മകൾക്കു സമ്മാന പൊതിയുമായി ഇനി സാബു എത്തില്ല; വിങ്ങിപ്പൊട്ടി വെളിച്ചിക്കാല ഗ്രാമം
വിൻസി തോമസ് കുമ്പനാട്
വേങ്ങൂർ: വെളിച്ചിക്കാല ഗ്രാമത്തിലെ വെളിച്ചമായിരുന്ന സാബുവിനെ
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. 17 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന വി.ഒ.ലൂക്കോസിന്റെ (സാബു–48) മരണവിവരം കുവൈറ്റിൽ നിന്നും പലരിലൂടെ അറിഞ്ഞപ്പോഴേക്കും വെളിച്ചിക്കാല വടകോട്ട് വിളയിൽ ഭാവനങ്ങാനത്തിൽ ഓടികൂടിയവരുടെ ഇടനെഞ്ചിൽ ഗദ്ഗദം ഉറഞ്ഞുകൂടി.
93 വയസ്സുള്ള പിതാവ് ഉണ്ണുണ്ണിയോടും 88 വയസ്സുള്ള മാതാവ് കുഞ്ഞമ്മയോടും ഭാര്യ ഷൈനിയോടും എങ്ങനെ പറയണമെന്നറിയാതെ സഭക്കാരും ഗ്രാമവാസികളും വിങ്ങിപ്പൊട്ടി. ആത്മീയ കാര്യങ്ങളിൽ മുൻപന്തിയിലായിരുന്ന സാബു കുവൈറ്റിലും സഭ കാര്യങ്ങളിൽ സജീവമായിരുന്നു. ചർച്ച് ഓഫ് ഗോഡ് മംഗെഫ് സഭയിലെ സൺഡേ സ്കൂൾ ഹെഡ് മാസ്റ്ററും ആയിരുന്നു. നാട്ടിൽ മാതാപിതാക്കളോടൊപ്പം ഐപിസി എബനേസർ വെളിച്ചക്കാല സഭയുടെ തുടക്കാരിൽ ഒരാളായി പ്രയത്നിച്ചു. നാട്ടിൽ വരുമ്പോഴെല്ലാം പരസ്യയോഗങ്ങളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും മുൻപന്തിയിലായിരുന്നു.
വി.ഒ. ലൂക്കോസ് (സാബു)
7 സഹോദരങ്ങളിൽ ഇളയവനാണ് സാബു. പ്രായമുള്ള മാതാപിതാക്കൾക്കു കൂട്ടിനായാണ് ഭാര്യയെയും മക്കളെയും നാട്ടിലാക്കി 17 വർഷമായി വിദേശത്തു ജോലി ചെയ്യുന്നത്. വീട്ടിലെ വിവരങ്ങൾ അറിയാൻ ദിവസവും പലതവണ സാബു വിളിക്കുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിവു വിളി എത്താതിരുന്നതോടെ വീട്ടിൽ അങ്കലാപ്പായി.
അടുത്ത മാസം മൂത്ത മകൾ ലിഡിയയുടെ നഴ്സിംഗ് അഡ്മിഷനോട് അനുബന്ധിച്ചു നാട്ടിൽ വരാനൊരുങ്ങിയിരിക്കുകയായിരുന്നു. പ്ലസ്ടുവിനു ഫുൾ A+ വാങ്ങിയ ലിഡിയയ്ക്ക് മൊബൈൽ ഗിഫ്റ്റ് വാങ്ങിയിട്ടുണ്ടെന്നും, രണ്ടാഴ്ചയ്ക്ക് ശേഷം വരുമ്പോൾ ബെംഗളൂരുവിൽ നഴ്സിംഗ് കോളേജിൽ കൊണ്ടുവിടാമെന്നും പറഞ്ഞിരുന്നു. ഇളയ മകൾ ലോയിസ് 5–ാം ക്ലാസിൽ പഠിക്കുന്നു.
Advertisemen