കുമ്പനാട്ടുകാർ വീടുകൾ തുറന്നു തരുന്നതിന്റെ രഹസ്യം

സി.വി മാത്യു | കുമ്പനാട് വിശേഷങ്ങൾ

കുമ്പനാട്ടുകാർ വീടുകൾ തുറന്നു തരുന്നതിന്റെ രഹസ്യം

കുമ്പനാട് വിശേഷങ്ങൾ 

കുമ്പനാട്ടുകാർ വീടുകൾ തുറന്നു തരുന്നതിന്റെ രഹസ്യം  

   സി.വി. മാത്യു 

ന്റെ ചെറുപ്പകാലത്തൊക്കെ തൃശൂർ - കുമ്പനാട് യാത്ര വളരെ വിഷമം പിടിച്ചതായിരുന്നു. എങ്കിലും എന്റെ പിതാവ് ഉണ്ണൂണ്ണി സാറിനെ ബഹുമാനത്തോടെ കണ്ടിരുന്നതിനാൽ കുമ്പനാട് കൺവൻഷന് പോകുവാൻ തടസം നിന്നിരുന്നില്ല. എന്റെ അമ്മാച്ചന്റെ മകനും തൃശൂർ ഭാഗത്തെ വേലയുടെ പ്രധാനികളിലൊരാളുമായ ടി.പി. പോൾ പാസ്റ്ററും, എന്റെ അളിയൻ സുവി. ഒ.പി. കുര്യാക്കോസുമായിരുന്നു സഹയാത്രികർ. കുമ്പനാട് ബസിറങ്ങിയാൽ ഹെബ്രോനു പുറകിലുള്ള ഒരു വീട്ടിലേക്ക്. അവിടെ ഒരു മുറി ഞങ്ങൾക്ക് ഒഴിച്ചിട്ടിരിക്കും. വീട്ടുകാർ സമുദായ സ്ഥരായിരുന്നു എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി. തണുപ്പേറിയ ആ സമയത്തു ചൂടുവെള്ളമുണ്ടാക്കാൻ ചെമ്പുപാത്രവും തീയെരിക്കാൻ മടലും ഓലയുമെല്ലാം അവർ കരുതി വച്ചിട്ടുണ്ടാകും. കുമ്പനാട്ടെ സമുദായസ്ഥരുടെ പോലും വീടുകൾ മടികൂടാതെ തുറന്നിട്ടതിന്റെ ഗുട്ടൻസ് എനിക്ക് പിന്നീടാണ് മനസിലായത്.

ഐ.പി.സി.യിലെ എല്ലാ മുതിർന്ന കർത്തൃദാസന്മാരുമായി എനിക്ക് സൗഹൃദമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ അടുപ്പം ഉണ്ണൂണ്ണി സാർ, സി.കെ.ദാനിയേൽ സാർ, പി.എം.ഫിലിപ്പ് സാർ , വി.ടി. ജോസഫ് പാസ്റ്റർ എന്നിവരോടായിരുന്നു. പി.വൈ.പി.എ. കമ്മറ്റിക്കു ചെല്ലുമ്പോൾ താമസിക്കാൻ ഹെബ്രോൻ ബംഗ്ലാവിന്റെ മുറി ഉണ്ണൂണ്ണി സാർ ഒരുക്കി തന്നതും, കോട്ടയത്ത് എവരി ഹോം ക്രൂസേഡിൽ എത്തിയപ്പോൾ ശാലേം ബൈബിൾ സ്ക്കൂളിൽ താമസിച്ചു പഠിക്കുവാൻ പി.എം.ഫിലിപ്പ് സാർ ക്ഷണിച്ചതും, രാത്രിയിലെ തൃശൂർ കോട്ടയം യാത്രയിലെ സി.കെ. അപ്പച്ചൻ ചിരിക്കാതെ സഹയാത്രികകരെ കുടുകുടെ ചിരിപ്പിക്കുന്ന തമാശകളും, വി. ടി. അപ്പച്ചന്റെ വീർത്ത ബൈബിളും ചിരിയും മറക്കാനാവാത്ത ഓർമകളാണ്.

കുമ്പനാട് കൺവൻഷനിലെ ഫിലിപ്പ് സാറിന്റെ ചടുതലയുള്ള പ്രസംഗങ്ങളും, ഏബ്രഹാം സാറിന്റെ പ്രൗഡമായ പ്രഭാഷണങ്ങളും മനസിൽ തങ്ങിനിൽക്കുന്നവയാണ്. ഏബ്രഹാം സാർ ഒരേ വിഷയം പത്തു സ്റ്റേജിൽ പ്രസംഗിച്ചാലും അവതരണശൈലി വ്യത്യസ്ഥമാകയാൽ മടുപ്പു തോന്നുകയില്ല. സമാഗമന കൂടാരത്തിലെ പുരോഹിതന്റെ വേഷത്തെ വർണിക്കുമ്പോൾ 'ഒരു മണി, ഒരു മാതളപ്പഴം, ഒരു മണി ഒരു മാതളപ്പഴം' ആവർത്തിക്കുമ്പോൾ ആ മണി കിലുക്കം കാതുകളിൽ മുഴങ്ങും. അതു ഏറ്റുപറയുന്ന പൊടിക്കുഞ്ഞു പാസ്റ്ററും ടി.എ. ചെറിയാൻ പാസ്റ്ററും ആ മണികിലുക്കം കേൾവിക്കാരുടെ കാതിൽ മുഴക്കും.

ശനിയാഴ്ച രാത്രിയിലെ ഉണ്ണൂണ്ണി സാറിന്റെ മിനിറ്റുകളോളം നീളുന്ന നന്ദി പ്രകാശനം ഒരു പ്രകടനമായിരുന്നില്ല. അയൽ വീടുകളിലെ വാതിൽ അടുത്തവർഷവും അതിഥികൾക്കായി തുറന്നിടുവാൻ അതു ധാരാളം മതിയായിരുന്നു. കുമ്പനാട് കൺവൻഷൻ ഐ.പി.സി.യിടേതിനപ്പുറം കുമ്പനാട്ടുകാരുടേതാക്കി മാറ്റിയതിൽ ഏബ്രഹാം സാറിന്റെ സൗഹൃദ പൂർവമായ ഇടപെടലിന്റെ പങ്ക് അവിസ്മരണീയവും പകരം വയ്ക്കാനാവാത്തതുമാണ്. ഉണ്ണൂണ്ണി സാർ ഇന്നുണ്ടായിരുന്നെങ്കിൽ ഒരു മാലിന്യ പ്രശ്നവും തല പൊക്കുമായിരുന്നില്ല. ആ നല്ല കാലം, അന്നത്തെ കുമ്പനാട് കൺവൻഷൻ, വചനശുശ്രൂഷ, ആത്മിയ ചൈതന്യം ഇന്നു സ്വപ്നം കാണാനേ പറ്റൂ.