ജോണ്‍ ഓസ്റ്റിനും, വില്യം ലീയും, ക്യാപ്റ്റൻ സാമുവേലും, പിന്നെ ഞാനും

കുമ്പനാട് വിശേഷങ്ങൾ

ജോണ്‍ ഓസ്റ്റിനും, വില്യം ലീയും,  ക്യാപ്റ്റൻ സാമുവേലും, പിന്നെ ഞാനും

കുമ്പനാട് വിശേഷങ്ങൾ 

ജോണ്‍ ഓസ്റ്റിനും, വില്യം ലീയും,  ക്യാപ്റ്റൻ സാമുവേലും, പിന്നെ ഞാനും 

   പാസ്റ്റർ ജയിംസ് ജോർജ്, പത്തനാപുരം

കുമ്പനാട് കണ്‍വന്‍വന്‍ഷനോടു  ബന്ധപ്പെട്ടുള്ള എന്‍റെ ആദ്യത്തെ ഓർമ്മകൾ കൗമാര പ്രായത്തില്‍ അപ്പച്ചനോടൊത്ത് (പാസ്റ്റർ ടി.ജി. ഉമ്മൻ ) ബംഗ്ലാവില്‍ രാത്രി ഉറങ്ങിയതാണ്. രാവേറെയായിട്ടും പാസ്റ്റർ പി.എം. സാമുവല്‍, പാസ്റ്റർ പി..എം. ഫിലിപ്പ്, പാസ്റ്റർ സി.കെ. ഡാനിയേല്‍, പാസ്റ്റർ ജോർജ് വർഗീസ്, പാസ്റ്റർ ടി.എസ്. ഏബ്രഹാം തുടങ്ങിയവർ അന്നു ബംഗ്ലാവില്‍ ജനറല്‍ കൗണ്‍സില്‍ കൂടുകയായിരുന്നു. ബംഗ്ലാവില്‍ അപ്പച്ചനു കൊടുത്ത മുറിയില്‍ നിലത്തു പായ വിരിച്ച് ഞാൻ കിടന്നുറങ്ങി.

പിന്നെ, ബാല്യത്തിലെ മറ്റൊരു ഓർമ, ഇരവി പേരൂരിലെ ആറ്റില്‍ സ്നാനത്തിനു പോയതാണ്. കൺവൻഷൻ പന്തലിൽ  ഉറങ്ങാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. നിക്കറുമിട്ട് മുന്‍നിരയില്‍ കുട്ടികളോടുമൊത്ത് പുല്‍പുറത്തിരുന്നു പങ്കെടുക്കുന്നതു അക്കാലത്തെ ഉപദേശിമാരുടെ മക്കള്‍ എന്ന നിലയില്‍ ഏറ്റവും ആഹ്ലാദകരമായ അനുഭവമായിരുന്നു. 

ഹെബ്രോനില്‍ പഠിക്കുവാന്‍ ചെന്ന ആദ്യ വർഷം കണ്‍വന്‍ഷനില്‍ ക്യാപ്റ്റന്‍ സാമുവല്‍ പാസ്റ്റർക്ക് പരിഭാഷകനായി സ്റ്റേജില്‍ നിന്നതാണ് എന്റെ മനസിലെ മായാത്ത മറ്റൊരനുഭവം. മറ്റു പല സ്ഥലങ്ങളിലും   മറാനാഥാ ക്രൂസേഡിനു വേണ്ടി തർജമ ചെയ്തിട്ടുണ്ട്. അതിനായി അവസരമൊരുക്കിയതും പ്രോത്സാഹിപ്പിച്ചതും എന്‍റെ അദ്ധ്യാപകനായിരുന്ന പാസ്റ്റർ കെ.ജെ. ഫിലിപ്പായിരുന്നു. 

കുമ്പനാടു സ്റ്റേജില്‍ ആദ്യമായി ചെയ്ത പരിഭാഷയിലാണ്,  കാളക്കുട്ടിയെ ഉണ്ടാക്കുന്നതും  ഐ.പി.സി. എന്ന പ്രസ്ഥാനത്തെ വാർത്തു ഉണ്ടാക്കുന്നതും തമ്മില്‍ താരതമ്യം ചെയ്തു പറയേണ്ടി വന്നത്. പ്രസംഗം തുടരാൻ അനുവദിക്കാതെതിരുന്നപ്പോൾ പന്തലിലെ ജനത്തിന്‍റെ സമ്മർദ്ദം കൊണ്ടു വീണ്ടും പ്രസംഗിപ്പിച്ചതുമെല്ലാം ചരിത്രമാണ്.

ഒരു രഹസ്യം വെളിപ്പെടുത്തട്ടെ ! പ്രസംഗത്തിനു പ്രാർത്ഥിച്ചൊരുങ്ങിയത് കുമ്പനാടു കവലയിലുള്ള  ഒരു ടി.പി.എം. വിശ്വാസിയുടെ വീട്ടിൽ വെച്ചായിരുന്നു. കൈകോർത്തു പ്രാർഥിച്ച ശേഷം പാസ്റ്റർ ക്യാപ്റ്റൻ സാമുവല്‍ എന്നോടു പറഞ്ഞത്, "ജയിംസേ ഇതൊരുപക്ഷേ എന്‍റെ കുമ്പനാട്ടെ അവസാന പ്രസംഗമായിരിക്കും" എന്നാണ്. അന്നെനിക്കു അതിന്‍റെ പൊരുൾ മനസ്സിലായില്ല. പിന്നീടാണറിഞ്ഞത് ജനറല്‍ കൗണ്‍സിലില്‍ അദ്ദേഹത്തിനെതിരെ ഒരു പരാതി കൂട്ടു ശുശ്രൂഷകന്‍മാർ  കൊടുത്തിരുന്നുവെന്ന്.   എന്തായാലും പിറ്റേ വർഷവും അദ്ദേഹം പ്രസംഗിച്ചു. പിന്നീടൊരിക്കലും കുമ്പനാടു കണ്‍വന്‍ഷനില്‍ അദ്ദേഹം പ്രസംഗിച്ചിട്ടില്ല.

മലയാളികളായ ദൈവദാസന്മാരില്‍ ക്യാപ്റ്റന്‍ സാമുവലിനെപോലെ ദൈവകൃപ വ്യാപരിച്ചിരുന്ന പ്രസംഗങ്ങള്‍ വേറെ ആരുടെയും പരിഭാഷ  ചെയ്തതായി ഞാൻ ഓർക്കുന്നില്ല. 

മിഷ്യനറി വില്യം ലീയ്ക്കു വേണ്ടി ചെയ്ത പരിഭാഷയാണ് മറക്കാനാവാത്ത മറ്റൊരു അനുഭവം. കുശവനും കളിമണ്ണും,  മോറിയാ മലയിലേക്കു യാഗത്തിനു അബ്രഹാം ഇസഹാക്കുമായി ഒരു വശത്തുകൂടി കയറുമ്പോള്‍ മറുവശത്തുകൂടി ദൈവം ഒരു ആട്ടുകൊറ്റനെ കയറ്റിവിട്ടു കൊമ്പു കാട്ടില്‍ കുരുക്കി ഇട്ടിരുന്നു- തുടങ്ങിയിട്ടുള്ള ഒരു വിശ്വാസിയുടെ പച്ചയായ ജീവിത അനുഭവങ്ങളുടെ വേദ പുസ്തക ഭാഷ്യം, പരിശുദ്ധാത്മ നിറവില്‍ റവ. ലീ അവതരിപ്പിച്ചത് പിന്നീടതുപോലെ ഒരു അനുഭവം എനിക്ക് ഓർമയില്ല.

ഡോ. ജോണ്‍ ഓസ്റ്റിന്‍ ഒരാഴ്ചത്തേക്കു രാത്രിയോഗങ്ങളില്‍ പ്രസംഗിക്കുവാന്‍ വന്ന് ഒറ്റ പ്രസംഗം കൊണ്ടു നിർത്തി രാത്രി തന്നെ മടങ്ങിയതും ചരിത്രമാണ്. അന്നു രാത്രി അദ്ദേഹത്തെ പരിചയപ്പെടുത്തി നമ്മുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് പ്രസ്താവന ചെയ്തത് ഞാന്‍ പരിഭാഷപ്പെടുത്തി. 

റവ. ജോണ്‍ ഓസ്റ്റിന്‍ ഞാന്‍ തന്നെയായിരിക്കും അദ്ദേഹത്തിനു പരിഭാഷകനെന്നു കരുതി സ്റ്റേജില്‍ വച്ച് നല്ലൊരു ആലിംഗനം തന്നു. പക്ഷെ മുന്‍കൂട്ടി ചെയ്ത പ്രോഗ്രാമില്‍ പാസ്റ്റർ കെ.സി.ജോണ്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പരിഭാഷകന്‍.

കണ്‍വന്‍ഷനെക്കുറിച്ചുള്ള എക്കാലത്തെയും ഏറെ ദു:ഖകരമായ കാര്യം ശനിയാഴ്ച നടക്കുന്ന പി.വൈ.പി.എ- സണ്ടേ സ്കൂള്‍ വാർഷികത്തിന്റെ ഒടുവില്‍ പന്തലിനകത്തു അച്ചടക്കമില്ലാതെയും കൂട്ടം കൂടിയും തമ്മിൽ സംസാരിച്ചും  ഒരു ആത്മീയ യോഗത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി പന്തലില്‍ വിഹരിക്കുന്നതാണ്. ഇത്തരം വാർഷികങ്ങൾ ഏതെങ്കിലും ഹാളില്‍ നടത്തി പരിഹാരം കാണണം. വാർഷിക യോഗങ്ങളിൽ 'അക്കോ മേഡേഷൻ' എന്ന നിലയിൽ പ്രോഗ്രാമുകൾ നീട്ടി കൊണ്ടു പോകാതെ കഴിവതും  ചുരുക്കണമെന്നാണ് എന്റെ അഭിപ്രായം. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന കുമ്പനാട് കൺവൻഷൻ  ഇത്രയൊക്കെ ഭംഗിയായി നടക്കുന്നല്ലോ. അതിൽ നമുക്ക് സന്തോഷിക്കാം; അഭിമാനിക്കാം.

Advertisement