വചനം നമ്മുടെ സന്തതസഹചാരി
റവ.ജോർജ് മാത്യു പുതുപ്പള്ളി
ഇംഗ്ലണ്ടിലെ പ്രശസ്ത കവിയായിരുന്ന ആൽഫ്രഡ് ടെന്നിസൺ തന്റെ ഉദ്യാനത്തിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന റോസാച്ചെടികളെ പരിചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവിടെ കടന്നുവന്ന ഒരു സുഹൃത്ത് ആ റോസാപ്പൂക്കളുടെ മനോഹാരിത കണ്ട് തന്റെ സന്തോഷം ടെന്നിസനെ അറിയിച്ചു.
അതേ സമയം ടെന്നിസന്റെ പോക്കറ്റിലെ ഒരു ചെറിയ വേദപുസ്തകം കണ്ട് സുഹൃത്ത് ചോദിച്ചു : 'ഈ പുസ്തകം എപ്പോഴും താങ്കളുടെ കയ്യിൽ ഉണ്ടായിരിക്കുമോ ?'
ടെന്നിസൻ വളരെ സന്തോഷത്തോടെ പറഞ്ഞു : 'വിശുദ്ധ വേദപുസ്തകം എന്റെ സന്തത സഹചാരിയാണ്. എപ്പോഴും എനിക്ക് ദൈവവചനം ആവശ്യമാണ്. എപ്പോൾ വചനം വായിക്കണമെന്ന് എനിക്കു തോന്നുന്നുവോ അപ്പോൾ വായിക്കുവാൻ തക്കവണ്ണം വിശുദ്ധ ബൈബിൾ എപ്പോഴും എന്റെ പക്കൽ ഉണ്ടായിരിക്കും.'
'താങ്കളെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തു ആരാണ് ?' സുഹൃത്ത് പിന്നെയും ആരാഞ്ഞു. 'നോക്കൂ, ഈ റോസാപ്പൂക്കൾക്ക് സൂര്യൻ എത്രമാത്രം ആവശ്യമായിരിക്കുന്നുവോ അതിലധികം യേശുക്രിസ്തു എനിക്ക് അനിവാര്യമാണ്.' ടെന്നിസനെപ്പോലെ പ്രശസ്തരും പ്രഗത്ഭരുമായ അനേകർക്ക് യേശുക്രിസ്തു എന്ന മഹാവ്യക്തിത്വം ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായിരുന്നു. സൂര്യൻ റോസാപ്പൂവിന്റെ പ്രൗഡിക്കും സൗന്ദര്യത്തിനും പിന്നിൽ അതിന് ഊർജ്ജവും വെളിച്ചവും പകർന്നു നിലനിർത്തുന്നതുപോലെ ലോകത്തിന്റെ വെളിച്ചമായ യേശുക്രിസ്തു അവനോട് ചേർന്നുനിൽക്കുന്നവർക്ക് എല്ലാമെല്ലാമായിത്തീരുന്നു.
ശിമോൻ പത്രൊസ് പ്രഖ്യാപിക്കുന്നു : 'ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോട് അറിയിച്ചത് നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ' (2 പത്രൊസ് 1 : 16). മറുരൂപമലയിൽ വച്ച് തങ്ങളോടു കൂടെയിരുന്ന മഹാദൈവമായ യേശുകർത്താവിന്റെ യഥാർത്ഥ ദിവ്യരൂപം ഈ ശിഷ്യൻ തന്റെ നഗ്നനേത്രങ്ങളാൽ കണ്ടിരുന്നു. അതിനു ശേഷം നീണ്ട വർഷങ്ങൾ കഴിഞ്ഞിട്ടും പത്രൊസിൽ നിന്നും ആ മഹിമയുടെ തേജസ് മങ്ങിപ്പോയിരുന്നില്ല. യേശുവിന്റെ മഹിമയുടെ തേജസ് പത്രൊസിന്റെ ജീവിതത്തിൽ ഉടനീളം എല്ലാ വിഷയത്തിലും മരണംവരെ പ്രകാശിച്ചിരുന്നു.
പ്രിയപ്പെട്ട സഹോദരങ്ങളെ, നിങ്ങളുടെ ജീവിതം അന്ധകാരമായിത്തീർന്നിരിക്കുന്നു എന്ന് നിങ്ങൾക്കു തോന്നുന്നുവോ ? നിങ്ങൾ ജീവിതപ്രശ്നങ്ങളുടെ നടുവിൽ തപ്പിത്തടഞ്ഞ് തകർന്നു പോകുമെന്ന് ഭയപ്പെടുന്നുവോ ? നിങ്ങളെ സഹായിക്കുവാൻ തൊട്ടരികിൽ നിൽക്കുന്ന യേശുകർത്താവിൽ ജീവന്റെ പ്രകാശമുണ്ട്. അവനെ വിശ്വസിക്കുന്നവരിലേക്ക് ആ ജീവന്റെ പ്രകാശം കടന്നു ചെല്ലുന്നു.
ചിന്തക്ക് : 'ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല. സകലവും അവന്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു. അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്' (എബ്രായ ർ 4 : 12 & 13).