കഷ്ടങ്ങളിൽ വലിയ തുണ
റവ. ജോർജ് മാത്യു പുതുപ്പള്ളി
സൗത്ത് കൊറിയയുടെ പ്രസിഡണ്ടായിരുന്ന കിം ഡിയെ ജങിന് (Kim Dae Jung) 2000 ഡിസംബർ 10 ന് സമാധാനത്തിനു വേണ്ടിയുള്ള നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി.
നോർത്ത് കൊറിയയുമായുള്ള സമാധാന ശ്രമങ്ങൾക്കാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. ആ സന്ദർഭത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള അനേകായിരങ്ങൾ അദ്ദേഹത്തിനു അനുമോദനം അർപ്പിക്കുവാൻ ചേർന്ന ചടങ്ങിൽ സംബന്ധിച്ചിരുന്നു. അവാർഡ് സ്വീകരിച്ചുകൊണ്ടു പ്രസംഗിക്കുമ്പോൾ കിം ഡിയെ ജങ് കർത്താവായ യേശുക്രിസ്തുവിനു നന്ദി കരേറ്റിക്കൊണ്ട് തന്റെ ജീവിതത്തിലെ കഴിഞ്ഞകാല അനുഭവങ്ങളെ ഇപ്രകാരം വെളിപ്പെടുത്തി :
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എന്നെ ഏറ്റവുമധികം എതിർത്തിരുന്ന സൗത്ത് കൊറിയയിൽ ഉണ്ടായിരുന്ന ജപ്പാന്റെ ഒരു ഏജന്റ് ഒരിക്കൽ എന്റെ കൈകാലുകൾ ബന്ധിച്ച് എന്നെ ഒരു ബോട്ടിൽ കയറ്റി നാടുകടത്തിയതാണ്. അമേരിക്കൻ സൈന്യത്തിന് എന്നെ ആ അവസരത്തിൽ രക്ഷിക്കുവാൻ സാധിച്ചില്ല. ഇതുപോലെ അഞ്ച് പ്രാവശ്യം ഞാൻ മരണത്തിന്റെ വക്കോളം എത്തിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ജപ്പാൻകാർ എന്നെ ആറു വർഷം ജയിലിലിട്ട് ക്രൂരമായി ഉപദ്രവിച്ചു. നാല്പതു വർഷം ഞാൻ വീട്ടുതടങ്കലിൽ ആയിരുന്നു.'
'ഈ സമയമെല്ലാം യേശുകർത്താവ് എന്നോടു കൂടെയുണ്ടെന്നുള്ള അമിതവിശ്വാസമാണ് എന്നെ ധൈര്യപ്പെടുത്തിയത്. 'കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണ' എന്ന ദൈവവചനമാണ് എന്നെ ബലപ്പെടുത്തിയത്. ഇപ്പോഴെനിക്ക് 76 വയസുണ്ട്. ഈ സമയംവരെ സർവശക്തനായ ദൈവം എനിക്ക് അനുകൂലമായിരുന്നു. മനുഷ്യർ എന്നെ കഠിനമായി എതിർത്തപ്പോഴും ദൈവം എന്നെ അവരിൽനിന്ന് രക്ഷിച്ചു.'
ദൈവം തെരഞ്ഞെടുത്തവരെക്കുറിച്ച് വിശുദ്ധ പൗലൊസ് ചോദിക്കുന്നത് : 'ദൈവം നമുക്ക് അനുകൂലമെങ്കിൽ പ്രതികൂലം ആർ ?' എന്നത്രെ (റോമർ 8 : 31).ദൈവത്തിൽ നിന്നു ലഭിക്കുന്ന സുരക്ഷിതത്വത്തെ ലോകശക്തികൾക്ക് തകർക്കുവാൻ സാധിക്കുകയില്ലെന്ന വിശ്വാസവും ഉറപ്പും നമുക്കുണ്ടാകണം.വിശുദ്ധ പൗലൊസിനെ തകർത്തുകളയുവാൻ സാത്താന്യശക്തികൾ പല പ്രാവശ്യം ശ്രമിക്കുകയുണ്ടായി. അനവധി പ്രാവശ്യം തന്റെ ശരീരത്തിൽ പീഡകളേറ്റിരുന്നുവെന്ന് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ഏറ്റ അടികളുടെയും ക്ലേശങ്ങളുടെയും ഒരു നീണ്ട പട്ടിക തന്നെ വിശുദ്ധ ബൈബിളിൽ പ്രസ്താവിക്കുന്നുണ്ട്.
അതത് സമയങ്ങളിൽ വിശുദ്ധ പൗലൊസിനു നേരിട്ട പീഡകളിൽനിന്നുള്ള വിടുതൽ വിവിധ തരത്തിൽ ദൈവം അദ്ദേഹത്തിനു നൽകി. രാജാക്കന്മാരും റോമൻ ഭരണാധികാരികളും പൗലൊസിനെ കൊല്ലുവാൻ നോക്കി. 'സിംഹത്തിന്റെ വായിൽനിന്ന് ദൈവം എന്നെ വിടുവിച്ചു' എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇന്നും ലോകത്തിന്റെ അനേക ഭാഗങ്ങളിൽ നിരവധി ദൈവമക്കൾ സുവിശേഷത്തിനുവേണ്ടി പീഡനങ്ങൾ സഹിക്കുന്നുണ്ട്. അവരെയും ആശ്വസിപ്പിക്കുവാനും ബലപ്പെടുത്തുവാനും മഹാദൈവമായ യേശുകർത്താവ് ഇന്നും ശക്തനാണ്.
ചിന്തക്ക് : 'ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി, യെഹൂദന്മാരാൽ ഞാൻ ഒന്നു കുറയ നാല്പത് അടി അഞ്ചുവട്ടം കൊണ്ടു. ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽശ്ചേദത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു, നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസഹോദരന്മാരാലുള്ള ആപത്ത്, അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണ സംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്' (2 കൊരിന്ത്യർ 11 : 23...28).