കുംഭികളുടെ നാട് കുമ്പനാട് ആയപ്പോൾ!

ഷിബു മുള്ളംകാട്ടില്‍ | കുമ്പനാട് വിശേഷങ്ങൾ

കുംഭികളുടെ നാട് കുമ്പനാട് ആയപ്പോൾ!

കുംഭികളുടെ നാട് കുമ്പനാട് ആയപ്പോൾ!

    ഷിബു മുള്ളംകാട്ടില്‍

കുമ്പനാട് എന്നാല്‍ കുംഭി (ആന)കളുടെ നാട് എന്നാണര്‍ഥം. കാടും മേടും വന്യമൃഗങ്ങളും അധിവസിച്ചിരുന്ന ഒരു കുഗ്രാമം ലോകപ്രശസ്തമായ  കുമ്പനാട് ആയി മാറ്റപ്പെട്ടതു അധ്യാത്മികതയുടെ നിറവിലാണ്. സിനിമാശാലയും മദ്യഷോപ്പുകളും ഇല്ലാത്ത, സ്വര്‍ണ്ണക്കടകള്‍ വിജയിക്കാത്ത കുമ്പനാട് പെന്തെക്കോസ്തരുടെ തറവാടാണ്. ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾക്കെല്ലാം നൂറുമേനി വിജയം കൊയ്യുന്ന ശാഖകളുള്ള സ്ഥലവും കുമ്പനാട് തന്നെ!

ഐപിസി ജനറൽ കണ്‍വന്‍ഷന്‍ ഒരു നൂറ്റാണ്ടിനു  അരികിലെത്തുമ്പോൾ  പിന്നിട്ട വഴികൾ വിസ്മയമാണ്‌. 1925 ഏപ്രില്‍ 1 മുതല്‍ 5 വരെ റാന്നി ഇട്ടിയപ്പാറ കളയ്ക്കാട് പുരയിടത്തിലാണ് പ്രഥമ കണ്‍വന്‍ഷന്‍ നടന്നത്. ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ, കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തു സംഗമമാണ് കുമ്പനാട് കണ്‍വന്‍ഷന്‍. ലോകമെങ്ങുമുള്ള ആയിരക്കണക്കിനു വിശ്വാസികളും കര്‍ത്തൃശുശ്രൂഷകന്മാരും വർഷത്തിലൊരിക്കൽ  ഹെബ്രോൻപുരത്തു   ഒത്തുചേരുന്നു. ജനുവരിയിലെ ഈ മൂന്നാം ആഴ്ച പലരും ഡയറികളില്‍ നേരത്തേതന്നെ കുറിച്ചിടും. കൂട്ടുകാരെ കാണുവാനും കൂട്ടായ്മ ആചരിക്കുവാനും പറ്റിയ ദിനങ്ങള്‍! സഭാവ്യത്യാസമെന്യേ എല്ലാവരും ഒത്തുച്ചേരുന്ന ആത്മീയ സംഗമമാണ് കുമ്പനാട് കണ്‍വന്‍ഷന്‍. സമുദായസ്ഥര്‍പ്പോലും തങ്ങളുടെ യോഗങ്ങള്‍ മാറ്റിവെച്ച് ഹെബ്രോന്‍ പുരത്ത് എത്താറുണ്ട്. വിവിധ രാജ്യങ്ങളിലുള്ളവര്‍ സംഗമിക്കുമ്പോള്‍ പരിചയം പുതുക്കുവാനും പരിഭവം പങ്കുവയ്ക്കാനും ലഭിക്കുന്ന അപൂര്‍വ അവസരം കൂടിയാണിത്.

ഹെബ്രോന്‍പുരത്തെ പുല്‍ത്തകിടിക്കു  ഒരായിരം ഓര്‍മ്മകള്‍ അയവിറക്കാനുണ്ട്. ശുഭ്രവസ്ത്രധാരികളായ വിശുദ്ധഗണം ആത്മാവില്‍ നൃത്തം ചെയ്ത നാളുകള്‍. നിരവധി അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മൈതാനം. കര്‍ത്തൃസന്നിധിയില്‍ വിശ്രമിക്കുന്ന പാസ്റ്റര്‍ കെ.ഇ. ഏബ്രഹാം മുതല്‍ പാസ്റ്റര്‍ പി.എം. ഫിലിപ്പ് വരെയുള്ള പ്രഭാഷകരുടെ തീപാറുന്ന സന്ദേശം ഹെബ്രോന്‍പുരത്തെ ഇളക്കി മറിച്ച ദിനങ്ങള്‍. ഗ്രഹാം സ്റ്റെയിൻസും രണ്ടു പിഞ്ചോമനകളും ഒറീസ്സയിൽ അഗ്നിക്കിരയായ സംഭവത്തെ മുൻനിർത്തി പാസ്റ്റർ കെ.സി ജോൺ 1999 ജനുവരിയിൽ  നടത്തിയ പ്രഭാഷണം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു! നേരം പുലരുവോളം നീളുന്ന കാത്തിരുപ്പു യോഗങ്ങളിൽ ആത്മാഭിഷേകം പ്രാപിച്ചവർ അസംഖ്യമാണ്.  

ആതിഥ്യമര്യാദ കുമ്പനാട്ടുകാരുടെ സവിശേഷതയാണ്. ഇവിടെയുള്ള സഭാഹാളുകളും വീടുകളും വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. കുമ്പനാട് കണ്‍വന്‍ഷന്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത ലക്ഷ്യങ്ങളും അനുഭവങ്ങളുമാണ്. ദിവ്യസന്ദേശത്തിനായി കാതോര്‍ത്ത് എത്തുന്നവര്‍ സദാസമയവും പന്തലിലുണ്ടാകും. പുസ്തകങ്ങൾ, മ്യൂസിക് ആൽബങ്ങൾ തുടങ്ങിയവ  വാങ്ങുവാനും മാസികകളുടെ വരിസംഖ്യ നല്‍കുവാനും കുമ്പനാട് എത്തുന്നവരുണ്ട്. ഇതുകൂടാതെ വിവാഹാലോചനകള്‍, ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റ ചർച്ചകൾ , വോട്ടുപിടുത്തം എന്നിവയും തകൃതിയായി നടക്കും. ഇന്ന് വിവാഹാലോചനകള്‍ക്കായി  ഓൺലൈൻ സംവിധാനങ്ങൾ  വന്നെങ്കിലും ഹെബ്രോന്‍പുരത്തെ പഴയ 'കല്യാണമാവിന്' ഒരുപാടു കഥ പറയാനുണ്ട്!

കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഹെബ്രോന്‍പുരത്തെ ക്രമീകരണങ്ങള്‍ വിശാലമായി. പന്തല്‍, ഭക്ഷണം, പാര്‍ക്കിംഗ് ഇവയെല്ലാം മികച്ചതാണ്. വിദേശ മിഷനറിമാരെ ഒഴിവാക്കി ഐപിസി അംഗങ്ങളായ പ്രഭാഷകര്‍ക്ക് അവസരം നല്‍കിവരുന്നു. വിവിധ ഭാഷക്കാര്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക സമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. 2018  മുതൽ നടക്കുന്ന  ഐപിസി ഗ്ലോബല്‍ മീഡിയ സമ്മേളനത്തില്‍ സാഹിത്യ, സാസ്കാരിക രംഗത്തെ പ്രമുഖര്‍ അതിഥികളായി എത്തുന്നതും ശ്രദ്ധേയമാണ്.  ആത്മീയ ഉള്‍ക്കാഴ്ച്ച പകരുന്ന സന്ദേശങ്ങളും അനുഭവങ്ങളും ഹൃദയത്തെ ചലിപ്പിക്കുന്ന സംഗീതവും കുമ്പനാട് കണ്‍വന്‍ഷനെ ആത്മനിര്‍വൃതിയിലാക്കുന്നു.

Advertisement