായ പദങ്ങളാണ് ആ നാവിൽനിന്നും ഉതിർന്നുവീണിരുന്നത്. വിശുദ്ധ ബൈബിൾ വിഷയങ്ങളെ ചരിത്രവുമായി കോർത്തിണക്കി എത്ര ചിട്ടയോടും അടുക്കോടും വിഷയത്തിൽനിന്നു വ്യതിചലിക്കാതെയുമാണ് അദ്ദേഹം ദൈവവചനം ശ്രോതാക്കളുടെ ഹൃദയത്തിലേക്കു തൊടുത്തുവിട്ടിരുന്നത്. ബ്രിട്ടീഷ്ചുവയുള്ള ഇംഗ്ളീഷിൽ അദ്ദേഹത്തെപ്പോലെ അനർഗളമായി സംസാരിക്കാൻ കഴിവുള്ള, അദ്ദേഹത്തിന്റെ പ്രായമുള്ള എത്ര ദൈവദാസന്മാർ ദൈവസഭയിലുണ്ട് എന്ന് എനിക്കറിഞ്ഞുകൂടാ. ഗാഭീര്യം നിറഞ്ഞ, മുഴക്കമുള്ള ആ ശബ്ദധോരണിയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ?
അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എത്രയോ അർത്ഥഗംഭീരവും പ്രയോഗികതയുമായി ഏറെ ബന്ധം പുലർത്തുന്നതുമായിരുന്നു.

ഔദ്യോഗിക ജീവിതകാലയളവിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായി  കപ്പലിൽ ലോകംമുഴുവൻ ചുറ്റി സഞ്ചരിച്ചതിനാലാവാം ഓരോ സംഭാഷണത്തിലും പ്രസംഗത്തിലും ഉയർന്ന ബൗദ്ധികനിലവാരം കാത്തുസൂക്ഷിക്കുവാൻ കെ എം ജോസഫ് പാസ്റ്റർക്കു കഴിഞ്ഞിരുന്നത്. ശ്രോതാക്കളെ ചിന്തയിലൂടെയും നർമത്തിലൂടെയും ദൈവവചനസത്യങ്ങളുടെ ആഴത്തിലേക്കു നയിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ കേട്ടിട്ടുള്ള എനിക്ക് ഉത്തമബോദ്ധ്യമുണ്ട്.

അദ്ദേഹം നല്ല ഒരു പ്രാർത്ഥനാമനുഷ്യനാണെന്ന് എന്നോടു ആദ്യമായി പറയുന്നത് എന്റെ സ്നേഹിതനായ പാസ്റ്റർ ബാബു ചെറിയാൻ പിറവം ആണ്. പാസ്റ്റർ ബാബു ചെറിയാന്റെ ആദ്യകാല ഗുരു കെ എം ജോസഫ് പാസ്റ്റർ ആയിരുന്നുവെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു. പാസ്റ്റർ കെ എം ജോസഫിന്റെ വ്യക്തിപരമായ പ്രാർത്ഥനാജീവിതം താൻ അടുത്തുകണ്ട് അറിഞ്ഞിരുന്നതായും അദ്ദേഹം പറയുകയുണ്ടായി.

കെ എം ജോസഫ് പാസ്റ്ററുടെ മകൾ ലോയിസിന്റെയും ഭർത്താവ് പാസ്റ്റർ ജിജിയുടെയും കോട്ടപ്പടി മുട്ടത്തുപാറയിലെ വീട്ടിൽ ഞാൻ കൺവൻഷൻ പ്രസംഗിച്ചിട്ടുണ്ട്.
ന്യൂയോർക്കിൽവച്ച് എന്റെ ഒരു മീറ്റിംഗിൽ ലോയിസ് മനോഹരമായ ഒരു പാട്ടുപാടി. മികച്ച ഗായികയും ഗാനരചയിതാവുമായ ലോയിസ് എഴുതി ആലപിച്ച ചില ഗാനങ്ങൾ ക്രിസ്തീയ ലോകത്തെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. ഫ്ലോറിഡയിൽ ജോസഫ് പാസ്റ്ററുടെ മകന്റെ വീട്ടിൽ ഞാനും സാലിയും പോയിട്ടുണ്ട്. കണക്റ്റിക്കട്ടിൽ ജോസഫ് പാസ്റ്ററുടെ മൂത്ത സഹോദരനോടൊപ്പം ആരാധനയിൽ ഞങ്ങൾ സംബന്ധിക്കുകയും ഞാൻ പ്രസംഗിക്കുകയും ചെയ്തു. തൊണ്ണൂറിനു മുകളിൽ പ്രായമുണ്ടായിയുന്നു അദ്ദേഹത്തിന്റെ ജ്യേഷ്ഠന്. ആരാധനയിൽ സങ്കീർത്തനം വായിച്ച് പ്രബോധനം നൽകിയത് ആ പിതാവായിരുന്നു.

സത്യവിശ്വാസത്തിന്റെ ഒരു കാവൽഭടനായിരുന്നു പാസ്റ്റർ കെ എം ജോസഫ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. സഭയെ ദുരുപദേശകരിൽ നിന്നു രക്ഷിക്കുവാൻ
എത്രയോ പ്രാവശ്യം ഒരു സൈന്യാധിപന്റെ പടയങ്കിയും ധരിച്ച് അദ്ദേഹം രംഗത്തു വന്നിട്ടുണ്ട്. അനേക ലോകരാജ്യങ്ങളിൽ കപ്പലിൽ ചുറ്റിസഞ്ചരിച്ചിട്ടുള്ള
മർച്ചന്റ് നേവിയിലെ ഈ ഉന്നത ഉദ്യോഗസ്ഥനെ യേശുകർത്താവിന്റെ സൈന്യത്തിലെ പടനായകനാക്കിയ രോമാഞ്ചം കൊള്ളിക്കുന്ന കഥ പലപ്പോഴും
കെ എം ജോസഫ് പാസ്റ്റർ എന്നോടു വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ദൈവം ദൈവസഭയുടെ നേതൃനിരയിൽ ശക്തമായി ഉപയോഗിച്ചതിൽ  എനിക്ക് അല്പവും അത്ഭുതമില്ല. ദുഃഖത്തിലായിരിക്കുന്ന പ്രിയ അമ്മാമ്മയെയും മക്കളെയും അവരുടെ  കുടുംബങ്ങളെയും സർവകൃപാലുവായ ദൈവം ആശ്വസിപ്പിക്കട്ടെ.

Advertisement