അവിശ്വസ്തതയുടെ അന്ത്യം

അവിശ്വസ്തതയുടെ അന്ത്യം

റവ. ജോർജ്മാത്യു പുതുപ്പള്ളി

ൻപതാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ചാർലി മാഗ്നെൻ ചക്രവർത്തി ഒരു ക്രിസ്തീയ ദേവാലയം പണിതുകഴിഞ്ഞപ്പോൾ അതിൽ സ്ഥാപിക്കുന്നതിന് മനോഹരമായ ഒരു വലിയ പള്ളിമണി നിർമ്മിക്കുവാൻ തീരുമാനിച്ചു. ടാൻചോ എന്ന ശിൽപിയെ അതിന്റെ പണിക്കായി നിയമിച്ചു. ആ ശിൽപി ആവശ്യപ്പെട്ടതനുസരിച്ച് ചെമ്പ്, വെള്ളി എന്നിവയെല്ലാം പള്ളിമണിയുടെ നിർമ്മാണത്തിനു വേണ്ടി രാജകീയ ഖജനാവിൽ നിന്നും നൽകി. എന്നാൽ പണി ആരംഭിച്ചു കഴിഞ്ഞപ്പോൾ ശിൽപിയിൽ ദ്രവ്യാഗ്രഹം അങ്കുരിച്ചു. അയാൾ ശുദ്ധമായ വെള്ളിക്കു പകരം ഈയം ചേർത്ത വെള്ളികൊണ്ട് പള്ളിമണി പൂർത്തീകരിച്ചു. പള്ളിമണി രാജാവിനു നൽകിയപ്പോൾ രാജാവ് ശിൽപിക്ക് ധാരാളം സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

താമസിയാതെ പള്ളിമണി ദേവാലയത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചു. പുതിയ പള്ളിയുടെ പ്രവേശനച്ചടങ്ങ് നിർവഹിച്ചുകൊണ്ടിരുന്നപ്പോൾ പള്ളിമണി മുഴക്കുവാൻ ഏല്പിച്ചിരുന്ന വ്യക്തിക്ക് മണിയിൽ നിന്നും ശബ്ദം പുറപ്പെടുവിക്കുവാൻ കഴിയാതെ പോയി. ഒടുവിൽ പള്ളിമണി നിർമ്മിച്ച ശിൽപിയെ രാജാവ് ദേവാലയത്തിൽ വിളിച്ചു വരുത്തി പള്ളിമണി  മുഴക്കിക്കേൾപ്പിക്കുവാൻ ആജ്ഞാപിച്ചു

ഈയം കലർന്ന മണിയുടെ നാക്കുകൊണ്ട് അടിക്കുമ്പോൾ ചിലമ്പിച്ച സ്വരം കേൾക്കാതിരിക്കുവാൻ ശിൽപി വളരെ ശക്തിയായി പള്ളിമണി ആഞ്ഞടിച്ചു. എന്നാൽ ആ കൃത്യത്തിൽ പള്ളിമണിയുടെ നാക്ക് അടർന്നു നേരെ താഴേക്കു പതിച്ചു. അത് വന്നു വീണത് ശിൽപിയുടെ ശിരസിൽത്തന്നെയായിരുന്നു. സ്വയം ചെയ്ത വഞ്ചനയുടെ ഫലമായി ശിൽപി അവിടെ മരിച്ചുവീണു.

വിശുദ്ധ വേദപുസ്തകം പറയുന്നു : 'മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യും. ജഡത്തിൽനിന്നും വിതയ്ക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും. ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്നും നിത്യജീവനെ കൊയ്യും' (ഗലാത്യർ 6 : 8). കാരണം ജഡത്തിന്റെ ഫലങ്ങൾ നാശം കൊയ്യുന്നതുതന്നെയാണ് (ഗലാത്യർ 5 : 19...21).എന്നാൽ ആത്മാവിന്റെ ഫലങ്ങളായ അനുഗ്രഹങ്ങൾ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും കൊയ്തെടുക്കുവാൻ കഴിവുള്ളവയാണ് (ഗലാത്യർ 5 : 22, 23).

പ്രിയ സഹോദരങ്ങളെ, നമ്മുടെ കഴിഞ്ഞകാല ജീവിതത്തെ ആകമാനമൊന്നു പരിശോധിക്കാം. നമ്മിൽ ജഡത്തിന്റെ സ്വഭാവങ്ങൾ ഉണർന്ന് പാപം വിതച്ചിട്ടുണ്ടെങ്കിൽ അതു കാണിച്ചുതരുവാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം. ചെയ്തു പോയ പാപങ്ങൾ ഏറ്റു പറഞ്ഞ് അനുതാപത്തോടെ മടങ്ങിവരാം.

ചിന്തക്ക് : 'അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു' (2 കൊരിന്ത്യർ 5 : 10).

Advertisement 

Advertisement