100 പേർക്ക് സൗജന്യ കൃത്രിമ കാൽ വിതരണത്തിനൊരുങ്ങി ലൈഫ് ആൻഡ് ലിംബ്

100 പേർക്ക് സൗജന്യ കൃത്രിമ കാൽ വിതരണത്തിനൊരുങ്ങി ലൈഫ് ആൻഡ് ലിംബ്

അടൂർ: ലൈഫ് ആൻഡ് ലിംബ് സൗജന്യ കൃത്രിമ കാൽ വിതരണം ഡിസം. 21ന് (ശനിയാഴ്‌ച) ഉച്ചയ്ക്ക് 1:30 ന് പന്തളം ഈഡൻ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ നടക്കും.  തെരഞ്ഞെടുക്കപ്പെട്ട 100 പേർക്കായി 115 കാലുകളാണ് നൽകുന്നത്. ഒരു കാലിന് ഏകദേശം രണ്ട് ലക്ഷം രൂപ നിരക്കു വരുന്ന കാലുകളാണ് സൗജന്യമായി നൽകുന്നത്. ലൈഫ് ആൻഡ് ലിംബ് 204 ആളുകളെയാണ് ഏറ്റവും മികച്ച കൃത്രിമക്കാൽ നൽകി മുൻവർഷങ്ങളിൽ സഹായിച്ചത്.

ലൈഫ് ആൻഡ് ലിംബിന്റെ ആഭിമുഖ്യത്തിൽ, ജോളി ജോൺ ബാംഗ്ലൂർ രചിച്ച "പ്രതീക്ഷയുടെ ചുവടുകൾ" എന്ന പുസ്‌തകവും അന്നേദിവസം പ്രകാശനം ചെയ്യുന്നതാണ്. പ്രൊഫ. ഗോപിനാഥ് മുതുകാട്, ഫാ. ഡേവിസ് ചിറമേൽ, ചാണ്ടി ഉമ്മൻ എംഎൽഎ, ഫാ. ബോബി ജോസ് കട്ടിക്കാട്, അഡ്വ. ജയഡാലി എം വി, അഡ്വ. വർഗീസ് മാമ്മൻ, പോൾ കറുകപ്പള്ളിൽ എന്നിവരും, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മറ്റു വിശിഷ്ട അതിഥികളും, മാധ്യമപ്രവർത്തകരും ഈ ചടങ്ങിൽ പങ്കെടുക്കും.

2011-ൽ അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവൽ കേരളം സന്ദർശിച്ച സമയം ഒരു കാലു നഷ്ടപ്പെട്ട മനുഷ്യനെ കണ്ടു. ആ സമയം തന്റെ ഹൃദയത്തിൽ ഒരു പ്രേരണ ഉണ്ടായതനുസരിച്ച്, ഓരോ വർഷവും നിർധനരായ 10 പേർക്ക് ഏറ്റവും നല്ല കൃത്രിമക്കാൽ നൽകി സഹായിക്കണമെന്ന് തീരുമാനിച്ചു.

2014ൽ ജോൺസൺ സാമുവൽ  സ്വന്തമായി സാമ്പത്തികം ചെലവഴിച്ച് കോശി വർഗീസിന്റെ സഹകരണത്തോടെ, ലൈഫ് ആൻഡ് ലിംബ് എന്ന സംഘടന രൂപീകരിക്കുകയും, ഓട്ടോ ബോക്ക് എന്ന ജർമ്മൻ കമ്പനിയിൽ നിന്നും ഒരു കാലിന് ഏകദേശം രണ്ട് ലക്ഷം രൂപ നിരക്കു വരുന്ന കൃത്രിമക്കാലുകൾ വാങ്ങി 20 പേരെ സഹായിക്കുകയും ചെയ്‌തു.

ഈ മഹത്തായ പ്രവർത്തനം കണ്ടപ്പോൾ തന്റെ സഹോദരങ്ങളും സുഹൃത്തുക്കളും സാമ്പത്തിക സഹായവുമായി മുന്നോട്ടു വരികയും, സഹായിക്കുന്നവരുടെ എണ്ണം 20 ൽ നിന്ന് 30, 40, 50 എന്നിങ്ങനെ ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരുന്നു. ലൈഫ് ആൻഡ് ലിംബ് ഇതുവരെ 204 ആളുകളെയാണ് ഏറ്റവും മികച്ച കൃത്രിമക്കാൽ നൽകി സഹായിച്ചത്. 

2023 നവംബറിൽ, മാവേലിക്കര, വെട്ടിയാറിൽ ലൈഫ് ആൻഡ് ലിംബ് എന്ന പേരിൽ ഒരു ക്ലിനിക്ക് ആരംഭിച്ചു. ഇതിലൂടെ കാലുകൾ നഷ്ടപ്പെട്ടവർക്ക് കൂടുതൽ മികച്ച സേവനം നൽകാൻ കഴിയുന്നു.

ഈ വർഷം (2024) 100 പേർക്ക് കാലുകൾ നൽകാമെന്ന് ജോൺസൺ സാമുവൽ തയ്യാറെടുക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അർഹരായ ആളുകളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക യോഗ്യത മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിരുന്നു.

60 വയസ്സിൽ താഴെയുള്ള, കൃത്രിമ‌ കാൽ ഉപയോഗിക്കുവാൻ തടസ്സമില്ലാത്ത, സാമ്പത്തികമായി പിന്നോക്കമുള്ളവരെയാണ് ഈ വർഷം തിരഞ്ഞെടുത്തത്. രജിസ്ട്രേഷൻ ഓപ്പൺ ആയതിനുശേഷം മൂന്നുമാസത്തിനുള്ളിൽ വെബ്‌സൈറ്റിൽ (www.lifeandlimbs.org) 427 പേർ രജിസ്റ്റർ ചെചെയ്തിരുന്നു. അതിൽനിന്നും നിബന്ധനകൾ പ്രകാരം വിശദമായി പരിശോധിച്ച്, അർഹരായ 100 പേരെ തിരഞ്ഞെടുത്തു. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും, കൂടാതെ തമിഴ്‌നാട്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നും ആളുകളെ ഞങ്ങൾ ഇത്തവണ തിരഞ്ഞെടുത്തിട്ടുണ്ട്. ഇപ്പോൾ കാലിന്റെ അളവെടുക്കൽ, പാർട്‌സ് ഓർഡർ ചെയ്യൽ, ഫിറ്റിംഗ്, പരിശീലനം എന്നിവ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കാലുകൾ നഷ്ടപ്പെട്ടവർക്ക് ചലനശേഷിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും, അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാനും ലൈഫ് ആൻഡ് ലിംബിനു കഴിയുന്നു.

ലൈഫ് ആൻഡ് ലിംബ് മാനേജിംഗ് ഡയറക്‌ട്ടറായി കോശി വർഗീസ്, മാനേജറായി ജോളി ജോൺ, ബോർഡ് അംഗങ്ങളായി ഫ്രെഡി ലൂയിസ്, സുരേഷ് കുമാർ, പ്രവീൺ ഇറവങ്കര, രാജൻ കൈപ്പള്ളിൽ, സതീഷ് ഫിലിപ്പ് എന്നിവരും പ്രവർത്തിക്കുന്നു

Advertisement