മാരാമൺ കൺവെൻഷൻ ഫെബ്രു. 9 ഞായറാഴ്ച തുടക്കം

മാരാമൺ കൺവെൻഷൻ ഫെബ്രു. 9 ഞായറാഴ്ച തുടക്കം

ചാക്കോ കെ തോമസ്

മാരാമൺ : ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരമൺ കൺവെൻഷന്റെ 130-ാമത് യോഗം ഞായറാഴ്ച മുതൽ 16 വരെ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും.

ഞായറാഴ്ച 2.30-ന് സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ കൺവെൻഷൻ ഉദ്ഘാടനംചെയ്യും.

അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ.ഡോ.ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ.ഡോ.വിക്ടർ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ന്യുഡൽഹി) എന്നിവരാണ ഈ വർഷത്തെ മുഖ്യ പ്രസംഗകർ .

സഭയിലെ തിരുമേനിമാരെ കൂടാതെ വിവിധ സഭകളുടെ മേൽപ്പട്ടക്കാരും പ്രസംഗിക്കും. 

ഡി.എസ്.എം.സി.യുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് ഗാനങ്ങൾ ആലപിക്കും.

16-ന് പകൽ 2.30-ന് നടക്കുന്ന യോഗത്തിൽ മാർത്തോമാ സഭ പരമാധ്യക്ഷൻ സമാപന സന്ദേശം നൽകുന്നതോടെ ഈ വർഷത്തെ കൺവെൻഷൻ സമാപിക്കും.

 കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സുവിശേഷ പ്രസംഗസംഘം സെക്രട്ടറി റവ.എബി കെ.ജോഷ്വാ, ട്രഷറർ ഡോ.എബി തോമസ് ,വാരിക്കാട് എന്നിവർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കൺവെൻഷൻ ക്രമീകരണങ്ങളിൽ സഹകരിക്കുന്നു. പൂർണമായും പരിസ്ഥിതി സൗഹൃദമായിട്ടാണ് മാരാമൺ കൺവെൻഷൻ ക്രമീകരണം ചെയ്യുന്നത്.

ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലിന്റെ പണി ബുധനാഴ്ച പൂർത്തിയാകും. കൺവെൻഷന്റെ കുട്ടിപ്പന്തലും ഇടവകയുടെ നേതൃത്വത്തിൽ ക്രമീകരിച്ചു.സഭയുടേയും സുവിശേഷസംഘത്തിന്റെയും സഭയിലെ അനുഗ്രഹീത സംഘടനകളുടേയും നേതൃത്വത്തിലുള്ള വിവിധ സ്റ്റാളുകളും മണൽപ്പുറത്ത് പ്രവർത്തിക്കും.സംഘത്തിന്റെ മിഷൻ ഫീൽഡുകളുടെ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന എക്സിബിഷനും ക്രമീകരിക്കുന്നുണ്ട്. 

101 ഗാനങ്ങൾ അടങ്ങിയ പാട്ടുപുസ്തകം തയ്യാറായിട്ടുണ്ട്. 

കൺവെൻഷൻ നഗറിലേക്കുള്ള പാലം പണിയും പൂർത്തിയായി. മാരാമൺ കൺവെൻഷന്റെ ആവശ്യത്തിലേക്ക് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. പ്രത്യേകം ബസുകൾ 

സ്പെഷ്യൽ സർവീസായി നടത്തുമെന്ന് ഭാരവാഹികളായ റവ.ജിജി വറുഗീസ്, പ്രൊഫ.ഏബ്രഹാം പി.മാത്യു എന്നിവർ അറിയിച്ചു.