ദ്രവ്യാഗ്രഹം ഒഴിഞ്ഞുകൊൾക
റവ. ജോർജ് മാത്യു പുതുപ്പള്ളി
ദ്രവ്യാഗ്രഹം ദൈവശക്തിയെ കെടുത്തിക്കളയുന്നു. ജീവിക്കുവാൻ ആവശ്യത്തിനുവേണ്ട പണം ആഗ്രഹിക്കുന്നതും സമ്പാദിക്കുന്നതും ന്യായമാണ്. അത് ദ്രവ്യാഗ്രഹമല്ല. എന്നാൽ പണത്തോടുള്ള ആർത്തിയും ദൈവത്തെക്കാൾ അതിനോടുള്ള സ്നേഹവും ദ്രവ്യാഗ്രഹമാണ്. ഇതായിരുന്നു അപ്പൊസ്തലന്മാരിൽ ഒരുവനായിരുന്ന ഇസ്കര്യോത്ത യൂദയെ നശിപ്പിച്ചത്. പണം ശേഖരിക്കുവാനും സൂക്ഷിക്കുവാനുമുള്ള സാധാരണ ആഗ്രഹം അവനുണ്ടായി. അതിൽ പാപമില്ലായിരുന്നു. എന്നാൽ അവൻ പോലുമറിയാതെ ആ ആഗ്രഹം വളർന്ന് അവനെ നശിപ്പിച്ചു.
ആത്മശക്തി ധാരാളമായി അനുഭവിച്ചുകൊണ്ടിരുന്ന ഒരു ശുശ്രൂഷകന് പണം വർദ്ധിച്ചു. അതിന്റെ പരീക്ഷ അദ്ദേഹത്തെ ബാധിക്കുവാൻ തുടങ്ങി. അത് ദ്രവ്യാഗ്രഹമായി. ന്യായമായി സമ്പാദിച്ചതാണല്ലോ എന്നോർത്ത് അദ്ദേഹം സ്വയം നീതീകരിച്ചു. എന്നാൽ ദൈവത്തിന്റെ ആത്മാവിന് അദ്ദേഹത്തിന്റെ ജീവിതത്തിൽ സ്ഥാനമില്ലാതെയായി.
ദ്രവ്യാഗ്രഹം അതിജാഗ്രതയോടുകൂടി തിരിച്ചറിയേണ്ടതാണ്. പാപങ്ങൾ അധികം ചെയ്യാത്ത വിശുദ്ധന്മാരായിരിക്കും സാത്താന്റെ കുടിലതന്ത്രങ്ങളിൽപ്പെട്ട് ഏറ്റവും വലിയ ദ്രവ്യാഗ്രഹികളായി വിരാജിക്കുന്നത്. മാനദണ്ഡം വച്ച് അളന്ന് ഒരാൾ ദ്രവ്യാഗ്രഹിയാണോ എന്നു കണ്ടുപിടിക്കുവാനും പ്രയാസമാണ്. മറ്റ് ഏതു പാപങ്ങളും മാനദണ്ഡം വച്ച് കണ്ടുപിടിക്കാം. ദ്രവ്യാഗ്രഹം അവനവൻ തന്നെ കണ്ടുപിടിക്കേണ്ടതാണ്. മനസാണ് അതിന്റെ അടിത്തറ. അവിടെ കിടക്കുന്ന ആഗ്രഹങ്ങൾ ദൈവവും ആ വ്യക്തിയും മാത്രമാണ് അറിയുന്നത്.
മറ്റുള്ളവർ ദ്രവ്യാഗ്രഹമുള്ളവരാണെന്ന് തെളിയിക്കുവാനും അവരെ ശിക്ഷിക്കുവാനുമുള്ള അളവുകോൽ ആരുടെയും കൈവശമില്ല. അവനവൻ ദൈവത്തോടും സ്വന്തം മന:സാക്ഷിയോടും ചോദിച്ച് അക്കാര്യം കണ്ടുപിടിക്കുകയും തിരുത്തുകയും വേണ്ടതാണ്. പാപത്തെ പ്രാണത്യാഗത്തോളം എതിർക്കുക എന്ന ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ദ്രവ്യാഗ്രഹവും ഉന്മൂലനം ചെയ്യേണ്ടതാണ്. ദ്രവ്യാഗ്രഹം ധനികരിൽ മാത്രമല്ല ദരിദ്രരിലും ഉണ്ടാകുന്നതാണ്. ദ്രവ്യാഗ്രഹം തൊട്ടുതീണ്ടാത്ത ധനികരും, കടുത്ത ദ്രവ്യാഗ്രഹികളായ ദരിദ്രരുമുണ്ട്. അതിനാൽ ഉള്ളവനും ഇല്ലാത്തവനും ഈ വിഷയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
ദൈവശക്തിയെ ഹനിച്ചു കളയുന്ന ഒരു പാപസ്വഭാവം കൂടിയത്രേ ദ്രവ്യാഗ്രഹം. ദൈവശക്തിയുടെ ശത്രുക്കളിൽവച്ച് ഏറ്റവും വലിയ അപകടകാരിയാണിത്. ആയതിനാൽ വിശ്വാസികളും ശുശ്രൂഷകരും ഇതിനെ ഏറ്റവും ഭയപ്പെടേണ്ടതാണ്. പ്രതിഷ്ഠയിൽ തെറ്റാത്തവരും അധികം പാപങ്ങളിൽ വീഴാത്തവരുമായ ആത്മീയരെയായിരിക്കും സാത്താൻ ദ്രവ്യാഗ്രഹമെന്ന പാപത്തിനു കൂടുതലായും അടിമകളാക്കുവാൻ ശ്രമിക്കുക. എന്തു ത്യാഗം സഹിച്ചും നമുക്ക് ദ്രവ്യാഗ്രഹമെന്ന പാപത്തെ വിട്ടൊഴിയാം.
ചിന്തക്ക് : 'ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ ക്യാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു' (1 തിമൊഥെയൊസ് 6 : 8...11).